Sunday, June 19, 2011

മന്ത്രിയുടെ താക്കീതിന്‌ പുല്ലുവില; മൂന്നാറില്‍ കൈയേറ്റം തുടരുന്നു

മൂന്നാര്‍: കര്‍ഷകരെ മറയാക്കി കൈയേറ്റം നടത്തുന്ന ഭൂമാഫിയയ്‌ക്കു കൂച്ചുവിലങ്ങിടുമെന്ന റവന്യുമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പുല്ലുവില. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയതിനു പിന്നാലെ അനധികൃത റിസോര്‍ട്ട്‌ നിര്‍മാണവും മറ്റും കൈയേറ്റക്കാര്‍ ഊര്‍ജിതമാക്കി. അക്കൂട്ടര്‍ക്ക്‌?`സ്റ്റോപ്പ്‌ മെമ്മോ' നല്‍കാന്‍ പോലും ജില്ലാഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

സി എച്ച്‌ ആര്‍ മേഖല, എച്ച്‌ എന്‍ എല്‍ ഭൂമി, ചിന്നക്കനാല്‍, സിമന്റുപാലം, സിങ്കുകണ്ടം, ആനയിറങ്കല്‍ ഡാമിന്റെ സമീപ പ്രദേശങ്ങള്‍ ലക്ഷ്‌മി, പോതമേട്‌, എന്നിവിടങ്ങളിലാണ്‌ വ്യാപകമായ കൈയേറ്റവും നിര്‍മാണവും തുടരുന്നത്‌. 25 ഓളം വന്‍കിട റിസോര്‍ട്ടുകളാണ്‌ ഈ കൈയേറ്റ ഭൂമിയില്‍ ഉയരുന്നത്‌. നാഷണല്‍ ഹൈവേയുടെ ഓരത്തുള്ള ഒരു കൈയേറ്റം മാത്രമാണ്‌ കഴിഞ്ഞദിവസം ഒഴിപ്പിച്ചത്‌. റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി കൈയേറ്റങ്ങള്‍ നിലവിലുണ്ട്‌. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ റവന്യു മന്ത്രി പറഞ്ഞിരുന്നു.

ഒരു മന്ത്രിയുടെ ബന്ധു സിങ്കുകണ്ടം സിമന്റ്‌ പാലത്തിന്‌ സമീപം എച്ച്‌ എന്‍എല്‍ പ്ലാന്റേഷന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലങ്ങള്‍ കൈയേറി റിസോര്‍ട്ട്‌ പണിയുന്നതിന്‌ കോണ്‍ക്രീറ്റ്‌ കാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

മൂന്നാര്‍ കൈയേറ്റത്തിന്റെ വാലറ്റം മാത്രം കണ്ട്‌ കൈയേറ്റം ബോധ്യപ്പെട്ട മന്ത്രിയെ വന്‍ കൈയേറ്റഭൂമി കാണിച്ചുകൊടുക്കാതെ കോണ്‍ഗ്രസ്‌ നേതൃത്വം വഴി തെറ്റിക്കുകയായിരുന്നു. കൈയേറ്റങ്ങളെപ്പറ്റി കൃത്യമായി അറിയാമായിരുന്ന സ്ഥലം എം പിയും ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നിട്ടും പാര്‍വതിമല, വട്ടവട, ലക്ഷ്‌മി തുടങ്ങിയ സ്ഥലങ്ങളിലെ കൈയേറ്റമാണ്‌ മന്ത്രിയെ കാണിച്ചുകൊടുക്കാതിരുന്നത്‌. വട്ടവട, തലവഞ്ചി ഭാഗത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ വന്‍ തോതില്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. ഇവിടേയ്‌ക്ക്‌ വനം നശിപ്പിച്ച്‌ റോഡ്‌ വെട്ടിയാണ്‌ സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ട്‌ നിര്‍മിച്ചിരിക്കുന്നത്‌.

