Saturday, June 11, 2011

മുഖംരക്ഷിക്കാന്‍ പുതിയ ഉത്തരവ് വിദ്യാഭ്യാസമന്ത്രിയും സീറ്റ് ഉപേക്ഷിച്ചു

മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി 50 ശതമാനം മെറിറ്റ് ക്വാട്ട അട്ടിമറിച്ചത് വിവാദമായതിനെ തുടര്‍ന്ന് മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്തുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ , ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയില്ലെന്ന് പ്രമുഖ മാനേജുമെന്റുകള്‍ നിലപാടെടുത്തതോടെ ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം കുഴഞ്ഞുമറിഞ്ഞു. അതിനിടെ, മന്ത്രിസ്ഥാനത്തിന് ഭീഷണിയാകുമെന്ന് ഭയന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും മകന് വഴിവിട്ട് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ തരപ്പെടുത്തിയ പിജി സീറ്റ് ഉപേക്ഷിച്ചു. അമ്പതു ശതമാനം സീറ്റുകളിലേക്ക് സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് കാണിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലെ 15ല്‍ ഏഴ് സീറ്റ് സര്‍ക്കാര്‍ ക്വോട്ടയിലാണ്. അബ്ദുറബ്ബിന്റെ മകന്‍ നഹാസ് നഹ പ്രവേശനം നേടിയ എം ഡി പീഡിയാട്രിക്സിലെ രണ്ട് സീറ്റില്‍ ഒന്ന് മെറിറ്റ് ക്വോട്ടയിലാണ്. ഈ മെറിറ്റ് ക്വോട്ടയിലാണ് മെയ് 31ന് നഹാസ് നഹയെ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വാഭാവികമായും ഈ സീറ്റ് ഒഴിയേണ്ടിവരും. അതല്ലെങ്കില്‍ മാനേജ്മെന്റിനൊപ്പംനിന്ന് സര്‍ക്കാരുമായി മന്ത്രിക്ക് നിയമയുദ്ധം നടത്തേണ്ടിവരും. കൂടാതെ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന നിയമക്കുരുക്കിലും പെടും. അതോടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് സീറ്റ് ഉപേക്ഷിച്ചത്.

സര്‍ക്കാരിന് 50 ശതമാനം സീറ്റ് വിട്ടുകൊടുക്കാതെ മുഴുവന്‍ സീറ്റും കൈക്കലാക്കിയ കോളേജില്‍ മകന്‍ പഠിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതിനാലാണ് സീറ്റുപേക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുമ്പ് മന്ത്രി അടൂര്‍ പ്രകാശും മകളുടെ സീറ്റ് ഉപേക്ഷിച്ചിരുന്നു. നിശ്ചിതസമയത്തിനകം മെറിറ്റ് ക്വോട്ടയിലേക്ക് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ അനുവദിക്കാത്തതിനാല്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മാനേജ്മെന്റിന്റെ പ്രവേശനത്തെ കോടതിയില്‍ ചോദ്യംചെയ്ത് അനുകൂലവിധി സമ്പാദിക്കാതെ, മെറിറ്റ് സീറ്റില്‍ പ്രവേശനമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക എളുപ്പമാകില്ല. ഇപ്പോള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളും സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാമറിയാമെങ്കിലും തല്‍ക്കാലം വിവാദത്തില്‍ നിന്ന് തടിയൂരാനാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍ .

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) നിര്‍ദേശമനുസരിച്ച് പിജി കോഴ്സുകളില്‍ 50 ശതമാനം സീറ്റ് മാനേജ്മെന്റുകള്‍ സര്‍ക്കാരിന് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ജൂണ്‍ 30 വരെ നീട്ടിയ സുപ്രീംകോടതി വിധി സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും ബാധകമാണെന്നും അതിനാല്‍ അവര്‍ ഈ സീറ്റില്‍ നടത്തിയ പ്രവേശനം റദ്ദാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു. എന്നാല്‍ , ഈ ഉത്തരവ് അനുസരിക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ "ദേശാഭിമാനി"യോട് പറഞ്ഞു. സുപ്രീകോടതി പറഞ്ഞാലേ സീറ്റ് വിട്ടുകൊടുക്കൂ. പ്രവേശനം ജൂണ്‍ 30 വരെ നീട്ടിയ സുപ്രീംകോടതി വിധിസ്വാശ്രയ കോളേജുകള്‍ക്കും ബാധകമാണെന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമോ അറിവില്ലായ്മയോ ആണ്. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് മെയ് 24ന് എംസിഐ നല്‍കിയ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടാതെ എംസിഐ നല്‍കിയ പ്രത്യേക മാതൃകയില്‍ പ്രവേശനം സംബന്ധിച്ച് വിശദ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും ലിസ്റ്റ് നല്‍കാത്തതിനാലാണ് സ്വന്തം നിലയില്‍ പ്രവേശനം നടത്തിയത്. ഈ വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തു. ഇനി മാറ്റാനാകില്ലെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. പിജിക്ക് ആകെയുള്ള 131 സീറ്റില്‍ 62 സീറ്റും ഡിപ്ലോമയ്ക്ക് 16ല്‍ എട്ട് സീറ്റും മെറിറ്റ് ക്വോട്ടയില്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു. അതേസമയം ഈ സീറ്റുകളിലേക്ക് ഫീസ് എത്രയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

സീറ്റുപേക്ഷിച്ചത് സമ്മര്‍ദ്ദം കൊണ്ടല്ല: അബ്ദുറബ്ബ്

മലപ്പുറം: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ മകന്‍ നേടിയ സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റ് ഉപേക്ഷിക്കുന്നതായി മന്ത്രി പി കെ അബ്ദദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തെ ഫീസായ 16 ലക്ഷം രൂപ നല്‍കി എംഡി പീഡിയാട്രിക്സിനാണ് പ്രവേശനം നേടിയത്. ആരുടെയും സമ്മര്‍ദംകൊണ്ടല്ല ഈ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ഇടപെട്ട് തെറ്റായ രീതിയില്‍ മകന് സീറ്റ് വാങ്ങിയെന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടന്നു. മാധ്യമങ്ങളിലൂടെ പുറമറ സൃഷ്ടിക്കാന്‍ ശ്രമമുണ്ടായി. മെറിറ്റ് സീറ്റിലല്ല മകന്‍ പ്രവേശനം നേടിയത്. മാനേജ്മെന്റ് ക്വാട്ടയിലായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ മകന്‍ നിഹാസിന് 395-ാം റാങ്കായിരുന്നു. ഓണ്‍ലൈന്‍ വഴി പിജിക്ക് അപേക്ഷിച്ചപ്പോള്‍ റാങ്ക്ലിസ്റ്റില്‍ പത്താമതായിരുന്നു. നാലുപേര്‍ വരാത്തതിനാല്‍ ആറാം റാങ്കുകാരനായി. ആകെ 56 പിജി സീറ്റുകള്‍ ഉള്ള മാനേജ്മെന്റ് ഒറ്റ സീറ്റുപോലും സര്‍ക്കാരിന് നല്‍കിയില്ലെന്ന് പിന്നീടാണ് മനസ്സിലായത്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടന്നാലും മകന്റെ റാങ്ക് പ്രകാരം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ഉറപ്പായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയുടെ അഭിപ്രായത്തില്‍ അപാകമില്ല. ഇതുമായി ബന്ധപ്പെട്ട എന്തുകാര്യവും മുഖ്യമന്ത്രിക്ക് അന്വേഷിക്കാം- മന്ത്രി പറഞ്ഞു.

deshabhimani 110611

1 comment:

  1. മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി 50 ശതമാനം മെറിറ്റ് ക്വാട്ട അട്ടിമറിച്ചത് വിവാദമായതിനെ തുടര്‍ന്ന് മെറിറ്റ് സീറ്റില്‍ പ്രവേശനം നടത്തുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ , ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയില്ലെന്ന് പ്രമുഖ മാനേജുമെന്റുകള്‍ നിലപാടെടുത്തതോടെ ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം കുഴഞ്ഞുമറിഞ്ഞു.

    ReplyDelete