Monday, June 20, 2011

ലോട്ടറി കേസില്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും: വി എസ്

ലോട്ടറി കേസില്‍ ഇനിയും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോട്ടറി വിറ്റ് കേരളത്തില്‍ നിന്ന് കൊണ്ടുപോയ കോടിക്കണക്കിനു രൂപ തീവ്രവാദ പ്രവര്‍ത്തനത്തിനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയായിരിക്കെ ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണം നടത്താതിരിക്കാനാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടുകളും നോട്ടിഫിക്കേഷനും എല്ലാം ആവശ്യപ്പെട്ട് കേന്ദ്രം കാലംകഴിച്ചുകൂട്ടിയത്. ഒടുവില്‍ , ഇതൊന്നുമില്ലാതെ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപല്‍ സുബ്രഹ്മണ്യം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ഹര്‍ജി തീര്‍പ്പാക്കിയത്. സംസ്ഥാനത്തു നിന്ന് പുറത്തേക്കൊഴുകിയ കള്ളപ്പണം, അതിന്റെ വിനിയോഗം, വില്‍പ്പന നികുതി വെട്ടിപ്പ്, അരുണ്‍കുമാര്‍ ഉള്‍പ്പെടെ ആരെങ്കിലും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സന്നദ്ധമാണെന്നാണ് ഗോപല്‍ സുബ്രഹ്മണ്യം കോടതിയില്‍ അറിയിച്ചത്. ലോട്ടറി കേസ് അട്ടിമറിക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചു എന്ന ആരോപണം സിബിഐക്ക് വിട്ടെന്ന് സര്‍ക്കാര്‍ പറയുന്നു. അരുണ്‍കുമാറിനെതിരെ ഇവിടെ എഫ്ഐആര്‍ ഉണ്ടോ. നോട്ടിഫിക്കേഷനും ഉണ്ടോ. അപ്പോള്‍ ഇതൊന്നുമില്ലാത്ത കാര്യങ്ങളും സിബിഐക്ക് അന്വേഷിക്കാമെന്നല്ലേ ഉമ്മന്‍ചാണ്ടിയുടെ നിലപാടിന്റെ അര്‍ഥം- വി എസ് ചോദിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ലോട്ടറി മാഫിയ വന്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ മാര്‍ട്ടിനു വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ വാദിച്ചത്. അന്നത്തെ പണം വെട്ടിപ്പ് അടക്കം അന്വേഷണപരിധിയില്‍ വരണം. അതല്ലാതെ, ഗോഡൗണ്‍ തീവച്ച സംഭവവും വാളയാര്‍ വഴി ലോട്ടറി കടത്തിയ സംഭവവും മറ്റും മാത്രം അന്വേഷിക്കാനല്ല സിബിഐയെ നിയോഗിക്കേണ്ടതെന്നും വി എസ് പറഞ്ഞു. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമമാക്കുന്നതിനെതിരെയുള്ള എല്ലാ നീക്കത്തെയും ശക്തമായി നേരിടും. കഴിഞ്ഞ നിയമസഭയുടെ അവസാന സമ്മേളനത്തില്‍ പാസാക്കിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടില്ല- വി എസ് പറഞ്ഞു.

deshabhimani 200611

1 comment:

  1. ലോട്ടറി കേസില്‍ ഇനിയും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete