Friday, June 17, 2011

മന്ത്രിയുടെ നിര്‍ദേശം ക്ഷേമനിധി ബോര്‍ഡില്‍ അനധികൃത നിയമനം

പാലക്കാട്: നിര്‍മാണത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അനധികൃതമായി പത്തുപേരെ നിയമിക്കാനുള്ള നീക്കം തൊഴിലാളികളും യൂണിയന്‍നേതാക്കളും ഇടപെട്ട് തടഞ്ഞു. ഒടുവില്‍ പൊലീസ് ഇടപെട്ട് മന്ത്രി നിര്‍ദേശിച്ച നാലുപേരെ നിയമിച്ചു. നിലവില്‍ ജോലി ചെയ്യുന്ന പത്തു തൊഴിലാളികളെ കാരണമില്ലാതെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയാണ് പുതിയതായി പത്തുപേരെ നിയമിക്കാന്‍ ശ്രമിച്ചത്. നാലരവര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരവിറക്കിയിരുന്നു. എന്നാല്‍ , ഇത് വക വയ്ക്കാതെ ഭരണകക്ഷിയിലെ ആരോ ചിലര്‍ ഫോണില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആര്‍എസ്പി പ്രവര്‍ത്തകരായ പത്തുപോരെ നിയമിക്കാന്‍ അധികൃതര്‍ നീക്കം നടത്തിയത്. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ പൊലീസ് ഇടപെടുകയും മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ നിയമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ വെള്ളപ്പേപ്പറില്‍ പേരെഴുതി നിയമിക്കാന്‍ ശ്രമിക്കുമ്പോഴാണ് നിലവിലെ തൊഴിലാളികളും യൂണിയന്‍നേതാക്കളും ഇടപെട്ടത്. പുതിയ ആളുകളെ നിയമിക്കാന്‍ ഉത്തരവോ നിലവിലുള്ളവരെ പിരിച്ചുവിട്ടതിന് എന്തെങ്കിലും രേഖയോ ഹാജരാക്കാന്‍ ജില്ലാഓഫീസര്‍ക്ക് ആയില്ല.

തുടര്‍ന്ന് ഓഫീസില്‍ കുത്തിയിരുന്ന നേതാക്കള്‍ ഉത്തരവ്കാണാതെ തിരിച്ചുപോകില്ലെന്നു പറഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടു. ടൗണ്‍ നോര്‍ത്ത് എസ്ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്. പൊലീസ് ആവശ്യപ്പെട്ടിട്ടും നിയമന ഉത്തരവോ, പിരിച്ചുവിടല്‍ഉത്തരവോ കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. ഉച്ചക്ക് ശേഷം ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയതായി നാലുപേര്‍ക്ക് നിയമനം നല്‍കാന്‍ ധാരണയായത്. മുന്‍ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ ജീവനക്കാരെ അധികജോലിയില്ലെന്ന കാരണത്താലാണ് ഒഴിവാക്കുന്നതെന്ന് ജില്ലാ ഓഫീസിലേക്കുവന്ന സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ , പുതിയതായി പത്തുപേരെ നിയമിക്കാന്‍ അധികൃതര്‍ പറയുന്ന കാരണവും ജോലിക്കൂടുതലെന്നാണ്. സ്ഥിരംജീവനക്കാരെ മതിയായ കാരണമില്ലാതെ ഒഴിവാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. നിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴിലെ 162 തൊഴിലാളികളെയാണ് സംസ്ഥാനവ്യവപകമായി യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കംനടത്തിയത്. മെയ് 30മുതല്‍ ഇവരെ ജോലിക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലക്കാട് നിര്‍മാണത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ഓഫീസില്‍ നടന്ന സമരത്തിന് നിര്‍മാണത്തൊഴിലാളി യൂണിയന്‍ നേതാക്കളായ എം ഹരിദാസ്, മാധവന്‍നായര്‍ , ലീലാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശാഭിമാനി 170611

2 comments:

  1. നിര്‍മാണത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അനധികൃതമായി പത്തുപേരെ നിയമിക്കാനുള്ള നീക്കം തൊഴിലാളികളും യൂണിയന്‍നേതാക്കളും ഇടപെട്ട് തടഞ്ഞു. ഒടുവില്‍ പൊലീസ് ഇടപെട്ട് മന്ത്രി നിര്‍ദേശിച്ച നാലുപേരെ നിയമിച്ചു. നിലവില്‍ ജോലി ചെയ്യുന്ന പത്തു തൊഴിലാളികളെ കാരണമില്ലാതെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയാണ് പുതിയതായി പത്തുപേരെ നിയമിക്കാന്‍ ശ്രമിച്ചത്. നാലരവര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരവിറക്കിയിരുന്നു. എന്നാല്‍ , ഇത് വക വയ്ക്കാതെ ഭരണകക്ഷിയിലെ ആരോ ചിലര്‍ ഫോണില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആര്‍എസ്പി പ്രവര്‍ത്തകരായ പത്തുപോരെ നിയമിക്കാന്‍ അധികൃതര്‍ നീക്കം നടത്തിയത്.

    ReplyDelete
  2. പാലക്കാട്: നിര്‍മാണത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അനധികൃതമായി നിയമിതരായവര്‍ക്ക് പൊലീസിന്റെ ഒത്താശ. ക്ഷേമനിധിബോര്‍ഡിലെ 10 സ്ഥിരംജീവനക്കാരെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ സ്ഥിരംജീവനക്കാരായ രാജേഷ്, ഷാജഹാന്‍ , ദിലീപ് എന്നിവരുള്‍പ്പെട്ട 10പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാജീവനക്കാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നാലരവര്‍ഷമായി ജോലി ചെയ്യുന്ന 10 തൊഴിലാളികളെ സ്ഥിരപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ അട്ടിമറിക്കാനുള്ള യുഡിഎഫ്ശ്രമമാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഇവരെ അകാരണമായി ജോലിയില്‍നിന്ന് നീക്കി പകരം യുഡിഎഫ്അനുഭാവികളെ കുത്തിക്കയറ്റിയിരിക്കുകയാണ് ക്ഷേമനിധി ഓഫീസര്‍ . ഒരുരേഖയും നല്‍കാതെ പിരിച്ചുവിടാനാണ് ശ്രമം. ഇതിനെ സ്ഥിരംജീവനക്കാര്‍ എതിര്‍ത്തു.

    വെള്ളിയാഴ്ച പതിവുപോലെ ജോലിക്കെത്തിയ സ്ഥിരംജീവനക്കാര്‍ തങ്ങളുടെ സീറ്റില്‍ അനധികൃതമായി നിയമനം ലഭിച്ചവര്‍ ഇരിക്കുന്നതാണ് കണ്ടത്. തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥിരംജീവനക്കാരെ പുറത്താക്കാന്‍ ക്ഷേമനിധി ഓഫീസര്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പാര്‍ടിഅനുഭാവികളായ 10 പേരെ നിയമിക്കാനാണ് ആദ്യം നീക്കംനടന്നത്. എന്നാല്‍ ഇതിനെ കോണഗ്രസ് ജില്ലാനേതൃത്വം ശക്തമായി എതിര്‍ത്തു. ഡിസിസി പ്രസിഡന്റിന്റെ ഭീഷണിയെത്തുടര്‍ന്ന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി. തൊഴില്‍മന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍സന്ദേശം ലഭിച്ചുവെന്നുപറഞ്ഞാണ് ക്ഷേമനിധിഓഫീസര്‍ അനധികൃതനിയമനം നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അനധികൃതനിയമനം നടത്തിയത്. 10പേരെ വെള്ളപ്പേപ്പറില്‍ നിയമനഉത്തരവു നല്‍കി തിരുകിക്കയറ്റാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിരംതൊഴിലാളികളും യൂണിയന്‍നേതാക്കളും തടഞ്ഞു.

    പുതിയ ആളുകളെ നിയമിക്കാന്‍ ഉത്തരവോ നിലവിലുള്ളവരെ പിരിച്ചുവിട്ടതിന് എന്തെങ്കിലും രേഖയോ ഹാജരാക്കാന്‍ ജില്ലാ ഓഫീസര്‍ക്ക് ആയില്ല. പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് ആവശ്യപ്പെട്ടിട്ടും നിയമന ഉത്തരവോ പിരിച്ചുവിടല്‍ ഉത്തരവോ കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. സ്ഥിരംജീവനക്കാരെ മതിയായ കാരണമില്ലാതെ ഒഴിവാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. നിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡിനു കീഴിലെ 162 തൊഴിലാളികളെയാണ് സംസ്ഥാന വ്യാപകമായി യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ശ്രമിച്ചത്. മെയ് 30 മുതല്‍ ഇവരെ ജോലിക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥിരംജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിഐടിയു തീരുമാനിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സിഐടിയു ജില്ലാ ഓഫീസ് ഹാളില്‍ സമരസഹായസമിതി രൂപീകരിക്കും. എല്ലാ വര്‍ഗ-ബഹുജനസംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രക്ഷോഭത്തിനാണ് സിഐടിയു ഒരുങ്ങുന്നത്.

    ReplyDelete