Thursday, June 16, 2011

പരിസ്ഥിതി മറയാക്കി പദ്ധതി പൊളിക്കല്‍

കേരളത്തിന്റെ വികസനപദ്ധതികളെ പൊളിക്കാന്‍ കൃത്രിമമായി "പരിസ്ഥിതിവാദത്തെ" ആയുധമാക്കുകയാണ് കേന്ദ്രം. അതിരപ്പിള്ളിപദ്ധതിയുടെ കാര്യത്തിലായാലും വിഴിഞ്ഞംപദ്ധതിയുടെ കാര്യത്തിലായാലും തുടര്‍ച്ചയായി ഇതാണ് നടക്കുന്നത്. മൂന്നുവട്ടം പാരിസ്ഥിതികാനുമതി ലഭിച്ച അതിരപ്പിള്ളിപദ്ധതി പരിസ്ഥിതികാര്യംതന്നെ മുന്‍നിര്‍ത്തി വീണ്ടും പഠിക്കണമെന്ന് പറയുന്നത് ആ പദ്ധതിയെ ആത്യന്തികമായി തകര്‍ക്കാനാണ്. വിഴിഞ്ഞംപദ്ധതി പൊളിക്കാനാകട്ടെ, പരിസ്ഥിതിയുമായി പുലബന്ധംപോലുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പരിസ്ഥിതിപഠനം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം.

വിഴിഞ്ഞംപദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ ആദ്യം പറഞ്ഞ കാരണങ്ങള്‍ക്കൊന്നും പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ല. 2011 ജനുവരിയിലെ അപ്രൈസല്‍ കമ്മിറ്റി വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി നിഷേധിച്ചതിനു പറഞ്ഞ കാരണങ്ങള്‍ വിചിത്രങ്ങളാണ്. തൂത്തുക്കുടി തുറമുഖം ഇനിയും വികസിച്ചേക്കാനിടയുണ്ട്. മദിരാശി തുറമുഖം വികസനപാതയിലാണ്, മലേഷ്യയുമായി ബന്ധപ്പെട്ട് കുളച്ചലില്‍ വേറെ തുറമുഖം വരാനിടയുണ്ട്. 125 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു തുറമുഖമുണ്ട്- എന്നൊക്കെ പറയുന്നതിന് പരിസ്ഥിതിയുമായി എന്താണ് ബന്ധം? ഇപ്പറയുന്ന കാരണങ്ങളൊന്നും പരിസ്ഥിതിവകുപ്പിന്റെ പരിഗണനാ വിഷയങ്ങളേ ആകേണ്ടതില്ല. അനുമതി നിഷേധിച്ച അപ്രൈസല്‍ കമ്മിറ്റി യോഗത്തില്‍ മന്ത്രി ജയറാം രമേശിന്റെ കീഴിലുള്ള പരിസ്ഥിതിവകുപ്പ് സെക്രട്ടറി പങ്കെടുത്തിരുന്നു. ജയറാം രമേശിന്റെ കേരളവിരുദ്ധ താല്‍പ്പര്യങ്ങള്‍ അയാള്‍വഴി പരിസ്ഥിതി കമ്മിറ്റിയെക്കൊണ്ട് നടത്തിച്ചെടുത്തതാകാനേ വഴിയുള്ളൂ. ഇക്കാര്യം തുറന്നുകാട്ടിയപ്പോള്‍ , മറ്റൊന്നായി കേന്ദ്രത്തിന്റെ നിലപാട്. അടുത്ത് ഫിഷിങ് ഹാര്‍ബര്‍ ഉണ്ടെന്നതായി അപ്പോള്‍ വാദം. ഓരോ മുടന്തന്‍ ന്യായം പറഞ്ഞ് കേരളത്തിന്റെ അഭിമാനപദ്ധതി പൊളിക്കുക എന്ന രാഷ്ട്രീയതന്ത്രമല്ലാതെ മറ്റൊന്നുമല്ല, ഈ മന്ത്രി പയറ്റുന്നത്.

ലോകത്തിലെ അഞ്ച് പ്രമുഖ തുറമുഖങ്ങളിലൊന്നായി വികസിക്കാന്‍ വേണ്ട ശേഷിസാധ്യതകളുള്ളതാണ് വിഴിഞ്ഞം. ഇതര തുറമുഖങ്ങളെ അപേക്ഷിച്ച് പ്രകൃതിദത്തമായിത്തന്നെ ഏറെ അനുകൂല ഘടകങ്ങള്‍ ഇതിനുണ്ട്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ ഷിപ്പുകള്‍ക്ക് കടന്നുപോകാന്‍ 15 മീറ്റര്‍ ആഴമാണ് വേണ്ടതെങ്കില്‍ ഇവിടെ 20 മീറ്റര്‍ ആഴമുണ്ട്. ഇനി രണ്ടു തലമുറകൂടി കഴിഞ്ഞാലും ഡ്രഡ്ജിങ് ആവശ്യമില്ല എന്നര്‍ഥം. അന്താരാഷ്ട്ര കടല്‍പ്പാതയില്‍നിന്ന് ഒമ്പത് നോട്ടിക്കല്‍ മൈല്‍ ദൂരമേ വിഴിഞ്ഞത്തിനുള്ളൂ. കൊളംബോയ്ക്കാകട്ടെ 180 നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ട്. ഈ അനുകൂല ഘടകങ്ങള്‍ പരിഗണിച്ച് പണ്ടേ വന്‍ അന്താരാഷ്ട്ര തുറമുഖപദ്ധതി ഇവിടെ നടപ്പാകേണ്ടതായിരുന്നു. അത് ചെയ്യാത്തതിന് ഖേദം പ്രകടിപ്പിക്കേണ്ട കേന്ദ്രം ഇപ്പോഴും ഈ പദ്ധതിയെ ഇല്ലായ്മചെയ്യാന്‍ നോക്കുകയാണ്. കൊളംബോയിലാണ് ഏഷ്യയിലേക്കുള്ള ട്രാന്‍സ്ഷിപ്മെന്റിന്റെ ഏറിയകൂറും ഇപ്പോള്‍ നടക്കുന്നത്. ഇത് വിഴിഞ്ഞം വന്നാല്‍ മാറും. അതുണ്ടാകാതിരിക്കാന്‍ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനി ലോബികള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ള വാദങ്ങളാണ് കേന്ദ്രം ഏറ്റെടുക്കുന്നതെന്ന് സംശയിക്കാന്‍ ന്യായമുണ്ട്. പദ്ധതി നടപ്പാക്കാനുള്ള എല്ലാ ഒരുക്കവും കേരളം പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി രണ്ട് നാളുകള്‍ക്കുമാത്രം അപ്പുറമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 450 കോടി രൂപ ബജറ്റിലൂടെ നല്‍കാമെന്ന് കേരളം പ്രഖ്യാപിച്ചതാണ്. 100 കോടി പ്രാഥമികമായി വകയിരുത്തിയതുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തിലുള്ള ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2500 കോടി രൂപ സമാഹരിക്കാനുള്ള സംവിധാനവും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്തു.

ഒന്നാംഘട്ടത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന് 900 കോടി രൂപയാണ് വേണ്ടതെന്ന് കണ്ടെത്തി. അതിനുള്ള ഏര്‍പ്പാടുണ്ടാക്കി. 121 ഏക്കര്‍ സ്ഥലം വേണ്ടതില്‍ 51 ഏക്കര്‍ ഏറ്റെടുത്തു. 81 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയാക്കി. വൈദ്യുതികാര്യങ്ങള്‍ക്കായി 41 കോടി രൂപ നിക്ഷേപിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി വെള്ളായണി കായലിനടുത്ത് 25 സെന്റും വിഴിഞ്ഞത്ത് 50 സെന്റും സ്ഥലം ഏറ്റെടുത്ത് കൈമാറി. കോവളം, വിഴിഞ്ഞം, പൂവാര്‍ , കളിയിക്കാവിള എന്നിവിടങ്ങളില്‍ 80 കോടിയുടെ മെയിന്റനന്‍സ് നടത്തി. റെയില്‍വേകാര്യങ്ങള്‍ക്ക് "റൈറ്റ്സ്" എന്ന സ്ഥാപനത്തെക്കൊണ്ട് പഠനം നടത്തി. ഇങ്ങനെ ശുഭവിശ്വാസത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിസ്സഹായരായി ശമ്പളം വാങ്ങിച്ച് ഡല്‍ഹിയില്‍ കുടിയിരിക്കുന്നു. മറ്റ് കേന്ദ്രമന്ത്രിമാര്‍ ഊഴംവച്ച് വന്ന് കേരളത്തെ ദ്രോഹിക്കുന്നു. വിഴിഞ്ഞം തുറമുഖകാര്യത്തിന് മുമ്പ് രണ്ട് ചൈനീസ് കമ്പനി വന്നിരുന്നു. അന്ന് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. തുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ച് പൊതു-സ്വകാര്യ സംയുക്ത പങ്കാളിത്തത്തില്‍ പദ്ധതി തുടങ്ങാന്‍ ധാരണയുണ്ടാക്കി. ലാന്‍കോ കമ്പനി പദ്ധതി ഏറ്റെടുത്ത് നടത്തുമെന്ന സ്ഥിതി വന്നു. കേസുകളും ചില കേന്ദ്രങ്ങളുടെ സമ്മര്‍ദവും ഒക്കെ വന്നപ്പോള്‍ അത് നടക്കാതായി. കോടതി സ്റ്റേ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ലാന്‍കോയ്ക്ക് ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് സ്വീകരിക്കാമായിരുന്നു. പക്ഷേ, ചില കേന്ദ്രങ്ങള്‍ ചെലുത്തിയ സമ്മര്‍ദത്തിലാകാം അതും ഇല്ലാതായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇതിലൊന്നും തളരാതെ പദ്ധതിയുമായി മുന്നോട്ടുപോയി. ലോകബാങ്കിനു കീഴിലെ സബ്സിഡിയറി സ്ഥാപനമായ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെക്കൊണ്ട് പഠനം നടത്തിച്ചു. അങ്ങനെയാണ് പുതിയ ഒരു സമ്പ്രദായത്തില്‍ തുറമുഖമായി വികസിപ്പിച്ചെടുക്കാന്‍ ധാരണയായത്. ആ പ്രവര്‍ത്തനങ്ങള്‍ വലിയ ഒരളവില്‍ മുമ്പോട്ടുപോയപ്പോഴാണ് പരിസ്ഥിതി ആഘാതപഠനം എന്ന ആയുധവുമായി കേന്ദ്രമന്ത്രി ജയറാം രമേശ് രംഗത്തുവന്നത്.

കേരളത്തിന്റെ മുഖത്തേല്‍ക്കുന്ന അടിയാണ് ഈ തടസ്സവാദം. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചതെന്ന് വൈദ്യുതിമന്ത്രിയായിരുന്ന എ കെ ബാലന്‍ തെളിവ് നല്‍കാനുള്ള സന്നദ്ധതയോടെ പറഞ്ഞുകഴിഞ്ഞു. കേന്ദ്രം മൂന്നുതവണ പാരിസ്ഥിതികാനുമതി നല്‍കിയ പദ്ധതിയെയാണ് ഈവിധം തകര്‍ക്കുന്നത്. 1989ല്‍ പ്രാഥമിക പരിശോധനയും നടപടിയും പൂര്‍ത്തിയാക്കിയതാണ്. "98ലും 2005ലും 2007ലും അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ആവര്‍ത്തിച്ച് അനുമതി നല്‍കി. വ്യവസ്ഥാപിതമായ എല്ലാ പരിശോധനാക്രമത്തിലൂടെയും കടന്നുവന്നുകഴിഞ്ഞ ഈ പദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ എന്ത് പ്രത്യേകാവകാശമാണ് മന്ത്രി ജയറാം രമേശിനുള്ളത്? അതിരപ്പിള്ളിപോലുള്ള പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ച് കേരളത്തെ ഇരുട്ടിലാക്കാനും വിഴിഞ്ഞംപോലുള്ള പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ച് കേരളത്തിന്റെ വികസനാഗ്രഹങ്ങളെ തകര്‍ക്കാനും കച്ചകെട്ടിയിറങ്ങിയ കൂട്ടരാണ് കേന്ദ്രത്തില്‍ ഇന്നുള്ളത്. ശമ്പളവും ടിഎയും വാങ്ങി കൊടിപറക്കുന്ന കാറില്‍ കറങ്ങുക എന്നതല്ലാതെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് കേരളതാല്‍പ്പര്യത്തില്‍ ഒരു പണിയും ചെയ്യാനില്ലെന്നു വന്നിരിക്കുന്നു. കേരളത്തില്‍ വന്ന് കേരളത്തിനെതിരായി പ്രഖ്യാപനം നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ക്കുമുന്നില്‍ വിധേയരായി ഓച്ഛാനിച്ച് നില്‍ക്കാനല്ലാതെ കേരളത്തിലെ യുഡിഎഫ് മന്ത്രിമാരെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലെന്നുവന്നിരിക്കുന്നു. ദയനീയമാണ് ഈ അവസ്ഥ!

deshabhimani 160611

1 comment:

  1. കേരളത്തിന്റെ വികസനപദ്ധതികളെ പൊളിക്കാന്‍ കൃത്രിമമായി "പരിസ്ഥിതിവാദത്തെ" ആയുധമാക്കുകയാണ് കേന്ദ്രം. അതിരപ്പിള്ളിപദ്ധതിയുടെ കാര്യത്തിലായാലും വിഴിഞ്ഞംപദ്ധതിയുടെ കാര്യത്തിലായാലും തുടര്‍ച്ചയായി ഇതാണ് നടക്കുന്നത്. മൂന്നുവട്ടം പാരിസ്ഥിതികാനുമതി ലഭിച്ച അതിരപ്പിള്ളിപദ്ധതി പരിസ്ഥിതികാര്യംതന്നെ മുന്‍നിര്‍ത്തി വീണ്ടും പഠിക്കണമെന്ന് പറയുന്നത് ആ പദ്ധതിയെ ആത്യന്തികമായി തകര്‍ക്കാനാണ്. വിഴിഞ്ഞംപദ്ധതി പൊളിക്കാനാകട്ടെ, പരിസ്ഥിതിയുമായി പുലബന്ധംപോലുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പരിസ്ഥിതിപഠനം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം.

    ReplyDelete