Saturday, June 4, 2011

പാര്‍ടിക്കെതിരായ വ്യാജവാര്‍ത്തകള്‍ ആസൂത്രിതം: ഗോപി കോട്ടമുറിക്കല്‍

കൊച്ചി: തെരഞ്ഞെടുപ്പ് വിശകലനത്തിനു ചേര്‍ന്ന സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തിന്റേതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത പാര്‍ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്ന് ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും ഇതില്‍ കുടുങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് യോഗങ്ങളെപ്പോലെയാണ് സിപിഐ എം യോഗങ്ങളെന്ന തെറ്റിദ്ധാരണയോ, സിപിഐ എമ്മിലെ ഏതെങ്കിലും ഒരു നേതാവിനോടുള്ള വൈരാഗ്യം എഴുതിത്തീര്‍ത്തതോ ആകാം ഇത്. അധഃപതിച്ച പത്രസംസ്കാരമാണിത്്. കേരളത്തിലാകെ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യം മറയ്ക്കാനുള്ള പെടാപ്പാടിലാണ് യുഡിഎഫ് നേതൃനിരയും ഒരുപറ്റം മാധ്യമങ്ങളും. സംസ്ഥാനത്താകെ പയറ്റി പരാജയപ്പെട്ട നുണനിര്‍മാണവ്യവസായമാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിമിര്‍ത്താടുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മാന്യതയും പിച്ചിച്ചീന്തി ഒരു നിലവാരവുമില്ലാത്ത പച്ചക്കള്ളമാണ് സിപിഐ എമ്മിനെക്കുറിച്ച് എറണാകുളം ജില്ലയില്‍ പ്രചരിക്കുന്നത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ജൂണ്‍ ഒന്നിനും ജില്ലാകമ്മിറ്റി രണ്ടിനും കലൂര്‍ ലെനിന്‍ സെന്ററില്‍ ചേര്‍ന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ , സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തു. ജില്ലയിലെ 14 അസംബ്ലിമണ്ഡലങ്ങളിലും ഉണ്ടായ തെരഞ്ഞെടുപ്പുഫലത്തെ സംബന്ധിച്ച് അതത് മണ്ഡലം കമ്മിറ്റികള്‍ ഇതിനോടകംതന്നെ പ്രാഥമികമായി വിശകലനങ്ങള്‍ നടത്തി ജില്ലാകമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വോട്ട് കൂടുതല്‍ കിട്ടിയെങ്കില്‍ ഏതെല്ലാം ജനവിഭാഗങ്ങളില്‍നിന്നാണെന്നും കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും തെരഞ്ഞെടുപ്പ് സംഘടനാപ്രവര്‍ത്തനങ്ങളെയും പ്രചാരവേലയെയും കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയാണ് നടത്തിയിട്ടുള്ളത്. ഈ പരിശോധനകളുടെ ക്രോഡീകരണത്തിനായി എല്ലാ ജില്ലകളിലും യോഗങ്ങള്‍ ചേര്‍ന്നുവരികയാണ്. പാര്‍ടി ജില്ലാകമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാനത്താകെയുള്ള ജയപരാജയം സംബന്ധിച്ച് സംസ്ഥാനകമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച റിവ്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ 24 പേര്‍ പങ്കെടുത്തു. 50 മിനിറ്റോളം നടന്ന ചര്‍ച്ചയ്ക്ക് വ്യക്തമായ മറുപടി പറഞ്ഞാണ് പിണറായി റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയാക്കിയത്. എല്ലാ തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തിലും സാധാരണ നടക്കാറുള്ള പ്രക്രിയയാണിത്. ഈ യോഗത്തെയാണ് "ഇരുപക്ഷങ്ങളും ഏറ്റുമുട്ടി; പരസ്പരം പഴിചാരി, നേര്‍ക്കുനേരെ പൊരുതി പിണറായി മറുപടി പറയാതെ ഇറങ്ങിപ്പോയി" എന്നെല്ലാമുള്ള വ്യാഖ്യാനങ്ങളോടെ ചില പത്രങ്ങള്‍ ലേഖകരുടെ മനോവൈകൃതം പ്രകടമാക്കുമാറ് വാര്‍ത്തകള്‍ ചമച്ചത്. ഇതൊന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റിലോ ജില്ലാകമ്മിറ്റി യോഗത്തിലോ നടന്ന കാര്യമല്ല. എറണാകുളം ജില്ലയിലെ ഒരൊറ്റ സെക്രട്ടറിയറ്റ് അംഗമോ, ജില്ലാകമ്മിറ്റി അംഗമോ ഒരു സന്ദര്‍ഭത്തിലും പിണറായിയോടോ, പങ്കെടുത്ത മറ്റു നേതാക്കളോടോ അനാദരവ് ഉളവാക്കുന്നതോ പത്രത്തില്‍ പറഞ്ഞതുപോലുള്ള രീതിയിലോ ഒരു വാക്ക് ഉപയോഗിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 സീറ്റില്‍ വെറും ഒരു സീറ്റ് മാത്രം നേടിയ പാര്‍ടിക്കെതിരെ ഇന്നു കണ്ടതിന്റെ നൂറുമടങ്ങ് ആക്രമണമാണ് അന്നു നടത്തിനോക്കിയത്. അതുകൊണ്ട് പാര്‍ടി ക്ഷീണിക്കുകയല്ല, മറിച്ച് പിന്നീടു വന്ന 2006ലെ തെരഞ്ഞെടുപ്പില്‍ 10 സീറ്റ് നേടി മുന്നേറുകയാണ് ചെയ്തത്. ഇന്ന് വീണ്ടും അത് മൂന്നായി. ഈ പോരായ്മയുടെ യഥാര്‍ഥ കാരണം കണ്ടെത്തി കുറവുകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നീങ്ങാനുള്ള ആഹ്വാനത്തോടെയാണ് പാര്‍ടിനേതാക്കള്‍ ഇവിടെനിന്നു മടങ്ങിയത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ സമര്‍പ്പിത മനസ്സോടെ ജില്ലയിലെ പാര്‍ടിയും പ്രസ്ഥാനവും സംഘടിപ്പിക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വിജയിപ്പിക്കണമന്ന് ജില്ലാകമ്മിറ്റിക്കുവേണ്ടി ഗോപി കോട്ടമുറിക്കല്‍ അഭ്യര്‍ഥിച്ചു.

മുളിയാര്‍ പഞ്ചായത്ത്: യുഡിഎഫ് കള്ളപ്രചാരണം ഭരണം നഷ്ടപ്പെട്ടതിലുള്ള വിഭ്രാന്തിയില്‍ -സിപിഐ എം

ബോവിക്കാനം: കുഴല്‍ കിണര്‍ നിര്‍മിച്ചതിന്റെ പേരില്‍ മുളിയാര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യൂഡിഎഫ് നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഐ എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റി പറഞ്ഞു. ഇതിനു പിന്നില്‍ ഭരണസമിതിയോടുള്ള അസൂയയും അസഹിഷ്്ണുതയുമാണ്. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിച്ച യൂഡിഎഫിന് സാധിക്കാത്ത ജനോപകാര പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ ആറുമാസത്തിനിടയില്‍ തുടക്കമിട്ടത്. ഇത് മുളിയാറിലെ യൂഡിഎഫ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങളില്‍ തങ്ങളുടെ കാലത്ത് നടമാടിയ അഴിമതി കഥകള്‍ പുറത്തുവരുമെന്ന ഭയമാണ് യൂഡിഎഫിനുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് പഞ്ചായത്തിലുണ്ടായ മുന്നേറ്റം മുളിയാറിലെ യൂഡിഎഫ് നേതൃത്വത്തെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണോലിപ്പ് തടയാന്‍ ഇത്തരം ഊതിവീര്‍പ്പിച്ച കള്ളപ്രചാരണം കൊണ്ട് സാധിക്കുമെന്ന മൂഢവിശ്വാസത്തിലാണ് ഇവര്‍ . എന്നാല്‍ ജനങ്ങള്‍ ഇത്തരം കള്ളകഥകളെ തള്ളികളയും.

വര്‍ഷങ്ങളായി ജനക്ഷേമ പ്രവര്‍ത്തനത്തിനായി ജില്ലാ, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിക്കുന്ന ഫണ്ടുകള്‍ അടിച്ചു മാറ്റിയ ചരിത്രമാണ് മുളിയാറിലെ യൂഡിഎഫ് ഭരണസമിതിക്കുള്ളത്. അഴിമതിയില്‍ മനം മടുത്ത ജനങ്ങള്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയാണ് പഞ്ചായത്ത് ഭരണം ഏല്‍പിച്ചത്. ആദ്യമായി അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് ഭരണ സമീതി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മൂന്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ മുഖേന കഴിഞ്ഞ സംസ്ഥാന സര്‍ക്കരില്‍ ഇടപെട്ടു. ഈ പരിശ്രമത്തിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പഞ്ചായത്തിന് അനുവദിച്ചു കിട്ടി. 2009-10 വര്‍ഷത്തില്‍ യൂഡിഎഫ് ഭരണ സമീതി പദ്ധതി വിഹിതത്തിന്റെ 29 ശതമാനം മാത്രമാണ് ചെലവാക്കിയത്. എല്‍ഡിഎഫ് ഭരണ സമിതി 2010-11 ല്‍ ഭൂരിഭാഗം ഫണ്ടും ചെലവഴിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗം മൂലം നരകജീവിതം നയിക്കുന്ന നിരവധി കുടുംബങ്ങള്‍ മുളിയാറിലുണ്ടെങ്കിലും യുഡിഎഫ് ഒന്നുംചെയ്തില്ല. എന്നാല്‍ രോഗബാധിതരായ കുട്ടികളെ ശുശ്രൂഷിക്കാന്‍ എല്‍ഡിഎഫ് ഭരണസമിതി ബഡ്സ് സ്കൂള്‍ ആരംഭിച്ചു. ഇത്തരം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കുന്ന എല്‍ഡിഎഫ് ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ലോക്കല്‍ കമ്മിറ്റി പറഞ്ഞു.

ദേശാഭിമാനി 040611

1 comment:

  1. തെരഞ്ഞെടുപ്പ് വിശകലനത്തിനു ചേര്‍ന്ന സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തിന്റേതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത പാര്‍ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്ന് ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. പാര്‍ടിപ്രവര്‍ത്തകരും ബന്ധുക്കളും ഇതില്‍ കുടുങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് യോഗങ്ങളെപ്പോലെയാണ് സിപിഐ എം യോഗങ്ങളെന്ന തെറ്റിദ്ധാരണയോ, സിപിഐ എമ്മിലെ ഏതെങ്കിലും ഒരു നേതാവിനോടുള്ള വൈരാഗ്യം എഴുതിത്തീര്‍ത്തതോ ആകാം ഇത്. അധഃപതിച്ച പത്രസംസ്കാരമാണിത്്. കേരളത്തിലാകെ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യം മറയ്ക്കാനുള്ള പെടാപ്പാടിലാണ് യുഡിഎഫ് നേതൃനിരയും ഒരുപറ്റം മാധ്യമങ്ങളും. സംസ്ഥാനത്താകെ പയറ്റി പരാജയപ്പെട്ട നുണനിര്‍മാണവ്യവസായമാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിമിര്‍ത്താടുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മാന്യതയും പിച്ചിച്ചീന്തി ഒരു നിലവാരവുമില്ലാത്ത പച്ചക്കള്ളമാണ് സിപിഐ എമ്മിനെക്കുറിച്ച് എറണാകുളം ജില്ലയില്‍ പ്രചരിക്കുന്നത്.

    ReplyDelete