Tuesday, June 7, 2011

വയനാട് ജില്ലയില്‍ റേഷന്‍ വിതരണം അവതാളത്തില്‍

കഴിഞ്ഞ ഒരാഴ്ചയായി വയനാട്ടില്‍ റേഷന്‍ വിതരണം അവതാളത്തിലായി. റേഷന്‍ കടകളിലേക്ക് വിതരണത്തിന് ആവശ്യമായ അരി എഫ്സിഐ ഗോഡൗണില്‍ എത്താത്തതാണ് ഇതിന് കാരണമായത്. റേഷന്‍ അരിയെ മാത്രം ആശ്രയിച്ചുകഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണില്‍ നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ റേഷന്‍ അരി എത്തിക്കുന്നത്. എന്നാല്‍ കയറ്റിയയക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് ജില്ലയിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. മെയ് മാസം അരിവരവ് കൃത്യമല്ലാതിരുന്നതിനാല്‍ ജൂണ്‍ നാല് വരെ റേഷന്‍ വിതരണം ദീര്‍ഘിപ്പിച്ചിരുന്നു. എങ്കിലും ഇക്കഴിഞ്ഞയാഴ്ച റേഷന്‍ വിതരണം നിലച്ചു. ഈ ചൊവ്വാഴ്ചയോടെ ശരിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയ്ക്ക് ആവശ്യത്തിന് അരി ഒരുമാസവും കൃത്യമായി എത്തുന്നില്ല. എപിഎല്‍ വിഭാഗത്തിന് കൊടുക്കുമെന്ന് പറഞ്ഞ അരി നല്‍കാനുമാകുന്നില്ല. ഈ പ്രശ്നം നിലനില്‍ക്കെയാണ് പുതിയ സര്‍ക്കാര്‍ 15 കിലോ അരി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യത്തിനുള്ള അരി ഇപ്പോള്‍തന്നെ ലഭ്യമല്ലെന്നിരിക്കെ കൂടുതല്‍ അരിയെങ്ങനെ നല്‍കുമെന്നത് അധികൃതര്‍ക്കും പറയാനാകുന്നില്ല.

മെയ് മാസം 2785 മെട്രിക് ടണ്‍ അരിയാണ് ജില്ലയില്‍ എത്തിയത്. മീനങ്ങാടി എഫ്സിഐ ഗോഡൗണിലാണ് അരി സംഭരിച്ചുവെക്കുന്നത്. അയ്യായിരം മെട്രിക് ടണ്‍ അരി സംഭരണശേഷിയുള്ള ഈ ഗോഡൗണില്‍ തിങ്കളാഴ്ച വിരലിലെണ്ണാവുന്ന ചാക്ക് അരി മാത്രമാണ് ഉണ്ടായിരുന്നത്. മെയ് മാസം വിതരണംചെയ്യാനുള്ള അരി ജൂണ്‍ മാസത്തോടെയാണ് മുഴുവനായി എത്തിയത്. കുറച്ചുമാസങ്ങളായി ഓരോ അഞ്ചാമത്തെ ആഴ്ചയിലും ജില്ലയിലും റേഷന്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. പൊതുമാര്‍ക്കറ്റില്‍ വിലകയറുമ്പോള്‍ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത് റേഷന്‍കടകളെയാണ്.

വയനാട് ജില്ലയില്‍ 1,03,633 എപിഎല്‍ കുടുംബങ്ങള്‍ക്കാണ് 10 കിലോഗ്രാം വീതം രണ്ട് രൂപയുടെ അരി നല്‍കേണ്ടത്. എന്നാല്‍ ആറ് കിലോമാത്രമാണ് നല്‍കാനാവുന്നത്. ഇതിന് മാത്രമായി 1036 ടണ്‍ വേണമെന്നിരിക്കെ 687 ടണ്‍ മാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്. എപിഎല്‍ വിഭാഗത്തില്‍തന്നെ 16,848 കുടുംബങ്ങള്‍ക്ക്് 8.50 രൂപ പ്രകാരമുള്ള അരിനല്‍കണം. 10 കിലോവീതം നല്‍കേണ്ടിടത്ത് ഇവര്‍ക്കും ആറ് കിലോ മാത്രമാണ് ലഭിക്കുന്നത്. 169 ടണ്‍ വേണമെന്നിരിക്കെ ഇവിടെയും 112 ടണ്‍മാത്രമാണ് കിട്ടുന്നത്. ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കെയാണ് സര്‍ക്കാര്‍ 15 കിലോ അരി നല്‍കുമെന്ന് പറയുന്നത്. കോഴിക്കോട് ജില്ലയിലെ തിക്കോടി, വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണുകളില്‍ നിന്നാണ് വയനാട്ടിലേക്ക് അരി എത്തിയിരുന്നത്. കുറച്ചുമാസമായി തിക്കോടിയില്‍നിന്ന് വരുന്നില്ല. കയറ്റിറക്കിലെയും എത്തിക്കുന്നതിലെയും പ്രശ്നങ്ങള്‍ ഇനിയും പരിഹരിച്ചാലേ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന അളവിലെങ്കിലും അരി കൊടുക്കാനാകൂ.

deshabhimani 070611

1 comment:

  1. കഴിഞ്ഞ ഒരാഴ്ചയായി വയനാട്ടില്‍ റേഷന്‍ വിതരണം അവതാളത്തിലായി. റേഷന്‍ കടകളിലേക്ക് വിതരണത്തിന് ആവശ്യമായ അരി എഫ്സിഐ ഗോഡൗണില്‍ എത്താത്തതാണ് ഇതിന് കാരണമായത്. റേഷന്‍ അരിയെ മാത്രം ആശ്രയിച്ചുകഴിയുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്സിഐ ഗോഡൗണില്‍ നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ റേഷന്‍ അരി എത്തിക്കുന്നത്. എന്നാല്‍ കയറ്റിയയക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് ജില്ലയിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.

    ReplyDelete