Sunday, June 19, 2011

സഹകരണബാങ്കുകള്‍ തകര്‍ക്കാന്‍ നീക്കം സര്‍ക്കാര്‍ ഇടപെടണം: പിണറായി

കൂത്തുപറമ്പ്: റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്കെതിരെ നടത്തുന്ന നീക്കം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൂത്തുപറമ്പ് സര്‍വീസ് സഹകരണബാങ്ക് ഹെഡ്ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം മാര്‍ക്കറ്റ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

മുന്‍സര്‍ക്കാരും സഹകാരികളും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് നേരത്തെ കടുത്തനടപടിയില്‍നിന്ന് റിസര്‍വ്ബാങ്ക് പിറകോട്ട് പോയത്. ബാങ്ക് എന്ന പദവും ചെക്കും ഉപയോഗിക്കുന്നതിലാണ് റിസര്‍വ്ബാങ്ക് ആദ്യം ഇടപെട്ടത്. പ്രായോഗിക പ്രയാസം ബോധ്യമായപ്പോള്‍ പിറകോട്ടുപോയെന്നാണ് കരുതിയത്. എന്നാല്‍ ആ ഭീഷണി വീണ്ടും വരികയാണ്. സഹകരണമേഖലയെ പ്രവര്‍ത്തിക്കാന്‍ വിടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. സഹകരണമന്ത്രിയെ വഴിയില്‍ തടയുമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി സഹകരണരംഗത്ത് കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമാക്കിയാണെന്നും പിണറായി പറഞ്ഞു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. പത്മജ പത്മനാഭന്‍ അധ്യക്ഷയായി. പി അശോകന്‍ , വി കെ ഹംസ, വത്സന്‍ പനോളി, ടി ബാലന്‍ , എം സുകുമാരന്‍ , കെ പ്രഭാകരന്‍ , കെ വി ഗംഗാധരന്‍ , പി മനോഹരന്‍ , എന്‍ അനിത, വി പ്രഭാകരന്‍ , ടി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ എം കെ സുധി, അക്ഷയ് ശ്രീനിവാസന്‍ , ജിന്‍ഷ, എം കെ ശ്രുതി എന്നിവരെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് വി രാമകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി എം ബീന നന്ദിയും പറഞ്ഞു.

സ്വാശ്രയ കോളേജ്: സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുന്നു- പിണറായി

പിണറായി: സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സ്വകാര്യമാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയുണ്ടാക്കിയശേഷം ചര്‍ച്ചനടത്തി നാടകം കളിക്കുകയാണ് സര്‍ക്കാര്‍ . സ്വകാര്യമാനേജ്മെന്റുകളുമായുള്ള ഒത്തുകളി സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് എതിരാണ്. കാപ്പുമ്മലില്‍ , ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന പാനുണ്ട കോമ്പിലെ സി അഷറഫിന്റെ കുടുംബസഹായഫണ്ട് ഏല്‍പിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

തെറ്റായ കാര്യങ്ങളാണ് ഒന്നിനുപിറകെ ഒന്നായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ വര്‍ഷം സ്വാശ്രയകോളേജ് പ്രവേശനത്തില്‍ ഇടപെടുന്നില്ലെന്നാണ് പറയുന്നത്. ഇതിലൂടെ മുഴുവന്‍ സീറ്റിലും മാനേജ്മെന്റിന് ഇഷ്ടാനുസരണം പ്രവേശനം നല്‍കാന്‍ സൗകര്യംചെയ്തുകൊടുത്തു. ഇതേ നിലപാടുമായാണ് പോകുന്നതെങ്കില്‍ അതിശക്തമായ പ്രതിഷേധം സംസ്ഥാനത്തുയരും. നൂല്‍പാലത്തിലാണ് നില്‍ക്കുന്നതെന്ന് ഓര്‍ക്കുന്നത് നന്നാവും. നേരിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസന്‍സായി യുഡിഎഫ് കാണരുത്. നാടിന്റെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി നില്‍ക്കുന്ന ശക്തികള്‍ക്ക് നല്ലതുപോലെ സ്വാധീനം ചെലുത്താവുന്ന സര്‍ക്കാരാണിത്. അതിനുള്ള മാനസിക ഘടനയാണ് സര്‍ക്കാരിന്. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് എന്തിനു ഭയപ്പെടുന്നുവെന്ന് പിണറായി ചോദിച്ചു.

അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഭരണകക്ഷിനേതാക്കളും ഉദ്യോഗസ്ഥവൃന്ദവും വന്‍കിടമുതലാളിമാരും മാധ്യമപ്രബലരും ചേര്‍ന്ന വൃത്തികെട്ട കൂട്ടുകെട്ട് രാജ്യത്ത് വളരുകയാണ്. ലോക്പാല്‍ നിയമം മാത്രമല്ല, എല്ലാവിധ അഴിമതിയും കൊള്ളരുതായ്മയും ഇല്ലാതാക്കാനുള്ള ഇടപെടലാണ് രാജ്യത്ത് ആവശ്യം. ജുഡീഷ്യറിയിലെ തെറ്റായകാര്യങ്ങള്‍ തടയാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പിലെ പണാധിപത്യം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ സമൂല പരിഷ്കാരം കൊണ്ടുവരണം. സിപിഐ എമ്മിനെതിരെ പലതരത്തിലുള്ള ആക്രമണം നടക്കുന്ന കാലമാണിതെന്ന് പിണറായി പറഞ്ഞു. കതിരൂര്‍ സര്‍വീസ് സഹകരണബാങ്ക് പാച്ചപ്പൊയ്ക ശാഖയില്‍ അഷറഫിന്റെ മക്കളായ മുഹമ്മദ്അഫ്ഷീദ്, മുഹമ്മദ്അഫ്നീസ് എന്നിവരുടെ പേരില്‍ നിക്ഷേപിച്ച മൂന്നുലക്ഷം രൂപയുടെയും ഭാര്യ കെ ഷാഹിദയുടെ പേരില്‍ നിക്ഷേപിച്ച നാലുലക്ഷം രൂപയുടെയും രേഖകള്‍ പിണറായി മക്കളെ ഏല്‍പിച്ചു.

സിപിഐ എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. പുഞ്ചയില്‍ നാണു, കാരായി രാജന്‍ , കോങ്കി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പിണറായി ഏരിയാ സെക്രട്ടറി പി ബാലന്‍ സ്വാഗതം പറഞ്ഞു. അഷറഫിന്റെ സഹോദരങ്ങളായ ആബൂട്ടി, മുജീബ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

deshabhimani 190611

1 comment:

  1. റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്കെതിരെ നടത്തുന്ന നീക്കം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൂത്തുപറമ്പ് സര്‍വീസ് സഹകരണബാങ്ക് ഹെഡ്ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം മാര്‍ക്കറ്റ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete