Tuesday, June 7, 2011

പിടിപ്പുകേടുതന്നെ

യു പി എ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും വികലനയത്തിന്റെയും സ്വന്തം മൂക്കിനപ്പുറം കാണാനുള്ള കഴിവില്ലായ്മയുടേയും മകുടോദാഹരണമാണ് ബാബ രാംദേവിന്റെ പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതി. നാടും ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അവയെല്ലാം യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം പ്രഖ്യാപിച്ച രാംദേവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്ന് നാലു കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചാനയിച്ചതു മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രാംലീല മൈതാനിയില്‍ അറസ്റ്റു ചെയ്യുന്നതുവരെ അരങ്ങേറിയ നാടകങ്ങള്‍ രാജ്യത്തിന്റെ യശസിനു കളങ്കം ചാര്‍ത്തുന്നവയായിരുന്നു.

ജനങ്ങളെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളാണ് അഴിമതിയും കള്ളപ്പണവും. ഇവ തടയണമെന്നത് ദേശീയ വികാരമായി വളര്‍ന്നിട്ടുണ്ട്. അന്നാ ഹാസാരെ നടത്തിയ നിരാഹാര സമരത്തിന് ലഭിച്ച പിന്തുണയില്‍ ആ വികാരമാണ് പ്രതിഫലിച്ചത്. നാടിന്റെ പൊതു വികാരം ഉള്‍ക്കൊണ്ടു അഴിതിക്കും കള്ളപ്പണത്തിനുമെതിരെ ഫലപ്രദമായ നടപടികളെടുക്കുന്നതിനു പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കുറുക്കുവഴികള്‍ തേടുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. ലോക്പാല്‍ ബില്‍ അടിയന്തരമായി കൊണ്ടുവരണമെന്നതായിരുന്നു ഹസാരെയുടെ സമരത്തിന്റെ മുഖ്യ ആവശ്യം. ഫലപ്രദമായ ലോക്പാല്‍ ബില്ലിനു വേണ്ടി കഴിഞ്ഞ നിരവധി ദശകങ്ങളായി പൊരുതുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളാണ്. എന്നാല്‍ ഇതേക്കുറിച്ച് ഇടതുപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. അന്നാ ഹസാരെയുടെ സമരത്തിന്  മാധ്യമങ്ങളും പൊതുവില്‍ ജനങ്ങളും പിന്തുണ നല്‍കുന്നതു കണ്ടപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു. സിവില്‍ സമൂഹമെന്ന അമൂര്‍ത്ത സംഘത്തിന്റെ പ്രതിനിധികളായി സ്വയം അവരോധിക്കപ്പെട്ടവരുമായി ചര്‍ച്ച നടത്തി. ലോക്പാല്‍ ബില്ലിന്റെ കരടു തയാറാക്കാന്‍ ഒരു സമിതിയെയും നിയോഗിച്ചു. അപ്പോഴും പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല.

അന്നഹസാരെയുടെ സമരത്തിനു മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങിയതു കണ്ടപ്പോള്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തുവരാന്‍ ഇതുതന്നെ അവസരമെന്ന രാംദേവിനു തോന്നി. അന്നാഹസാരെ ഗാന്ധിയനും ദീര്‍ഘകാലമായി അഴിമതിക്ക് എതിരായി പൊരുതുന്ന പൊതുപ്രവര്‍ത്തകനുമാണ്. രാംദേവാകട്ടെ യോഗയും ആയുര്‍വേദ മരുന്നും വിറ്റു പണമുണ്ടാക്കുന്ന നല്ലൊരു വാണിഭക്കാരനും. നൂറുകണക്കിനു കോടി രൂപയുടെ ആസ്തിയുള്ള രാംദേവിന്റെ ലക്ഷ്യം രാഷ്ട്രീയമാണ്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അദ്ദേഹം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍ എസ് എസുമായും മറ്റു സംഘപരിവാര്‍ സംഘടനകളുമായും ഉറ്റബന്ധം പുലര്‍ത്തുന്ന രാംദേവിന്റെ രാഷ്ട്രീയമോഹങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഏതുതരത്തില്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ് ബി ജെ പി നേതൃത്വം ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യമായി രാംദേവ് രംഗത്തുവന്നപ്പോള്‍ ആര്‍ എസ് എസ് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. രാംദേവിന്റെ സത്യഗ്രഹവേദിയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ സജീവസാന്നിധ്യമായിരുന്നു.

രാംദേവ് ആരാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ എന്താണെന്നും അറിയാത്തവരല്ല, പ്രണബ് മുഖര്‍ജിയെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ അവരെ നയിച്ചത് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങളായിരുന്നു. രാംദേവിനെ പാട്ടിലാക്കിയാല്‍ ഹിന്ദുവോട്ടു ബാങ്കില്‍ ഒരു പങ്ക് കോണ്‍ഗ്രസിനു ലഭിക്കുമെന്നു കണക്കുകൂട്ടി. എന്നാല്‍ രാംദേവും അദ്ദേഹത്തിനു പിന്നില്‍ ചരടുവലിച്ച സംഘപരിവാറും അതെല്ലാം തകര്‍ത്തു. മണിക്കൂറു വച്ച് നിലപാട് മാറ്റിയ രാംദേവ് കേന്ദ്രമന്ത്രിമാരെ ശരിക്കും കുരങ്ങുകളിപ്പിച്ചു. അതോടെ സര്‍ക്കാരിന്റെ സമനില തെറ്റുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ പൊലീസ് ഇരച്ചുകയറിയതും അക്രമം നടത്തിയതും സര്‍ക്കാരിന് ആത്മസംയമനം നഷ്ടപ്പെട്ടതിന്റെ തെളിവായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി രാംദേവിനെയും അന്നാഹസാരെയെയും പോലുള്ള വ്യക്തികളുമായി കൂടിയാലോചിച്ചും ഒത്തുതീര്‍പ്പുണ്ടാക്കിയും രാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കാമെന്ന ചിന്തയാണ് യു പി എ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും നയിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ് ഈ അരാഷ്ട്രീയവാദം. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ഇതിന് കനത്ത വില നല്‍കേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ അപക്വവും ദീര്‍ഘദൃഷ്ടിയില്ലാത്തതുമായ സമീപനം രാജ്യത്തിന് വരുത്തിവെച്ച ദുരന്തങ്ങളില്‍ നിന്നു കോണ്‍ഗ്രസ് നേതൃത്വം ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് രാംദേവിന്റെ സമരത്തെ കൈകാര്യം ചെയ്ത രീതി വ്യക്തമാക്കുന്നത്.

ജനയുഗം മുഖപ്രസംഗം 070611

1 comment:

  1. യു പി എ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും വികലനയത്തിന്റെയും സ്വന്തം മൂക്കിനപ്പുറം കാണാനുള്ള കഴിവില്ലായ്മയുടേയും മകുടോദാഹരണമാണ് ബാബ രാംദേവിന്റെ പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതി. നാടും ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അവയെല്ലാം യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം പ്രഖ്യാപിച്ച രാംദേവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്ന് നാലു കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചാനയിച്ചതു മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രാംലീല മൈതാനിയില്‍ അറസ്റ്റു ചെയ്യുന്നതുവരെ അരങ്ങേറിയ നാടകങ്ങള്‍ രാജ്യത്തിന്റെ യശസിനു കളങ്കം ചാര്‍ത്തുന്നവയായിരുന്നു.

    ReplyDelete