Friday, June 10, 2011

സര്‍ക്കാരിന്റെ ഒത്താശയോടെ മൂന്നാറില്‍ വീണ്ടും ഭൂമികൈയേറ്റം

ഇടതുമുന്നണി സര്‍ക്കാര്‍ ശക്തമായ നടപടികളിലൂടെ തിരിച്ചുപിടിച്ച മൂന്നാര്‍ മേഖലയിലെ റവന്യൂഭൂമിയില്‍ വീണ്ടും കൈയേറ്റം തുടങ്ങി. ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലെ വിവിധ മേഖലകളില്‍ വ്യാപകമായി ഭൂമാഫിയ നടത്തുന്ന കയ്യേറ്റത്തിനെതിരെ റവന്യൂ, ഫോറസ്റ്റ് അധികൃതരും പൊലീസും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്.

ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജ്, ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളെ കേന്ദ്രീകരിച്ചാണ് കൈയേറ്റങ്ങള്‍ ഏറെയും നടക്കുന്നത്. വട്ടവട വില്ലേജില്‍ ഒരു ഡി സി സി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കൈയേറ്റം വ്യാപിക്കുന്നതെന്നും ഇവിടെ ഇദ്ദേഹത്തിന് 400 ഏക്കര്‍ ഭൂമിയുണ്ടെന്നും മറ്റുള്ളവരുടെ ഭൂമി സംരക്ഷിക്കുന്നതിന് ഭൂമിയായോ സ്ഥലമായോ ഇദ്ദേഹം പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നും വ്യാപകമായി ആരോപണമുണ്ട്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പിടിച്ചെടുത്ത് സ്ഥലമില്ലാത്തവര്‍ക്ക് 50 സെന്റ് ഭൂമി വീതം പതിച്ചുനല്‍കാന്‍ മാറ്റിയിട്ടിരുന്ന സ്ഥലവും കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58-ാം നമ്പര്‍ ബ്ലോക്കില്‍ നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിച്ച് വനം വകുപ്പ് ഏറ്റെടുത്ത സ്ഥലവും കൈയേറ്റക്കാരുടെ പിടിയിലായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കമ്പക്കല്ല്, കടവരി പ്രദേശങ്ങളില്‍ നിന്നും റവന്യൂ വകുപ്പ് വനം വകുപ്പിന് കൈമാറിയ ഭൂമിയിലും കൈയേറ്റക്കാര്‍ കടന്നുകയറിയിരിക്കുന്നു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനെതുടര്‍ന്നാണ് മൂന്നാര്‍ മേഖലയില്‍ ഭൂമാഫിയ വീണ്ടും തലപൊക്കിയത്.ചിന്നക്കനാലില്‍ കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ച് സംരക്ഷിച്ചിരുന്ന 250 ഏക്കര്‍ ഭൂമിയാണ് ഭൂമാഫിയകള്‍ കൈയേറി പന്നിഫാമുകളും ഏലകൃഷികളും സ്ഥാപിച്ചിരിക്കുകയാണ്. റിേസാര്‍ട്ടുകളിലേയ്ക്കും കയ്യേറിയ സ്ഥലങ്ങളിലേയ്ക്കും പുതിയതായുള്ള റോഡ് നിര്‍മാണങ്ങളും ഇവിടെ പുരോഗമിക്കുന്നു. കൈയേറ്റങ്ങള്‍ കണ്ടുപിടിച്ച് തടയുന്നതിനായി ദേവികുളം സബ് കളക്ടറും ഇടുക്കി ആര്‍ ടി ഒയും അടങ്ങുന്ന ഒരു ടീമിനെ കഴിഞ്ഞ ദിവസം കലക്ടര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവരുടെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല.

ജനയുഗം 100611

1 comment:

  1. ഇടതുമുന്നണി സര്‍ക്കാര്‍ ശക്തമായ നടപടികളിലൂടെ തിരിച്ചുപിടിച്ച മൂന്നാര്‍ മേഖലയിലെ റവന്യൂഭൂമിയില്‍ വീണ്ടും കൈയേറ്റം തുടങ്ങി. ദേവികുളം, ഉടുമ്പഞ്ചോല താലൂക്കുകളിലെ വിവിധ മേഖലകളില്‍ വ്യാപകമായി ഭൂമാഫിയ നടത്തുന്ന കയ്യേറ്റത്തിനെതിരെ റവന്യൂ, ഫോറസ്റ്റ് അധികൃതരും പൊലീസും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ്.

    ReplyDelete