Wednesday, June 1, 2011

2ജി സ്‌പെക്ട്രം: ദയാനിധിമാരനും കുടുങ്ങും; സണ്‍ ടിവിക്ക് ലഭിച്ചത് 700 കോടി

2ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രിയായ ദയാനിധിമാരന്റെ പങ്ക് കൂടുതല്‍ വെളിവാകുന്നു. തെഹല്‍ക പുറത്തുകൊണ്ടുവന്ന അഴിമതി ആരോപണം സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരണം നല്‍കണമെന്ന് ഇടത് പാര്‍ട്ടികളും ബി ജെ പിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാരന്‍തന്നെ മറുപടിപറയേണ്ടതാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

തെഹല്‍കയില്‍ വന്ന റിപ്പോര്‍ട്ടിനെതിരെ മാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഒരു കോടി രൂപയുടെ മാനനഷ്ടത്തിന് കേസ്‌കൊടുത്തു. ഇക്കണോമിക് ടൈംസ് ഒഫ് ബന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കോ ലിമിറ്റഡിന്റെ പ്രിന്റര്‍, പബ്ലിഷര്‍, എഡിറ്റര്‍ തുടങ്ങിയവര്‍ക്കെതിരായാണ് മാരന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആദ്യ യു പി എ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ 2ജി സ്‌പെക്ട്രത്തോടെയുള്ള 14 യൂണിഫൈഡ് അസസ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പില്‍നിന്നും 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചെന്ന വവരത്തെക്കുറിച്ചാണ് സി ബി ഐ അന്വേഷിക്കുന്നതെന്നാണ് തെഹല്‍ക പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട്. ദയാനിധി മാരനും കുടുംബത്തിനുമുള്ള പങ്കിനെക്കുറിച്ച് സി ബി ഐ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകളും എ പിയുമായ കനിമൊഴിയുടെ അറസ്റ്റിനു പിന്നാലെയാണ് മാരന്റെ അഴിമതിയും പുറത്തുവന്നിരിക്കുന്നത്.
മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്‍ ഗ്രൂപ്പിന് 2006 നവംബറിലാണ് മാരന്‍ 14 ലൈസന്‍സ് നല്‍കിയത്. 1399 കോടി രൂപയുടേതായിരുന്നു ഈ ഇടപാട്. ലൈസന്‍സിന് 2001ലെ ലേലത്തില്‍ ലഭിച്ച അതേ തുകയ്ക്കുതന്നെയാണ് 2006ല്‍ മാരന്‍ ലൈസന്‍സ് അനുവദിച്ചതും. പിന്നീട് 2008ല്‍ ടെലികോം മന്ത്രിയായ എ രാജയും ഈ തുകയ്ക്കുതന്നെയാണ് സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയത്.

2004ല്‍ മാരന്‍ ടെലികോം മന്ത്രിയായപ്പോള്‍തന്നെ എയര്‍ സെല്‍ കമ്പിനി ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് നല്‍കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

ഉടമയും എയര്‍സെല്ലിന്റെ പ്രമോട്ടറുമായ സി ശിവശങ്കരന്‍ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ഓഹരി വില്‍ക്കാന്‍ എയര്‍ സെല്‍ തീരുമാനിച്ചത്. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്ന  കാര്യം സ്‌പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷയിന്മേല്‍ അനുമതിയ ലഭിക്കുന്നില്ലെന്നതായിരുന്നു. തുടര്‍ന്ന് 2006ലാണ് മലേഷ്യന്‍ ബിസിനസ് സംരംഭമായ മാക്‌സിസ് ഗ്രൂപ്പിന്റെ ഉടമയായ അനന്തകൃഷ്ണന്‍ എയര്‍ സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങുന്നത്. സ്റ്റൈര്‍ലിങ് ഇന്‍ഫോടെക്കിന്റെ ഉടമകൂടിയായ ശിവശങ്കരന്‍തന്നെയായിരുന്നു എയര്‍ സെല്ലിന്റെയും ഉടമ. ശ്രീലങ്കന്‍ തമിഴരായ മാതാപിതാക്കളുള്ള അനന്തകൃഷ്ണന്റെ മാക്‌സിസിന്റെ പ്രമോട്ടര്‍മാരുമായി അടുത്ത ബന്ധമാണ് മാരന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എയര്‍സെല്ലിന്റെ ഓഹരി അനന്തകൃഷ്ണന് വില്‍ക്കുന്നതിന് മാരന്‍ ശക്തമായി ഇടപെട്ടെന്നും ശിവശങ്കരനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
അന്തകൃഷ്ണന്‍ എയര്‍ സെല്ലിന്റെ ഭൂരിഭാഗം ഓഹരിയും വാങ്ങി ആറുമാസത്തിനകംതന്നെ അവര്‍ക്ക് സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുകയും ചെയ്തു. 3390.82 കോടി രൂപയ്ക്കാണ് മാക്‌സിസ് ഗ്രൂപ്പ് എയര്‍സെല്ലിന്റെ ഓഹരികള്‍ വാങ്ങിയത്.

ഇതിനുള്ള സഹായങ്ങള്‍ ചെയ്തതിന് പ്രത്യുപകാരമായി അനന്തകൃഷ്ണന്റെ ഗ്രൂപ്പില്‍ ഒന്നായ സൗത്ത് ഏഷ്യന്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പിനി 600 കോടിരൂപ സണ്‍ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിക്കുകയായിരുന്നു. ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരനും ഭാര്യ കാവേരിയും ഉടമകളായ ടെലിവിഷന്‍ സ്ഥാപനത്തിനാണ് ഈ തുക ലഭിച്ചത്. സണ്‍ ടി വി 73.27 കോടി രൂപയുടെ സഞ്ചിത നഷ്ടം രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു ഈ ഇടപാട് നടന്നത്. 2008 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കുമിടയിലുള്ള ഒരുവര്‍ഷത്തിനുള്ളില്‍ 100 കോടി രൂപകൂടി അനന്തകൃഷ്ണന്റെ മറ്റൊരു കമ്പനിയായ സൗത്ത് ഏഷ്യ മള്‍ട്ടിമീഡിയ എന്ന സ്ഥാപനം മാരന്റെ സൗത്ത് ഏഷ്യ എഫ് എം റേഡിയോയില്‍ നിക്ഷേപിച്ചു. മാരന്റെ കുടുംബത്തിന്റെ വകയായ രണ്ട് കമ്പനികളില്‍ മാക്‌സിസ് ഗ്രൂപ്പ് പണം നിക്ഷേപിച്ചത് എയര്‍സെല്‍ ഏറ്റെടുക്കുന്നതിന് സഹായം നല്‍കിയതിനും സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചതിനുമുള്ള പ്രത്യുപകാരമായാണെന്നതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്.

മാരനെതിരായ അഴിമതി ആരോപണംകൂടി പുറത്തുവന്നതോടെ ഡി എം കെ തീര്‍ത്തും പ്രതിരോധത്തിലായിട്ടുണ്ട്. തനിക്കെതിരെ തെഹല്‍കയില്‍വന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മാരന്‍ പ്രതികരിച്ചു.

ജനയുഗം 010611

2 comments:

  1. 2ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രിയായ ദയാനിധിമാരന്റെ പങ്ക് കൂടുതല്‍ വെളിവാകുന്നു. തെഹല്‍ക പുറത്തുകൊണ്ടുവന്ന അഴിമതി ആരോപണം സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരണം നല്‍കണമെന്ന് ഇടത് പാര്‍ട്ടികളും ബി ജെ പിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാരന്‍തന്നെ മറുപടിപറയേണ്ടതാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

    ReplyDelete
  2. 2ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണവിധേയനായ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധിമാരനെ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചോദ്യംചെയ്യും. മാരന്‍ ടെലികോംവകുപ്പ് കൈകാര്യംചെയ്തിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ടെലികോംവകുപ്പിനോട് ആവശ്യപ്പെട്ടതായി ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ കൊച്ചിയില്‍ പറഞ്ഞു. മുന്‍ ടെലികോംമന്ത്രിമാരെയും ട്രായിയുടെ മുന്‍ ചെയര്‍മാന്‍മാരെയും ചോദ്യംചെയ്യുമെന്ന് ജെപിസി വൃത്തങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു. ആരെയൊക്കെ ചോദ്യംചെയ്യണമെന്ന് ഏഴിനും എട്ടിനും ചേരുന്ന ജെപിസി യോഗം തീരുമാനിക്കും. അഴിമതി സംബന്ധിച്ച് മാരനെ സിബിഐ ചോദ്യം ചെയ്തേക്കുമെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. മാരന്‍ രാജിവയ്ക്കണമെന്ന് പ്രമുഖ രാഷ്ട്രീയകക്ഷികളും സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. മാരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചെന്നൈയില്‍ ആവശ്യപ്പെട്ടു. പരോക്ഷമായി അഴിമതിയുടെ ഗുണഭോക്താവാണ് മാരന്‍ . തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. മാരന്‍ രാജിവച്ച് നിയമനടപടിക്ക് വിധേയനാകണമെന്ന് ജയലളിത ആവശ്യപ്പെട്ടു. മാരന്‍ രാജിവയ്ക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജി ആവശ്യപ്പെടണം- ജയലളിത പറഞ്ഞു. മാരന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി മൗനം പാലിക്കുകയാണ്. മാരന്‍ ടെലികോംമന്ത്രിയായിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച് ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ട് ബിജെപി സിബിഐ ഡയറക്ടര്‍ എ പി സിങ്ങിന് കത്തയച്ചു. അതിനിടെ, മാരന്റെ ഇടപെടല്‍ സംബന്ധിച്ച് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്പെക്ട്രം അനുവദിക്കുന്നതില്‍ ഏതെങ്കിലും പ്രത്യേക കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയിട്ടില്ലെന്ന് മാരന്‍ അവകാശപ്പെട്ടു. ആരോപണത്തില്‍ കഴമ്പില്ല. സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഗ്രൂപ്പില്‍ ഒരു ടെലികോം കമ്പനിയുടെയും നിക്ഷേപമില്ലെന്നും മാരന്‍ പറഞ്ഞു. പ്രമുഖ മൊബൈല്‍ കമ്പനിയായ എയര്‍ സെല്ലിന് ലൈസന്‍സ് നല്‍കിയ ഇനത്തില്‍ മാരന്‍ 700 കോടി രൂപയുടെ അഴിമതി നടത്തിയതായി തെഹല്‍ക മാസിക കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍സെല്ലിന്റെ ഓഹരിയുടമകളായ മലേഷ്യന്‍ കമ്പനി മാക്സിസും മാരന്റെ കുടുംബസ്ഥാപനമായ സണ്‍ഗ്രൂപ്പും തമ്മില്‍ 700 കോടിയുടെ ഇടപാട് നടന്നെന്നാണ് ആരോപണം. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഡിഎംകെ പ്രതിനിധിയായി 2004 മെയ് മുതല്‍ 2007 മെയ് വരെ ടെലികോംമന്ത്രിയായിരുന്നു മാരന്‍ . ഡിഎംകെ നേതാവ് കരുണാനിധിയുടെ അടുത്ത ബന്ധുവാണ്.

    ReplyDelete