Friday, June 10, 2011

മോട്ടോര്‍ വാഹന വകുപ്പില്‍ ഇ -പെയ്‌മെന്റ് സംവിധാനം നടപ്പാക്കും

മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡ് സുരക്ഷാനിയമം കര്‍ശനമാക്കാന്‍ വയര്‍ലെസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സജ്ജമാക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും. ബസ് സ്റ്റേഷനിലും ബസുകളിലും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 'സേഫ് വുമണ്‍, സേഫ് ട്രാവല്‍' എന്ന മുദ്രാവാക്യത്തോടെ പ്രത്യേക സംവിധാനം ഏര്‍പെടുത്തും.

സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്, നെയ്യാറ്റിന്‍കര, എറണാകുളം സ്റ്റേഷനുകളിലാണ് ഏര്‍പെടുത്തുന്നത്. കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരുടെ ഒഴിവുകള്‍ 100 ദിനത്തിനുള്ളില്‍ നികത്തും. ഡ്രൈവര്‍ തസ്തികയിലെ 2000 ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ പി എസ് സി സ്വീകരിച്ചു കഴിഞ്ഞു. ഈവര്‍ഷം ആയിരം ബസുകള്‍ നിരത്തിലിറക്കും. പെന്‍ഷന്‍ വിതരണം എല്ലാമാസവും നിര്‍ദിഷ്ട തിയതിയില്‍ നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുള്‍പടെ കെ എസ ആര്‍ ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ പഠിക്കുന്നതിനായി ആറംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ധനം, ഗതാഗതം, റവന്യു, പൊതുമരാമത്ത്, സിവില്‍ സപ്ലൈസ്, വനം വകുപ്പ് മന്ത്രിമാരാണ് ഉപസമിതിയിലുള്ളത്.

നഷ്ടത്തിലുള്ള സര്‍വീസുകള്‍ പൊതുജനതാല്‍പര്യമനുസരിച്ച് പുനഃക്രമീകരിക്കും. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി ഉപ ഉടമ്പടിയില്‍ ഏര്‍പെടും. എയര്‍ സസ്‌പെന്‍ഷന്‍ സൗകര്യമുള്ള പുതിയ 30 ദീര്‍ഘദൂര എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കും. ലോഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സമീപ ഡിപ്പോകളിലേക്കു കൂടി വ്യാപിപ്പിക്കും. പട്ടണങ്ങളെ ബന്ധിപ്പിച്ച് പോയിന്റ് ടു പോയിന്റ് ബസ് സര്‍വീസുകള്‍ തുടങ്ങും. കെ എസ് ആര്‍ ടി സിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണവും എം-ഗവേണന്‍സും നടപ്പാക്കും.

ശബരിമല മാസ്റ്റര്‍പ്ലാന്‍ വേഗത്തില്‍ നടപ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ സെല്‍ രൂപീകരിക്കും. ദേവസ്വം മന്ത്രി ചെയര്‍മാനായി മോണിറ്ററിംഗ് സംവിധാനവും ഏര്‍പെടുത്തും. ശബരിമല തീര്‍ത്ഥാടനം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിക്കും. പുല്ലുമേട് ദുരന്തത്തിലും കണമല വാഹനാപകടത്തിലും മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസധനം നടപടികള്‍ പൂര്‍ത്തിയാക്കി 100 ദിവസത്തിനകം നല്‍കും. ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമാക്കാന്‍ ശാസ്ത്രീയമായി സുരക്ഷാമാന്വല്‍ തയാറാക്കി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ജനയുഗം 100611

2 comments:

  1. മോട്ടോര്‍ വാഹനവകുപ്പില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡ് സുരക്ഷാനിയമം കര്‍ശനമാക്കാന്‍ വയര്‍ലെസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സജ്ജമാക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

    ReplyDelete
  2. സംസ്ഥാനത്ത് എട്ടാംക്ലാസില്‍ പഠിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 55000 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ സൈക്കിള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. 15 കോടി രൂപയാണ് പദ്ധതി ചെലവ്. സ്‌കൂളുകളില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ കൂടുതലായി കൊഴിഞ്ഞുപോകുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
    സംസ്ഥാനത്തെ പട്ടികജാതി പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
    പട്ടികജാതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ 90 പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കും.

    ReplyDelete