Thursday, June 16, 2011

കമ്മ്യൂണിസ്റ്റ് പുനരേകീകരണം: യെച്ചൂരിയുടെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് ചന്ദ്രപ്പന്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം വേണമെന്ന സി  പി എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായപ്രകടനം ആത്മാര്‍ഥമാണെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച തുടങ്ങാന്‍ വൈകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ച കാലഘട്ടത്തിലെ സാര്‍വദേശീയ, ദേശീയ സാഹചര്യങ്ങളൊന്നും  ഇന്ന് നിലനില്‍ക്കുന്നില്ല.  ഏറ്റവും ഒടുവില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇടതുപാര്‍ട്ടികളുടെ വര്‍ധിച്ച ഐക്യത്തിന്റേയും ഏകീകരണത്തിന്റേയും ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍തന്നെ പല പ്രശ്‌നങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ചാണ് നീങ്ങുന്നത്. പുനരേകീകരണം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. രണ്ടായി നിന്നേ പറ്റൂ എന്ന നിര്‍ബന്ധമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തേണ്ടതില്ല. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്രാപിക്കണമെങ്കില്‍ ശക്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുകതന്നെ വേണം. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ഐക്യനിര നമ്മെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. വളരെ ഗൗരവത്തോടെ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തെക്കുറിച്ച് ഗൗരവതരമായ ചിന്തകളും ചര്‍ച്ചയും വേണം. തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് ആവശ്യം.  രാജ്യത്ത് ഉടലെടുത്തിട്ടുളള പ്രതിസന്ധികളെ മുറിച്ച് കടക്കാന്‍ കമ്മ്യൂണിസ്റ്റ് പുനരേകീകരണം കൊണ്ട് സാധ്യമാകും. 1979 ല്‍ സി പി ഐ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നെങ്കിലും അത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയി. രാജ്യത്തെ പുതിയ കാലാവസ്ഥയും യെച്ചൂരിയുടെ അഭിപ്രായപ്രകടനവും വളരെ സ്വീകാര്യമാണെന്ന് ചന്ദ്രപ്പന്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനടക്കമുള്ള  എല്‍ ഡി എഫ് നേതാക്കളെ യു ഡി എഫ് വേട്ടയാടാന്‍ ശ്രമിച്ചാല്‍ എല്‍ ഡി എഫ് ഒറ്റക്കെട്ടായി നേരിടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടുകൂടിയാണ് എല്‍ ഡി എഫ് മത്സരിച്ചത്. മുന്നണിക്കുള്ളില്‍ ഉണ്ടായ വലിയ യോജിപ്പിന്റെ പ്രതിഫലനമാണ് എല്‍ ഡി എഫിന്റെ അഭിമാനകരമായ വിജയം. ഏറനാട് മാത്രമാണ് ഇതിനൊരു അപവാദം. ഏറനാട്ട് ഇടതുപക്ഷത്തിന്റെ വോട്ടില്‍ കാര്യമായ ചോര്‍ച്ച ഉണ്ടായതു സംബന്ധിച്ച് സി പി എമ്മുമായി ചര്‍ച്ച നടക്കുന്നുണ്ട്. ജൂലൈ 13ന് മലപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍  സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പങ്കെടുക്കുമെന്നും ചന്ദ്രപ്പന്‍ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഏറനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും എല്‍ ഡി എഫ് എന്ന നിലയിലുളള പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിലും ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി പുനസ്സംഘടിപ്പിക്കേണ്ടി വന്നു. നല്ല കമ്മ്യൂണിസ്റ്റുകാരന്റെ അച്ചടക്കവും മാതൃകയുമാണ് സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി വി ഉണ്ണികൃഷ്ണന്‍ പ്രകടിപ്പിച്ചതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

janayugom news

1 comment:

  1. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം വേണമെന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായപ്രകടനം ആത്മാര്‍ഥമാണെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച തുടങ്ങാന്‍ വൈകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete