Monday, June 20, 2011

വ്യാജമരുന്ന്‌ ലോബി പ്രതിമാസം നല്‍കുന്നത്‌ ലക്ഷങ്ങളുടെ കോഴ

ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക്‌ നല്‍കാന്‍ സ്വകാര്യ ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും മരുന്ന്‌ കമ്പനികളില്‍ നിന്ന്‌ മാസംതോറും വാങ്ങുന്നത്‌ ലക്ഷങ്ങള്‍. മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ്‌ കണ്‍ട്രോള്‍ അതോറിറ്റിയും നിഷ്‌കര്‍ഷിക്കുന്ന മാനദണ്‌ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന്‌ മരുന്നുകളാണ്‌ കേരളത്തില്‍ ഇങ്ങനെ വിറ്റഴിക്കുന്നത്‌.

സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക്‌ 50 ശതമാനം മുതല്‍ 70 ശതമാനം വരെ ലാഭവും ഡോക്‌ടര്‍മാര്‍ക്ക്‌ പണവും വാഷിംഗ്‌ മിഷിന്‍ മുതല്‍ കാറുകളും വരെ പാരിതോഷികം നല്‍കിയാണ്‌ വ്യാജമരുന്ന്‌ കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കേരളത്തിലെ രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നത്‌. വര്‍ഷങ്ങളായി തുടരുന്ന ഈ നടപടി ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്‌.

കേരളത്തില്‍ പടര്‍ന്ന്‌ പിടിക്കുന്ന വിവിധതരം പനികളും പ്രമേഹം, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കുമുള്ള മരുന്നുകളാണ്‌ വ്യാജമരുന്ന്‌ കമ്പനികള്‍ സംസ്‌ഥാനത്ത്‌ ഇങ്ങനെ വ്യാപകമായി വിറ്റഴിക്കുന്നത്‌.

ജനയുഗം വാര്‍ത്തയെ തുടര്‍ന്ന്‌ സംസ്‌ഥാന ഡ്രഗ്‌ കണ്‍ട്രോളര്‍ നിരോധിച്ച ഹിമാചല്‍പ്രദേശ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സീകോണ്‍ കമ്പനിയുടെ പ്രമേഹ രോഗത്തിനുള്ള ഗുണനിലവാരം കുറഞ്ഞ ജി എം പി 1 എം മരുന്ന്‌ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും സമീപത്തെ മെഡിക്കല്‍ സ്‌റ്റോറുകളിലും വില്‍ക്കാന്‍ കമ്പനി അധികൃതര്‍ ലക്ഷങ്ങളാണ്‌ മുടക്കിയത്‌. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന്‌ കഴിച്ച നൂറുകണക്കിന്‌ രോഗികള്‍ക്ക്‌ പാര്‍ശ്വഫലത്തെ തുടര്‍ന്ന്‌ വിവിധ ആശുപത്രികളില്‍ വിദഗ്‌ദ്ധ ചികിത്‌സ തേടേണ്ടിവന്നു. 3.50 പൈസ വിലയുള്ള ജി എം പി 1 എം ക്യാപ്‌സ്യുള്‍ രോഗികള്‍ക്ക്‌ നിര്‍ദ്ദേശിക്കാനായി ആകര്‍ഷകമായ കമ്മിഷനും പാരിതോഷികങ്ങളുമാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌ ലഭിച്ചത്‌.

വിവിധതരം പനികള്‍ക്കുള്ള മരുന്നുകളും ഈ രീതിയിലാണ്‌ സംസ്‌ഥാനത്ത്‌ വ്യാജമരുന്ന്‌ ലോബി വിറ്റഴിക്കുന്നത്‌. ഹെപ്പറ്റെറ്റിസ്‌ ബിക്കുള്ള പ്രതിരോധമരുന്നിന്‌ യഥാര്‍ത്ഥ വിലയില്‍ നിന്ന്‌ മൂന്ന്‌ മടങ്ങ്‌ കൂടുതലാണ്‌ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന്‌ ഈടാക്കുന്നത്‌. ഒരു ഡോസിന്‌ 200 രൂപയില്‍ താഴെ മാത്രം യഥാര്‍ത്ഥ വിലയുള്ളപ്പോള്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ വാങ്ങുന്നത്‌ 600 രൂപയില്‍ കൂടുതലാണ്‌.

പേ വിഷബാധക്കെതിരെയുള്ള മരുന്നിനും ഓരോ സ്വകാര്യ ആശുപത്രിയും തോന്നുന്നവിധമാണ്‌ വില ഈടാക്കുന്നത്‌. കുട്ടികള്‍ക്കുള്ള വിവിധതരം പ്രതിരോധ കുത്തിവെയ്‌പുകളുടെ പേരിലും ജനങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ രൂപയാണ്‌ സ്വകാര്യ ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും വര്‍ഷങ്ങളായി തട്ടിയെടുത്തുകൊണ്ടിരിക്കുന്നത്‌.

സ്വകാര്യ ആശുപത്രി അധികൃതരുടെ ലാഭക്കൊതിയും ഡോക്‌ടര്‍മാരുടെ ആര്‍ത്തിയും കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ വ്യാജമരുന്ന്‌ ലോബികള്‍ക്ക്‌ സഹായകമാണ്‌. സാമൂഹ്യസേവനത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ പറ്റുന്ന ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും ലാഭക്കൊതി മാത്രം ലക്ഷ്യമിടുമ്പോള്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കഴിച്ച്‌ കേരളത്തിലെ ജനങ്ങള്‍ മാറാരോഗങ്ങളിലേക്ക്‌ വീണുകൊണ്ടിരിക്കുന്നു. അതേസമയം ആരോഗ്യവകുപ്പ്‌ അധികൃതര്‍ വ്യാജമരുന്നുകള്‍ക്കെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുന്നുമില്ല.
(ജോമോന്‍ വി സേവ്യര്‍)

janayugom 200611

2 comments:

  1. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക്‌ നല്‍കാന്‍ സ്വകാര്യ ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും മരുന്ന്‌ കമ്പനികളില്‍ നിന്ന്‌ മാസംതോറും വാങ്ങുന്നത്‌ ലക്ഷങ്ങള്‍. മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ്‌ കണ്‍ട്രോള്‍ അതോറിറ്റിയും നിഷ്‌കര്‍ഷിക്കുന്ന മാനദണ്‌ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന്‌ മരുന്നുകളാണ്‌ കേരളത്തില്‍ ഇങ്ങനെ വിറ്റഴിക്കുന്നത്‌.

    ReplyDelete
  2. this lobby started just after last election.. what the heck our govt did past five years? yeaa... to whom are we shouting?

    ReplyDelete