തൊടുപുഴ സ്വദേശിയായ ഒരാളുടെ കൈയേറ്റഭൂമിയില്‍ കോടികള്‍ വിലമതിക്കുന്ന വില്ലകളാണ്‌ തീര്‍ത്തിട്ടുള്ളത്‌. ഈ ഭൂമിയും മന്ത്രി സന്ദര്‍ശിച്ചില്ല. ചെങ്ങറയില്‍ നിന്ന്‌ പുനരധിവസിപ്പിച്ചവര്‍ താമസിക്കുന്ന ചന്ദ്രമണ്‌ഡലത്തില്‍ മന്ത്രി എത്തിയില്ല. താഴെയെത്തി അവരുടെ നിവേദനം കൈപ്പറ്റി ആവലാതികള്‍ കേള്‍ക്കുക മാത്രമാണ്‌ ചെയ്‌തത്‌.
കര്‍ഷകരെയും ആദിവാസികളെയും മറയാക്കി കൈയേറ്റം നടത്തുന്നത്‌ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായികളാണ്‌. ഏജന്റുമാരെ ഉപയോഗിച്ചാണ്‌ കൈയേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌.

വാഗമണില്‍ ഭൂമാഫിയ മിച്ചഭൂമിയും കൈയടക്കുന്നു
പീരുമേട്‌: വാഗമണിലെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തുന്ന ഭൂമാഫിയ തോട്ടങ്ങളോടു ചേര്‍ന്നുള്ള മിച്ചഭൂമിയും തരിശുഭൂമിയും കൈയടക്കുന്നു. റവന്യൂ, രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ചമച്ച നാനൂറില്‍പ്പരം ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയ്‌ക്ക്‌ നീക്കം തകൃതിയായി.

വാഗമണ്‍ എസ്റ്റേറ്റിന്റെ വകയായ ഹാപ്പിവാലി എസ്റ്റേറ്റിന്റെ ഭാഗമായുള്ള അറപ്പുകാട്‌ പ്രദേശത്തെ 200 ഏക്കറോളം തരിശ്‌ ഭൂമിയും കൈമാറുന്നതിനായി തിരിച്ചിട്ടിട്ടുണ്ട്‌. കൂടാതെ ഇടകാനം ഭാഗത്ത്‌ സര്‍വേനമ്പര്‍ 700ല്‍ പെട്ട ഇരുനൂറ്‌ ഏക്കര്‍ മിച്ചഭൂമി കമ്പം കെ കെ പെട്ടി സ്വദേശിയായ ഒരാള്‍ക്കും, ആനവിലാസം സ്വദേശിക്കും വില്‍പ്പന നടത്തുന്നതിന്‌ അഡ്വാന്‍സ്‌ വാങ്ങി വില്‍പ്പന ഉറപ്പിച്ചതായും അറിയുന്നു. മിച്ചഭൂമി വെട്ടിതെളിച്ചുനല്‍കേണ്ടത്‌ നിലവിലെ ഭൂമി കച്ചവടം നടത്തിയ തേയില തോട്ടം ഉടമയാകണം എന്ന കരാര്‍ അനുസരിച്ച്‌ ഇവ വെട്ടിതെളിക്കുവാന്‍ ഉടമ്പടി നല്‍കിക്കഴിഞ്ഞു. 1984 കാലഘട്ടത്തില്‍ വാഗമണ്‍ പ്രദേശത്തെ ഭൂരഹിതരായ ആളുകള്‍ക്ക്‌ ഭൂമി നല്‍കുന്നതിന്‌ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണ്‌ അറപ്പുകാട്ടിലെ തരിശുഭൂമി. ഇങ്ങനെ മാറ്റിയിടപ്പെട്ട തരിശുഭൂമിയാണ്‌ തോട്ടം ഉടമ ഇപ്പോള്‍ വില്‍പ്പന നടത്തുവാന്‍ ശ്രമിക്കുന്നത്‌.

