Saturday, June 4, 2011

നൂറുദിന പരിപാടി കണ്ണില്‍ പൊടിയിടല്‍

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലെ യു ഡി എഫ് സര്‍ക്കാറും നൂറു ദിന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച നൂറു ദിന പരിപാടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിലായിരുന്നു നൂറു ദിവസം കൊണ്ട് നടപ്പാക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ജൂണ്‍ 24 ന് നിയമസഭയില്‍ നടക്കാനിരിക്കുന്നതെയുള്ളു. നയപ്രഖ്യാപനത്തിന്റെ ഭാഗമാകേണ്ട പരിപാടികളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയെയാണ് ഉമ്മന്‍ചാണ്ടി മാതൃകയാക്കുന്നതെങ്കില്‍ പരിപാടി പ്രഖ്യാപനത്തില്‍ ഒതുങ്ങുമെന്നതില്‍ സംശയമില്ല. യു പി എയുടെ നൂറു ദിന പരിപാടിയിലെ മുഖ്യ ഇനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമവും സ്ത്രീസംവരണവുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അവ കടലാസില്‍ അവശേഷിക്കുന്നതെയുള്ളു.

ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നൂറു ദിന പരിപാടിയില്‍ പുതുതായി എന്തെങ്കിലുമുണ്ടെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ പരിപാടികളാണ് ഇവയില്‍ പലതും. ഒപ്പം യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ചില പ്രധാന വാഗ്ദാനങ്ങള്‍ ഭേദഗതി ചെയ്ത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മന്ത്രിമാരുടെയും കുടുംബത്തിന്റെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും സ്വത്തുവിവരം പ്രഖ്യാപിക്കുമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നൂറു ദിന പരിപാടിയിലെ മുഖ്യമായ ഇനം. അഴിമതിക്ക് എതിരെ യു ഡി എഫ് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്നതിന്റെ തെളിവാണിതെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ജനങ്ങളെ വിഡ്ഢികളാക്കുന്നതിന്റെ ഒന്നാംതരം ഉദാഹരണം. മന്ത്രിമാരും ഉദ്യോഗസ്ഥന്‍മാരും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നത് നിയമവ്യവസ്ഥയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളെല്ലാം അവരുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ നല്‍കണം. അതു പരസ്യമായ രേഖയാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളെല്ലാം അവരുടെയും കുടുംബത്തിന്റെയും സ്വത്തുവിവരം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്നവരെ സര്‍ക്കാരിന്റെ കീഴിലെ ജീവനക്കാരായാണ് പരിഗണിക്കുക. മറ്റു സര്‍ക്കാര്‍ ജീവനക്കാരെ പോലെ അവരുരും സ്വത്തുവിവരം നല്‍കണം. ഇതിനെ സര്‍ക്കാരിന്റെ മുഖ്യ ഇനമായി ചിത്രീകരിച്ച് അവതരിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.

ജനങ്ങള്‍ ഇന്നു നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്ന് വിലക്കയറ്റമാണ്. പഞ്ഞമാസങ്ങളും തുടര്‍ന്നുവരുന്ന ഓണക്കാലവും ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഉമ്മന്‍ചാണ്ടിയുടെ നൂറു ദിന പരിപാടിയില്‍ വിലക്കയറ്റം തടയാനുള്ള നിര്‍ദേശങ്ങളൊന്നുമില്ല. യു ഡി എഫ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായ ബി പി എല്ലുകാര്‍ക്ക് ഒരു രൂപക്ക് അരി നല്‍കുന്നത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നൂറു ദിവസം കഴിഞ്ഞ് ഓണത്തിനു നടപ്പാക്കുമെന്നാണ് പറയുന്നത്. പ്രകടനപത്രികയില്‍ 35 കിലോ അരി നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തത്. നൂറു ദിന പരിപാടിയില്‍ അത് 25 കിലോയായി കുറച്ചിരിക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ എ പി എല്‍-ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തുടരുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമില്ല. വിലക്കയറ്റം തടയുന്നതിനായി റേഷന്‍ കടകള്‍ വഴി അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ 337 കോടി രൂപയുടെ പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നും അനുകൂല പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതു നടപ്പാക്കാന്‍ തീരുമാനിച്ചു. ആ പദ്ധതിയുടെ ഭാവിയെക്കുറിച്ച് നൂറു ദിന പരിപാടി മൗനം പാലിക്കുന്നു.

മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ 110 രൂപയായിരുന്നു. അതുപോലും മാസങ്ങളോളം കുടിശ്ശികയാക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി ഉയര്‍ത്തുകയും അതു കൃത്യമായി നല്‍കുകയും ചെയ്തു. പെന്‍ഷന്‍ ആയിരം രൂപയാക്കുമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചിരുന്നു. ക്ഷേമപെന്‍ഷനുകളോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെ സമീപനം നൂറു ദിന പരിപാടിയില്‍ അവ്യക്തമാണ്. കാലവര്‍ഷം തുടങ്ങിയതോടെ മത്സ്യതൊഴിലാളികള്‍ പട്ടിണിയിലാണ്. ട്രോളിംഗ് നിരോധനം അടുത്ത ആഴ്ച നിലവില്‍ വരും. പഞ്ഞമാസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് 3000 രൂപ ആശ്വാസധനമായി എല്‍ ഡി എഫ് സര്‍ക്കാര്‍  പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നൂറു ദിന പരിപാടിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഇടമില്ല. ലോട്ടറി ഓര്‍ഡിനന്‍സ് നിയമാക്കുമെന്നും അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ലോട്ടറി തൊഴിലാളികള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ സഹായധനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി തുടങ്ങി എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വന്‍കിട പദ്ധതികള്‍ യു ഡി എഫിന്റെ സ്വന്തം പദ്ധതികളായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അവ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നല്ലത്. കൊച്ചി മെട്രോയും മുഖ്യമന്ത്രി വന്‍കിട പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറു ദിവസത്തിനകം മെട്രോ പദ്ധതിക്ക് അനുമതി നേടാന്‍ മുഖ്യമന്ത്രിക്ക് കഴിയുമെന്നു പ്രതീക്ഷിക്കാം.

നൂറു ദിന പരിപാടിയുടെ ഭാഗമായി നടത്തിയ ചില പ്രഖ്യാപനങ്ങള്‍ യു ഡി എഫ് സര്‍ക്കാര്‍ അവലംബിക്കാന്‍ പോകുന്ന നയങ്ങളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. ഉന്നത പ്രൊഫഷണല്‍ കോളജുകള്‍ക്ക് എന്‍ ഒ സി നല്‍കുമെന്ന പ്രഖ്യാപനം, ഒരു നിയന്ത്രണവുമില്ലാതെ ഉന്നത വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മാത്രമേ കാണാനാവൂ. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമായി വരികയാണ്. വിദ്യാഭ്യാസ കച്ചവടക്കാരെ കയറൂരി വിടാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന പ്രഖ്യാപനത്തിന്റെ ലക്ഷ്യം, എല്‍ ഡി എഫിന്റെ കാലത്ത് നടപ്പാക്കിയ ക്ഷേമപരിപാടികള്‍ അട്ടിമറിക്കുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് കാര്യക്ഷമമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പോലും സമ്മതിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയൊന്നും സര്‍ക്കാര്‍ നേരിടുന്നില്ല. എന്നാല്‍ പ്രതിസന്ധി ഉണ്ടെന്നു വരുത്തിത്തീര്‍ത്ത് ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ജനോപകാര പദ്ധതികള്‍ വെട്ടിക്കുറക്കാന്‍ യു ഡി എഫ് ശ്രമിക്കുമെന്നതിന്റെ സൂചനയാണ് ധവളപത്ര പ്രഖ്യാപനം നല്‍കുന്നത്.

നൂറു ദിവസം കൊണ്ടു നടപ്പാക്കാവുന്ന പദ്ധതികള്‍ വിവിധ വകുപ്പുകളില്‍ നിന്നും ശേഖരിക്കുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അങ്ങിനെ ശേഖരിച്ച് പ്രഖ്യാപിച്ച നൂറു ദിന പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമായി പരിണമിച്ചിരിക്കുകയാണ്.

janayugom editorial 040611

1 comment:

  1. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലെ യു ഡി എഫ് സര്‍ക്കാറും നൂറു ദിന പരിപാടി പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച നൂറു ദിന പരിപാടി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിലായിരുന്നു നൂറു ദിവസം കൊണ്ട് നടപ്പാക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ജൂണ്‍ 24 ന് നിയമസഭയില്‍ നടക്കാനിരിക്കുന്നതെയുള്ളു. നയപ്രഖ്യാപനത്തിന്റെ ഭാഗമാകേണ്ട പരിപാടികളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയെയാണ് ഉമ്മന്‍ചാണ്ടി മാതൃകയാക്കുന്നതെങ്കില്‍ പരിപാടി പ്രഖ്യാപനത്തില്‍ ഒതുങ്ങുമെന്നതില്‍ സംശയമില്ല. യു പി എയുടെ നൂറു ദിന പരിപാടിയിലെ മുഖ്യ ഇനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമവും സ്ത്രീസംവരണവുമായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അവ കടലാസില്‍ അവശേഷിക്കുന്നതെയുള്ളു.

    ReplyDelete