ഗുണ്ടൂര്‍ : ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ദരിദ്രരായ സ്ത്രീകളെ മരുന്നു നിര്‍മാണ കമ്പനി പരീക്ഷണത്തിന് ഉപയോഗിച്ചു. പരീക്ഷണത്തിന് ഇരയായ ചിലര്‍ക്ക് ഗുരുതരരോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യത്വരഹിതമായ ഈ സംഭവം വെളിച്ചത്തായത്. പുതിയ മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്ത രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആരോഗ്യസ്ഥിതി വഷളായ മൂന്നു സ്ത്രീകളെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
മേഖലയിലെ പിഡുഗുറല്ല നഗരത്തിലെ സ്ത്രീകള്‍ക്കാണ് മരുന്നു പരീക്ഷണത്തിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടത്. സന്ധികളില്‍ കഠിനവേദന, കൈകളില്‍ വീക്കം, തൊണ്ടയില്‍ അണുബാധ തുടങ്ങിയവയാണ് ഇവരെ അലട്ടിയത്. സ്തനാര്‍ബുദത്തിനുള്ള മരുന്നാണ് ഇവരില്‍ പരീക്ഷിച്ചത്. മേഖലയിലെ പിന്നോക്കവിഭാഗക്കാരുടെ ദരിദ്രാവസ്ഥ മുതലെടുത്താണ് ഗിനിപ്പന്നികളെ പോലെ ഇവരെ മരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചത്.
ഹൈദരാബാദിലെ മിയാപുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നു കമ്പനിയാണ് പ്രതിസ്ഥാനത്ത്. വന്‍തുക വാഗ്ദാനം ചെയ്താണ് പരീക്ഷണത്തിന് ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. എന്നാല്‍ , 9000 രൂപ മാത്രമാണ് നല്‍കിയതെന്ന് ക്രൂരതയ്ക്ക് ഇരയായ ഒരു സ്ത്രീ പറഞ്ഞു. കമ്പനിയുമായി ബന്ധമുള്ള ഇടനിലക്കാര്‍ ഗ്രാമങ്ങളിലെത്തി നിരക്ഷരരായ സ്ത്രീകളെ വലയിലാക്കുകയായിരുന്നു. നാലു ദിവസംവരെ ഇവരെ കമ്പനിയുടെ ലാബില്‍ താമസിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെയും ലാബില്‍ കൊണ്ടുവന്നതായി ഒരു സ്ത്രീ പറഞ്ഞു. എന്നാല്‍ , ആരുമായും ആശയവിനിമയത്തിന് അനുവദിച്ചില്ല.
എന്തു തരം പരീക്ഷണമാണ് നടത്തുന്നതെന്ന് കമ്പനി ഇവരെ അറിയിച്ചിരുന്നില്ല. പരീക്ഷണത്തിനു മുമ്പ് ഇവര്‍ക്ക് ക്ലാസ് നല്‍കിയിരുന്നു. പരീക്ഷണത്തിന് സമ്മതപത്രവും എഴുതിവാങ്ങി. ഒരു ഗുളിക കഴിച്ച ശേഷം കുഴപ്പമൊന്നുമില്ലെന്നു കണ്ടവരോട് പത്തു ദിവസത്തിനു ശേഷം വീണ്ടും എത്താന്‍ പറഞ്ഞു. അപ്പോള്‍ ഒരു കുത്തിവയ്പ് നടത്തി. പത്തു ദിവസത്തിനുശേഷം വീണ്ടുമൊരു കുത്തിവയ്പും. ഗുളിക കഴിച്ചശേഷം അസ്വസ്ഥത കാണിക്കുകയോ രക്തസാമ്പിളുകളില്‍ കുഴപ്പം കാണുകയോ ചെയ്തവരെ 1000 രൂപ മാത്രം നല്‍കി തിരിച്ചയച്ചതായും സ്ത്രീകള്‍ പറഞ്ഞു. ദിവസക്കൂലിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെ അമ്പതോളംപേരാണ് പിഡുഗുറല്ലയില്‍ നിന്നു പോയത്. പരീക്ഷണത്തിനു വിധേയരായി തിരിച്ചുവന്ന ആദ്യദിനങ്ങളില്‍ ഇവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാല്‍ , മൂന്നും നാലും മാസം പിന്നിട്ടപ്പോഴാണ് പാര്‍ശ്വഫലങ്ങള്‍ പുറത്തുവന്നത്. ചിലര്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നില്ല. ഡിഎംഒയുടെ നേതൃത്വത്തില്‍ മിയാപുറിലെ ആക്സിസ് ക്ലിനിക്കല്‍സ് ലിമിറ്റഡ് എന്ന മരുന്നു കമ്പനിയില്‍ റെയ്ഡ് നടത്തി. അനുമതിയില്ലാത്ത പരീക്ഷണങ്ങള്‍ നടത്തിയ ലാബ് സീല്‍ ചെയ്തു. എന്നാല്‍ , ഇത്തരം പരീക്ഷണം നടത്തിയിട്ടില്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദേശാഭിമാനി 190611
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ദരിദ്രരായ സ്ത്രീകളെ മരുന്നു നിര്‍മാണ കമ്പനി പരീക്ഷണത്തിന് ഉപയോഗിച്ചു. പരീക്ഷണത്തിന് ഇരയായ ചിലര്‍ക്ക് ഗുരുതരരോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യത്വരഹിതമായ ഈ സംഭവം വെളിച്ചത്തായത്. പുതിയ മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്ത രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആരോഗ്യസ്ഥിതി വഷളായ മൂന്നു സ്ത്രീകളെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
ReplyDelete