Wednesday, June 1, 2011

ഭോപ്പാല്‍: ആന്റേഴ്‌സണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണം

ഭോപ്പാല്‍: ആന്റേഴ്‌സണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതകദുരന്തക്കേസിലെ മുഖ്യപ്രതി വാറന്‍ ആന്റേഴ്‌സണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിടണമെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വാതക ദുരന്തത്തിനു കാരണമായ യൂണിയന്‍ കാര്‍ബൈഡിന്റെ തലവനായിരുന്ന ആന്റേഴ്‌സണെതിരെ സി ബി ഐ നടത്തിയിരുന്ന അന്വേഷണത്തിലെ വിവരങ്ങളടക്കം പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ആന്‍ഡ്രേഴ്‌സണിന്റെ കാര്യത്തില്‍ സി ബി ഐയും മന്ത്രാലയവും കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചും ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇതുവരെ ചിലവഴിച്ച തുകയെക്കുറിച്ചും അറിയണം എന്നാവശ്യപ്പെട്ട്  ഡല്‍ഹിക്കാരനായ അഫ്രോസ് ആലം ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്ന നിലപാടില്‍ മന്ത്രാലയം ഉറച്ചു നിന്നു. ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.
വിവരാവകാശ കമ്മീഷണറായ അന്നപൂര്‍ണ്ണ ദീക്ഷിതാണ് ഈ മാസം പത്തിനകം പരാതിക്കാരന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. പൊതു ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും അന്നപൂര്‍ണ്ണ കൂട്ടിച്ചേര്‍ത്തു. അതിനുള്ള നിയമപരമായ തടസങ്ങള്‍ മാറ്റേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

1984ലാണ് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വാതകദുരന്തങ്ങളില്‍ ഒന്നായ ഭോപ്പാല്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും അതിലും എത്രയോ ആളുകള്‍ തീരാരോഗികളായി മാറുകയും ചെയ്തിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധിപ്രഖ്യാപനം വന്നപ്പോള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് ആന്റേഴ്‌സണെ വെറുതെ വിടുകയായിരുന്നു.

കള്ളപ്പണം: ബാബ രാംദേവ് നിരാഹാരത്തിന്

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള ജനവികാരം ശക്തമാക്കാന്‍ ബാബ രാംദേവ് നിരാഹാര സമരത്തിനൊരുങ്ങുന്നു. അഴിമതിക്കും ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെകൊണ്ടുവരുന്നതിനുമാണ് രാംദേവ് ജൂണ്‍ നാലു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തന്റെ ആവശ്യം അംഗീകരിക്കുംവരെ നിരാഹാര സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന്  രാംദേവ് വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള നിരാഹാര സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് പ്രധാനമന്ത്രി രാംദേവിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രിയെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കമെന്നുള്ള രാംദേവിന്റെ ഇന്നലത്തെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും വിശ്വസ്യത ചോദ്യം ചെയ്യെപ്പടുന്ന പക്ഷം ലോക്പാലിന്റെ വിശ്വാസ്യത എങ്ങനെയാണ് അംഗീകരിക്കാനാകുക എന്നായിരുന്നു രാംദേവ് മദ്ധ്യപ്രദേശില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ദ്രിസഭ രാഷ്ട്രീയകാര്യ സമിതി രാംദേവിന്റെ സമരം ഉയര്‍ത്താനിടയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.  ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കണക്കെടുക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും സമിതി തീരുമാനിച്ചിരുന്നു. സമരം ആരംഭിക്കാതിരിക്കാന്‍ ബാബാ രാംദേവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര മന്ത്രി കമല്‍നാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കള്ളപ്പണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദീകരിക്കുന്നതിന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്രയെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇരുവരും നടത്തിയ അനുരഞ്ജന നീക്കം ഫലം കണ്ടിട്ടില്ല.

ജനയുഗം 010611

1 comment:

  1. ഭോപ്പാല്‍ വാതകദുരന്തക്കേസിലെ മുഖ്യപ്രതി വാറന്‍ ആന്റേഴ്‌സണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിടണമെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വാതക ദുരന്തത്തിനു കാരണമായ യൂണിയന്‍ കാര്‍ബൈഡിന്റെ തലവനായിരുന്ന ആന്റേഴ്‌സണെതിരെ സി ബി ഐ നടത്തിയിരുന്ന അന്വേഷണത്തിലെ വിവരങ്ങളടക്കം പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ആന്‍ഡ്രേഴ്‌സണിന്റെ കാര്യത്തില്‍ സി ബി ഐയും മന്ത്രാലയവും കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചും ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇതുവരെ ചിലവഴിച്ച തുകയെക്കുറിച്ചും അറിയണം എന്നാവശ്യപ്പെട്ട് ഡല്‍ഹിക്കാരനായ അഫ്രോസ് ആലം ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്ന നിലപാടില്‍ മന്ത്രാലയം ഉറച്ചു നിന്നു. ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.

    ReplyDelete