Tuesday, June 7, 2011

വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാത്ത അവസ്ഥ

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാത്ത അവസ്ഥ. ആകെയുള്ള 38 വിദ്യാഭ്യാസ ജില്ലകളില്‍ 34 എണ്ണത്തിലും ഡി ഇ ഒമാരില്ല. ഒഴിവുകള്‍ നികത്താത്തതാണ് കാരണം.  പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 18 നാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്.  23ന് വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കുകയും ഈ മാസം മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഡി ഇ ഒ മാരയും ഡി ഡി ഇമാരെയും നിയമിച്ച് ഉത്തരവിറക്കിയിട്ടില്ല. ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ നിയമനത്തിലും ഇതേ അവസ്ഥയാണ്. പ്രമോഷന്‍ വഴിയാണ് പ്രധാനാധ്യാപകരെ നിയമിക്കണ്ടത്. സംസ്ഥാനത്ത് അഞ്ഞൂറോളം സ്‌കൂളുകളില്‍ ഇപ്പോഴും പ്രധാന അധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ല. മറ്റൊരു അധ്യാപകന് പകരം ചുമതല നല്‍കിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. എ ഇ ഒമാരുടെ നിയമനവും നീളുകയാണ്. അധ്യാപകരുടെ പ്രമോഷന്‍ ശരിയാവുന്ന മുറക്കേ എ ഇ ഒ നിയമനവും നടക്കൂ. ഇങ്ങനെ പ്രധാന തസ്തികകളിലെല്ലാം ആളില്ലാത്തതു മൂലം വകുപ്പിലെ താഴെക്കിടയില്‍ ഭരണപരമായ സ്തംഭനമാണ് ഉടലെടുത്തിരിക്കുന്നത്.  

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണമെടുക്കുക ആറാമത്തെ പ്രവൃത്തിദിനമായ ഇന്നാണ്. കുട്ടികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ നിരവധി എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഭാവി തുലാസ്സിലാവും. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30 ആക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പുതിയ സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഹയര്‍ സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പാള്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും അധ്യാപകരെ സ്ഥലംമാറ്റുന്ന  പ്രക്രിയ  നടക്കാത്തത് പഠനത്തിന് പ്രയാസം സൃഷ്ടിക്കുന്നു. പ്രിന്‍സിപ്പാളായി എത്തുന്ന അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ നേരത്തെയുണ്ടായിരുന്ന ഒരു അധ്യാപകനെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റേണ്ടതുണ്ട്.  ഈ സ്ഥലം മാറ്റം നടക്കാത്തതിനാല്‍  ഓരോ സ്‌കൂളിലും പ്രിന്‍സിപ്പാള്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ ഒരു അധ്യാപകന്‍ അധികമാവുന്നു. അതേസമയം മറ്റ് ചില വിഷയങ്ങളില്‍ അധ്യാപകര്‍ തീരെ ഇല്ലാത്ത അവസ്ഥയും ഉണ്ട്. ഇതും കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. 

ഹയര്‍സെക്കന്‍ഡറിയില്‍ പ്രിന്‍സിപ്പാള്‍മാരുടേയും മറ്റ് അധ്യാപകരുടേയും സ്ഥലംമാറ്റവും  നടന്നിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ മലബാര്‍ മേഖലയില്‍  പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഈ വര്‍ഷം അധ്യാപകരെ നിയമിക്കേണ്ടതിനുള്ള നടപടികള്‍ ആയിട്ടില്ല. ഗസ്റ്റ്  അധ്യാപകരെ വെച്ചാണ് ഇവിടെ പഠനം മുന്നോട്ടുകൊണ്ടുപോവുന്നത്.  നിയമനങ്ങള്‍ യഥാസമയം നടക്കാതെ വരുമ്പോള്‍ ഭരണസ്തംഭനം ഉണ്ടാവുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തളര്‍ത്തും. അത് ഗുണം ചെയ്യുക സ്വാശ്രയ സ്ഥാപനങ്ങള്‍ക്കാവുമെന്നും അധ്യാപകര്‍ പറയുന്നു.

സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ താല്‍പ്പര്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നതായി  അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൈക്കൊണ്ട നടപടികളുടെ ഫലമായി പൊതു വിദ്യാഭ്യാസ മേഖല പതുക്കെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ സ്വാശ്രയമേഖലയെയാണ് പ്രോത്സാഹിപ്പിക്കുക എന്ന് വകുപ്പു മന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സ്‌കൂളുകള്‍ ആവശ്യപ്പെടുന്നവര്‍ വ്യക്തികളായായാലും സ്ഥാപനങ്ങളായാലും പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു സ്ഥാനമേറ്റ ഉടന്‍ മന്ത്രിയുടെ പ്രഖ്യാപനം.
(സി കരുണാകരന്‍)

janayugom 070611

1 comment:

  1. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാത്ത അവസ്ഥ. ആകെയുള്ള 38 വിദ്യാഭ്യാസ ജില്ലകളില്‍ 34 എണ്ണത്തിലും ഡി ഇ ഒമാരില്ല. ഒഴിവുകള്‍ നികത്താത്തതാണ് കാരണം. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 18 നാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. 23ന് വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കുകയും ഈ മാസം മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഡി ഇ ഒ മാരയും ഡി ഡി ഇമാരെയും നിയമിച്ച് ഉത്തരവിറക്കിയിട്ടില്ല. ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ നിയമനത്തിലും ഇതേ അവസ്ഥയാണ്. പ്രമോഷന്‍ വഴിയാണ് പ്രധാനാധ്യാപകരെ നിയമിക്കണ്ടത്. സംസ്ഥാനത്ത് അഞ്ഞൂറോളം സ്‌കൂളുകളില്‍ ഇപ്പോഴും പ്രധാന അധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ല. മറ്റൊരു അധ്യാപകന് പകരം ചുമതല നല്‍കിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. എ ഇ ഒമാരുടെ നിയമനവും നീളുകയാണ്. അധ്യാപകരുടെ പ്രമോഷന്‍ ശരിയാവുന്ന മുറക്കേ എ ഇ ഒ നിയമനവും നടക്കൂ. ഇങ്ങനെ പ്രധാന തസ്തികകളിലെല്ലാം ആളില്ലാത്തതു മൂലം വകുപ്പിലെ താഴെക്കിടയില്‍ ഭരണപരമായ സ്തംഭനമാണ് ഉടലെടുത്തിരിക്കുന്നത്.

    ReplyDelete