1983-85ല്‍ എസ്‌ സി വികലാംഗര്‍, ന്യൂനപക്ഷം എന്നിവര്‍ക്ക്‌ മുന്‍ഗണനാക്രമത്തില്‍ നല്‍കാന്‍ ഇടകാനം ഭാഗത്ത്‌ 300 ഏക്കറോളം മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 പേര്‍ക്ക്‌ ഒരേക്കര്‍ വീതം ഭൂമി നല്‍കുകയും ചെയ്‌തു, നൂറേക്കര്‍ നല്‍കിയതിനുശേഷം മിച്ചം വന്ന 200 ഏക്കര്‍ ഭൂമിയാണിപ്പോള്‍ തോട്ടം ഉടമ വന്‍കിടക്കാര്‍ക്ക്‌ മറിച്ചുവിറ്റത്‌. ഇവിടെ ഏലം വച്ചുപിടിപ്പിക്കുവാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നെല്‍കൃഷി നടത്തുന്നതിനും വിറകാവശ്യത്തിന്‌ യൂക്കാലി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും കാലികളെ മേയ്‌ക്കുന്നതിനുമായി നീക്കിയിട്ടിരുന്ന സ്ഥലമായിരുന്നു ഇത്‌. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത്‌ ഇടകാനം നാല്‍പ്പത്തിനാല്‌ പുതുവലിലെ ആളുകളാണ്‌ താമസിക്കുന്നത്‌. യു ഡി എഫ്‌ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നതോടുകൂടി വാഗമണ്‍ മേഖലയില്‍ അനധികൃതനിര്‍മാണ പ്രവര്‍ത്തനങ്ങളും തോട്ടം മുറിച്ചുവില്‍ക്കലും ധൃതഗതിയില്‍ തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ്‌ മിച്ചഭൂമിയും തരിശുഭൂമിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വില്‍ക്കുന്നത്‌.

മൂന്നാര്‍ ഒഴിപ്പിക്കല്‍: തെറ്റു തിരിച്ചറിഞ്ഞത്‌ സ്വാഗതാര്‍ഹമെന്ന്‌ സി കെ ചന്ദ്രപ്പന്‍

ന്യൂഡല്‍ഹി: എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘ തലവന്‍ സുരേഷ്‌ കുമാറിന്റെ നീക്കങ്ങള്‍ തെറ്റായിരുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തിരിച്ചറിഞ്ഞത്‌ സ്വാഗതാര്‍ഹമെന്ന്‌ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. വി എസിന്‌ കാര്യങ്ങള്‍ നേരത്തെ ബോധ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ സംബന്ധിച്ച്‌ ആദ്യം പരാതി നല്‍കിയത്‌ സി പി ഐയാണ്‌. ഇടുക്കി ജില്ലാ കമ്മിറ്റിയാണ്‌ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. എല്‍ ഡി എഫ്‌ മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരായിരുന്ന ബിനോയ്‌ വിശ്വവും കെ പി രാജേന്ദ്രനും സ്ഥലം സന്ദര്‍ശിച്ച്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. തുടര്‍ന്നാണ്‌ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്ത്‌. വന്‍കിട തോട്ടം ഉടമകള്‍, ഭൂമാഫിയ കൈവശപ്പെടുത്തിയ ഭൂമി, ടൂറിസത്തിന്റെ പേരില്‍ വന്‍കിടക്കാര്‍ കൈയേറിയ ഭൂമി എന്നിവ ഒഴിപ്പിക്കണമെന്നാണ്‌ സി പി ഐ ഇക്കാര്യത്തില്‍ നിലപാട്‌ എടുത്തിരുന്നത്‌. ദൗത്യസംഘ തലവനായിരുന്ന സുരേഷ്‌ കുമാര്‍ ഇത്‌ അട്ടിമറിക്കുകയാണ്‌ ചെയ്‌തത്‌. പാര്‍ട്ടി ഓഫീസുകളെയും ചെറുകിടക്കാരെയും ലക്ഷ്യമിട്ട്‌ ഒഴിപ്പിക്കല്‍ മുന്നേറിയതോടെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കം പാളം തെറ്റി. സര്‍ക്കാര്‍ തീരുമാനത്തിന്‌ വിരുദ്ധമായാണ്‌ സുരേഷ്‌ കുമാര്‍ പ്രവര്‍ത്തിച്ചതെന്ന്‌ ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.

ദൗത്യസംഘ തലവനായിരുന്ന സുരേഷ്‌ കുമാറിന്റെ ഇടപെടലാണ്‌ കൈയേറ്റം ഒഴിപ്പിക്കല്‍ പാളം തെറ്റാന്‍ ഇടയാക്കിയത്‌. ചെറിയ കച്ചവടക്കാരെയും കുടികിടപ്പുകാരെയും ഒഴിവാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഈ നടപടി. ഇതിന്‌ പുറമെ പാര്‍ട്ടി ഓഫീസ്‌ കെട്ടിടം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച്‌ വന്‍ വാര്‍ത്തയാക്കി ആഘോഷിക്കുകയാണുണ്ടായത്‌. സുരേഷ്‌ കുമാറിന്റെ നടപടികള്‍ കൈയേറ്റം ഒഴിപ്പിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്‌ തിരിച്ചടിയാകുമെന്ന്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അക്കാര്യത്തില്‍ വേണ്ട തീരുമാനങ്ങള്‍ എടുത്തില്ല. അദ്ദഹത്തിന്‌ ഇപ്പോഴാണത്‌ ബോധ്യമായത്‌. കാര്യങ്ങള്‍ നേരത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമായിരുന്നു. വി എസ്‌ തെറ്റ്‌ തിരിച്ചറിഞ്ഞത്‌ സ്വാഗതാര്‍ഹമാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ദൗത്യ സംഘം രൂപീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്‌. സംഘം വേണമോ വേണ്ടയോ എന്നത്‌ സംസ്ഥാന സര്‍ക്കാരാണ്‌ തീരുമാനിക്കേണ്ടത്‌. അതേസമയം ഒഴിപ്പിക്കല്‍ വന്‍കിടക്കാരെയും ഭൂമാഫിയയെയും ലക്ഷ്യമിട്ടാകണം. പാവപ്പെട്ടവന്‍ കുടില്‍ കെട്ടി താമസിക്കുന്നതും ഉപജീവനത്തിനായി കട നിര്‍മിച്ചതുമൊക്കെ ഒഴിപ്പിക്കലിന്റെ പരിധിയില്‍നിന്ന്‌ ഒഴിവാക്കണം. സാധാരണക്കാരനെ ഉപദ്രവിക്കാത്ത തരത്തിലാണ്‌ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതെങ്കില്‍ അത്‌ സ്വാഗതാര്‍ഹമാണെന്ന്‌ ചന്ദ്രപ്പന്‍ വ്യക്തമാക്കി. മൂന്നാറില്‍ വേണ്ടത്‌ ദൗത്യമല്ല ഒഴിപ്പിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

janayugom 190611

1 comment:

  1. കര്‍ഷകരെ മറയാക്കി കൈയേറ്റം നടത്തുന്ന ഭൂമാഫിയയ്‌ക്കു കൂച്ചുവിലങ്ങിടുമെന്ന റവന്യുമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പുല്ലുവില. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയതിനു പിന്നാലെ അനധികൃത റിസോര്‍ട്ട്‌ നിര്‍മാണവും മറ്റും കൈയേറ്റക്കാര്‍ ഊര്‍ജിതമാക്കി. അക്കൂട്ടര്‍ക്ക്‌?`സ്റ്റോപ്പ്‌ മെമ്മോ' നല്‍കാന്‍ പോലും ജില്ലാഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

    ReplyDelete