Saturday, June 11, 2011

പരിയാരം മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സംഘടിതശ്രമം

കണ്ണൂര്‍ : പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ സംഘടിത ശ്രമം. വടക്കന്‍ മലബാറില്‍ കുറഞ്ഞ ചെലവില്‍ അത്യന്താധുനിക ചികിത്സയും കച്ചവടതാല്‍പര്യമില്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസവും പ്രാവര്‍ത്തികമാക്കുന്ന സ്ഥാപനം തകര്‍ക്കുകയാണ് യുഡിഎഫിന്റെയും സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അഞ്ചുവര്‍ഷത്തെ പ്രവേശനവും സാമ്പത്തിക ഇടപാടുകളും മാത്രം പരിശോധിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എം വി രാഘവനും മറ്റും മെഡിക്കല്‍ കോളേജിനെ സ്വകാര്യസ്വത്താക്കിയപ്പോള്‍ ആര്‍ക്കും പാരതിയുണ്ടായില്ല. സര്‍ക്കാര്‍ ഭൂമിയില്‍ സഹകരണ മേഖലയുടെ പണം ഉപയോഗിച്ച് പണിത സ്ഥാപനം കൊള്ളയടിച്ചപ്പോഴും യുഡിഎഫ് നേതാക്കളോ, മാധ്യമങ്ങളോ രോഷം കൊണ്ടില്ല. ഇപ്പോള്‍ സ്വകാര്യ സ്വാശ്രയ ലോബിയുടെ വിദ്യാഭ്യാസക്കച്ചവടത്തിന് മറയിടാനാണ് ആരോപണങ്ങളെല്ലാം പരിയാരത്തിനുനേരെ തിരിച്ചുവിടുന്നതെന്ന് വ്യക്തം.

2007 സെപ്തംബര്‍ 23ന് അധികാരത്തില്‍ വന്ന സഹകരണ-ജനാധിപത്യമുന്നണിയാണ് പരിയാരത്ത് വിദ്യാര്‍ഥി പ്രവേശനം മെറിറ്റടിസ്ഥാനത്തിലാക്കിയത്. അതാവട്ടെ സര്‍ക്കാര്‍ നിശ്ചയിച്ച 50: 50 അനുപാതത്തിലുമല്ല. 85 ശതമാനവും മെറിറ്റടിസ്ഥാനത്തിലായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയും ഇതാണ് തുടര്‍ന്നത്. സ്വാശ്രയ സ്ഥാപനങ്ങള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിലേക്ക് നല്‍കണമെന്നാണ് ഈ വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ജൂണ്‍ ഏഴിന് മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് എംബിബിഎസ്, ബിഡിഎസ്, നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ എന്നീ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് 85 ശതമാനവും മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്ന് ഉറപ്പുനല്‍കി. 2007 മുതല്‍ റസീറ്റ് നല്‍കാതെ ഒരുപൈസ പോലും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിട്ടില്ല. എം വി രാഘവന്‍ ചെയര്‍മാനായപ്പോള്‍ മെറിറ്റ് സീറ്റുണ്ടായിരുന്നില്ല. അന്ന് ഭരണസമിതി അംഗങ്ങള്‍ വീതംവയ്ക്കുകയായിരുന്നു. മാനേജ്മെന്റ് (പ്രിവിലേജ്), എന്‍ആര്‍ഐ എന്നീ രീതിയിലായിരുന്നു പ്രവേശനം. ഫീസ് ഘടനയും ഉണ്ടായില്ല. ഡവലപ്മെന്റ് ഫീസ് എന്ന പേരിലാണ് ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങിയത്. ഇതില്‍ ഒരു പങ്ക് ഭരണസമിതി അംഗങ്ങളുടെ പോക്കറ്റിലുമെത്തി.

കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുന്നത് പരിയാരത്താണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മാത്രം മെഡിക്കല്‍ കോളേജിന് മൂന്നു കോടി രൂപയാണ് ഏഴു മാസത്തെ ചെലവ്. 1.20 കോടിയാണ് ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികള്‍ക്ക് 20 ശതമാനം വരെ ഇളവും നല്‍കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളായ താലോലം, ക്യാന്‍സര്‍ സുരക്ഷ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സഹായം, വിവിധ റീ-ഇമ്പേഴ്സ്മെന്റ് പദ്ധതികള്‍ എന്നിവയും പരിയാരത്ത് ഫലപ്രദമായി നടക്കുന്നുണ്ട്.

deshabhimani 110611

1 comment:

  1. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ സംഘടിത ശ്രമം. വടക്കന്‍ മലബാറില്‍ കുറഞ്ഞ ചെലവില്‍ അത്യന്താധുനിക ചികിത്സയും കച്ചവടതാല്‍പര്യമില്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസവും പ്രാവര്‍ത്തികമാക്കുന്ന സ്ഥാപനം തകര്‍ക്കുകയാണ് യുഡിഎഫിന്റെയും സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അഞ്ചുവര്‍ഷത്തെ പ്രവേശനവും സാമ്പത്തിക ഇടപാടുകളും മാത്രം പരിശോധിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എം വി രാഘവനും മറ്റും മെഡിക്കല്‍ കോളേജിനെ സ്വകാര്യസ്വത്താക്കിയപ്പോള്‍ ആര്‍ക്കും പാരതിയുണ്ടായില്ല. സര്‍ക്കാര്‍ ഭൂമിയില്‍ സഹകരണ മേഖലയുടെ പണം ഉപയോഗിച്ച് പണിത സ്ഥാപനം കൊള്ളയടിച്ചപ്പോഴും യുഡിഎഫ് നേതാക്കളോ, മാധ്യമങ്ങളോ രോഷം കൊണ്ടില്ല. ഇപ്പോള്‍ സ്വകാര്യ സ്വാശ്രയ ലോബിയുടെ വിദ്യാഭ്യാസക്കച്ചവടത്തിന് മറയിടാനാണ് ആരോപണങ്ങളെല്ലാം പരിയാരത്തിനുനേരെ തിരിച്ചുവിടുന്നതെന്ന് വ്യക്തം.

    ReplyDelete