Friday, June 17, 2011

"നൂറുദിന"ത്തിലെ വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ് അധ്യാപകസംഘടന മുടക്കി

കണ്ണൂര്‍ : യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനപരിപാടിയില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്കാരം "കളരി 2011" കോണ്‍ഗ്രസ് അധ്യാപകസംഘടനയുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ നിര്‍ത്തിവച്ചു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എസ്എസ്എ ട്രെയിനര്‍മാര്‍ സ്കൂളിലെത്തി ക്ലാസെടുക്കുന്ന പദ്ധതിയാണിത്. മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങി. കണ്ണൂരില്‍ 13ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എതിര്‍പ്പുമായി എത്തിയത്. സ്കൂളുകളില്‍ എസ്എസ്എ ട്രെയിനര്‍മാരുടെ പരിശോധന അനുവദിക്കില്ലെന്നാണ് കെപിഎസ്ടിയു പറയുന്നത്.

വിദ്യാര്‍ഥികളുടെ കഴിവുകളെ വിവിധതലത്തില്‍ പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തി മികവിന്റെ മാതൃകകളാക്കാനുള്ള ശ്രമമാണ് വിഭാവനം ചെയ്തത്. ഗവേഷണാത്മകരീതിയിലാണ് കളരി നടത്തേണ്ടതെന്നാണ് മാര്‍ഗരേഖ. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതല ശില്‍പശാലയിലാണ് പദ്ധതി ആവിഷ്കരിച്ചത്. തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേനലവധിക്കാലത്ത് പരിശീലനം നല്‍കി. സ്കൂളില്‍ നടപ്പാക്കുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് അധ്യാപക സംഘടന എതിര്‍പ്പുമായി ഇറങ്ങിയത്. പരീക്ഷണാര്‍ഥം പഞ്ചായത്തില്‍ ഒരു സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഇഒ, എഇഒ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനാധ്യാപകരുടെ അനുമതിയോടെയാണ് സ്കൂള്‍ തെരഞ്ഞെടുത്തത്. പരിശീലനം ലഭിച്ച ട്രെയിനറും റിസോഴ്സ് അധ്യാപകരും ഓരോ ആഴ്ച കുട്ടികള്‍ക്ക് ക്ലാസെടുക്കും. ദിവസവും ക്ലാസ് സംബന്ധിച്ച് അനുഭവം പങ്കിടലും പൊതു അവതരണവും നടക്കും. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ , അധ്യാപകര്‍ , ബിആര്‍സിയിലെ ബന്ധപ്പെട്ട വിഷയം എടുക്കുന്ന അധ്യാപകര്‍ , ഡയറ്റ് ഫാക്കല്‍റ്റി, എഇഒ, ബിപിഒ, രക്ഷിതാക്കള്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാറിലൂടെ ഗുണദോഷം വിലയിരുത്തും. ഇതിനെയാണ് സ്കൂള്‍ പരിശോധന എന്നാക്ഷേപിച്ച് തടസ്സപ്പെടുത്തിയത്.

ദേശാഭിമാനി 170611

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനപരിപാടിയില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്കാരം "കളരി 2011" കോണ്‍ഗ്രസ് അധ്യാപകസംഘടനയുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ നിര്‍ത്തിവച്ചു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എസ്എസ്എ ട്രെയിനര്‍മാര്‍ സ്കൂളിലെത്തി ക്ലാസെടുക്കുന്ന പദ്ധതിയാണിത്. മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങി. കണ്ണൂരില്‍ 13ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എതിര്‍പ്പുമായി എത്തിയത്. സ്കൂളുകളില്‍ എസ്എസ്എ ട്രെയിനര്‍മാരുടെ പരിശോധന അനുവദിക്കില്ലെന്നാണ് കെപിഎസ്ടിയു പറയുന്നത്.

    ReplyDelete