Thursday, June 2, 2011

ബംഗ്ലാദേശ് മടക്കിയ വിഷക്കപ്പല്‍ പൊളിക്കാനായി ഇന്ത്യന്‍ തീരത്ത്

മാരക വിഷം വഹിച്ച് കുപ്രസിദ്ധിയാര്‍ജിച്ച പ്രോബോ കോലാ എന്ന പനാമന്‍ കപ്പല്‍ പൊളിക്കുന്നതിനായി ഇന്ത്യന്‍ തീരത്തേയ്ക്ക് എത്തുന്നു. ഗുജറാത്തിലെ അലാങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രം ലക്ഷ്യമിട്ടാണ് പ്രോബോ കോല എത്തുന്നത്. നേരത്തെ പൊളിക്കലിനായി കരാര്‍ എടുത്ത അമേരിക്കന്‍ കമ്പനി ബംഗ്ലാദേശ് തുറമുഖത്തേയ്ക്ക് കപ്പല്‍ എത്തിച്ചെങ്കിലും അവിടെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അലാങിലേയ്ക്ക് കപ്പല്‍ എത്തിച്ചിരിക്കുന്നത്.

വിഷവാഹിനികളായ കപ്പലുകള്‍ പൊളിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ വിലയിരുത്തുന്ന എന്‍ ജി  ഒ ഷിപ്പ് ബ്രേക്കിംഗ് പ്ലാറ്റ്‌ഫോം എന്ന ഏജന്‍സിയാണ് പോബ്രോ കോലയുടെ ഇന്ത്യയിലേയ്ക്കുള്ള വരവിനെക്കുറിച്ച് ആദ്യം പുറത്തറിയിച്ചത്. 2006-ല്‍ ഐവറികോസ്റ്റ് തീരത്ത് മാലിന്യം നിക്ഷേപിച്ചതിനെത്തുടര്‍ന്ന് 17 പേരുടെ മരണത്തിന് ഇടവരുത്തുകയും 30,000 പേരെ രോഗബാധിതരാക്കുകയും ചെയ്ത കപ്പലാണ് പ്രോബോ കോല. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ വിയറ്റ്‌നാം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രോബോ കോല എന്ന പേരില്‍ തുറമുഖങ്ങളില്‍ അടുക്കുന്നതിന് 2006-ലെ ദുരന്തത്തിനു ശേഷം പ്രശ്‌നം നേരിട്ടപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലേയ്ക്ക് കപ്പല്‍ മാറ്റിയിരുന്നു. ട്രാഫിക് ഗുവാര എന്ന കമ്പനിയാണ് കോക്കര്‍ നാഫ്തയും കാസ്റ്റിക് സോഡയും മെര്‍ക്കാറ്റല്‍ സള്‍ഫറും വഹിക്കുന്ന കപ്പലിന്റെ ഉടമകള്‍. 2006-ല്‍ ഹോളണ്ടിലെ ആംസ്റ്റര്‍ഡാം തുറമുഖത്ത് മാലിന്യങ്ങള്‍ തള്ളുന്നതിനായി എത്തിയ പ്രോബോ കോലയെ അവിടുത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മടക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഐവറികോസ്റ്റിലെ അഭിജാന്‍ തുറമുഖത്ത് 528 ടണ്‍ മാലിന്യം ട്രാഫിക് ഗുവാര കമ്പനി ഒഴുക്കിയത്. ഇത് 17 പേരുടെ മരണത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് 152 മില്യണ്‍ യൂറോ ഐവറികോസ്റ്റിന് 2007-ല്‍ നഷ്ടപരിഹാരമായി കമ്പനി നല്‍കിയിരുന്നു. ദുരന്തത്തില്‍ രോഗബാധിതരായ 30,000 പേര്‍ക്ക് 30 മില്യണ്‍ പൗണ്ടും 2009-ല്‍ കമ്പനി കൈമാറി. നൈജീരിയയില്‍ 1,07,000 പേരാണ് രണ്ട് മാസം നീണ്ട പ്രോബോകോലയുടെ മാലിന്യ നിക്ഷേപത്തില്‍ അസുഖ ബാധിതരായതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

അമേരിക്കന്‍ കമ്പനിയായ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സിസ്റ്റമാണ് കപ്പല്‍ പൊളിക്കുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നത്. ചിറ്റഗോങിലെ കപ്പല്‍ശാലയിലാണ് പ്രോബോകോല അധികമാരും അറിയാതെ അമേരിക്കന്‍ കമ്പനി എത്തിച്ചത്. കപ്പല്‍ പൊളിക്കുന്നതിനുള്ള ധാരണ ആയിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റുകളില്‍ സൂചനകളുണ്ടെങ്കിലും എവിടെയാണ് പൊളിക്കുന്നതെന്നത് കപ്പല്‍ അധികൃതരും കമ്പനിയും രഹസ്യമായി വച്ചിരിക്കുകയാണ്. ഷിപ്പ് ബ്രേക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ രൂപപ്പെട്ടതിന്റെ സമ്മര്‍ദത്തില്‍ കപ്പലിന് രാജ്യത്ത് കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. നേരത്തെ വിഷവാഹിനിയായ ബ്ലൂ ലേഡി എന്ന ഫ്രഞ്ച് കപ്പലും ഫ്രഞ്ച് വിമാന വാഹിനിയായ ക്ലമന്‍സിയുവും പൊളിച്ച ചരിത്രമുള്ള അലാങാണ് കപ്പലിന്റെ അടുത്ത ലക്ഷ്യമെന്ന് വെളിവായിട്ടുണ്ട്്. പ്രോബോകോല ഇന്ത്യന്‍ തീരത്ത് പൊളിക്കുന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേരത്തെ ബ്ലൂ ലേഡിയും ക്ലമന്‍സിയുവും അലാങില്‍ പൊളിക്കുന്നതിന് അനുകൂലമായ നിലപാട് എടുത്ത ഗുജറാത്ത് സര്‍ക്കാരില്‍നിന്നും വ്യത്യസ്തമായ ഒരു നടപടിയ്ക്ക് ഇത്തവണയും സാധ്യതയില്ല.

janayugom 020611

1 comment:

  1. മാരക വിഷം വഹിച്ച് കുപ്രസിദ്ധിയാര്‍ജിച്ച പ്രോബോ കോലാ എന്ന പനാമന്‍ കപ്പല്‍ പൊളിക്കുന്നതിനായി ഇന്ത്യന്‍ തീരത്തേയ്ക്ക് എത്തുന്നു. ഗുജറാത്തിലെ അലാങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രം ലക്ഷ്യമിട്ടാണ് പ്രോബോ കോല എത്തുന്നത്. നേരത്തെ പൊളിക്കലിനായി കരാര്‍ എടുത്ത അമേരിക്കന്‍ കമ്പനി ബംഗ്ലാദേശ് തുറമുഖത്തേയ്ക്ക് കപ്പല്‍ എത്തിച്ചെങ്കിലും അവിടെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അലാങിലേയ്ക്ക് കപ്പല്‍ എത്തിച്ചിരിക്കുന്നത്.

    ReplyDelete