Monday, June 20, 2011

അട്ടിമറി നീക്കം ചെറുക്കുക

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേസുകള്‍ വ്യാജമായി സൃഷ്ടിക്കാനും സ്വന്തം നേതാക്കള്‍ക്കുനേരെ ഉയര്‍ന്നുവരുന്ന കേസുകള്‍ അധികാരദുര്‍വിനിയോഗത്തിലൂടെയും അറപ്പിക്കുന്ന അഴിമതിയിലൂടെയും അട്ടിമറിക്കാനും നിരന്തരം ശ്രമിക്കുന്ന പാരമ്പര്യമാണ് യുഡിഎഫിന്റേത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിമാരെ വിലയ്ക്കെടുത്തതിന്റെ നാറുന്ന കഥകള്‍ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ അടുത്ത ബന്ധുതന്നെയാണ്. ജഡ്ജിമാരെ കൈക്കൂലികൊടുത്ത് സ്വാധീനിച്ചതിന് ഇടനിലക്കാരനായി നിന്നയാളെ സംസ്ഥാനത്തിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിശ്ചയിച്ചതിലൂടെത്തന്നെ അത്തരം കേസുകളോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിക്കും എന്ന് വ്യക്തമായതാണ്.

ജഡ്ജിമാരെ സ്വാധീനിക്കാന്‍ പണ്ട് കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങള്‍ കെ സുധാകരന്‍ എംപി വിളിച്ചുപറഞ്ഞത് യുഡിഎഫിന്റെ സ്ഥാപകനേതാവായ ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴാണ്. അതേ സുധാകരന്‍ കണ്ണൂരിലെ നാല്‍പ്പാടി വാസു വധക്കേസില്‍നിന്ന് രക്ഷപ്പെട്ടത് പൊലീസിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു. സിപിഐ എം നേതാവ് ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ സുധാകരനെയും എം വി രാഘവനെയും രക്ഷപ്പെടുത്താനുള്ള നീക്കം നടത്തിയതും അധികാരം നഗ്നമായി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ്. സ്വന്തം വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പേരില്ലാഞ്ഞപ്പോള്‍ ഒരുമടിയുമില്ലാതെ വിജിലന്‍സ് ഡയറക്ടറെ മാറ്റാനും കേസ് സിബിഐക്ക് വിടാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞതും ഈ പാരമ്പര്യം കൊണ്ടുതന്നെ. വര്‍ഗീസ് വധക്കേസും രാജന്‍ കേസും വര്‍ഷങ്ങള്‍ക്കുശേഷം മാറിമറിഞ്ഞതിന്റെ പൊരുളും കോണ്‍ഗ്രസിന്റെ നിയമവിരുദ്ധരീതികള്‍ തന്നെ. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ആദ്യതീരുമാനങ്ങളില്‍ തെളിയുന്നു. പൊലീസിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും മാനദണ്ഡം ലംഘിച്ച് വ്യാപകമായി നടത്തുന്ന സ്ഥലംമാറ്റം നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതാണ്; ഭരണകക്ഷി നേതാക്കള്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാനുള്ളതാണ്. മാനദണ്ഡങ്ങളോ കീഴ്വഴക്കങ്ങളോ ഭരണസൗകര്യമോ നോക്കാതെ, ഭരണകക്ഷിക്ക് എന്താണോ ആവശ്യം അതിനനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നത്. ഭരണ യൂണിയന്‍ നേതൃത്വം തുണ്ടുകടലാസില്‍ പേരെഴുതിക്കൊടുത്താല്‍പോലും അതിന്മേല്‍ ഉത്തരവിട്ട് റാന്‍ മൂളുകയാണ് ചില വകുപ്പുമേധാവികള്‍ .

യുഡിഎഫിലെ പ്രമുഖരായ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളിലുള്ളവരെ തെരഞ്ഞുപിടിച്ച്, അവര്‍ ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളുടെ സ്പര്‍ശംപോലുമില്ലാത്ത മേഖലകളിലേക്കാണ് മാറ്റിയത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ പലഭാഗങ്ങളിലേക്ക് മാറ്റി സംഘത്തെ ഛിന്നഭിന്നമാക്കുകയാണ്. അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന കോഴിക്കോട് വിജിലന്‍സ് വിഭാഗത്തിലെ 32 പേരെയും ആ ചുമതലയില്‍നിന്ന് വിടുതല്‍ചെയ്തു. ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെ ഇത്തരം സംഘങ്ങളില്‍ തിരുകിക്കയറ്റി പ്രതികളെ രക്ഷിക്കാനുള്ള നീക്കം ലജ്ജാശൂന്യമായി നടത്തുകയാണ് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ അധികാരത്തിലേറുംമുമ്പുതന്നെ, പാമൊലിന്‍ കേസില്‍ തന്നെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് എഴുതിവാങ്ങിത്തന്നെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം.

പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണവിലാസക്കാരെ രക്ഷപ്പെടുത്താനുള്ള വ്യാപകമായ സ്ഥലംമാറ്റം വേറെയും നടത്തുന്നുണ്ട്. വകുപ്പുകളിലാണെങ്കില്‍ സ്ഥലംമാറ്റത്തിന് ലേലം വിളി തുടങ്ങിക്കഴിഞ്ഞു. മുന്‍ യുഡിഎഫ് ഭരണകാലത്ത് ചില മന്ത്രിമാര്‍തന്നെ കണക്കുപറഞ്ഞ് പണംവാങ്ങി സ്ഥലംമാറ്റം നടത്തിക്കൊടുത്തതായി തെളിവുകള്‍ പുറത്തുവന്നതാണ്. പിഡബ്ല്യുഡി, ലോക്കല്‍ഫണ്ട്, ഫിഷറീസ്, വ്യവസായം, ആരോഗ്യം, ആസൂത്രണം തുടങ്ങിയ വകുപ്പുകളിലെല്ലാം ജീവനക്കാരെ കൂട്ടത്തോടെ മാറ്റിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം അംഗീകരിച്ചിരുന്നതാണ്. സ്ഥലംമാറ്റങ്ങളിലെ അഴിമതി തുടച്ചുനീക്കാനായത് അത്തരം മാനദണ്ഡങ്ങളില്‍ ഉറച്ചുനിന്നതുകൊണ്ടാണ്. ഇവിടെ അതെല്ലാം തകര്‍ക്കപ്പെടുന്നു. ഭരണകക്ഷിയുടെ വാലായി പൊലീസ് സംവിധാനത്തെ മാറ്റാനുള്ള ഗൂഢനീക്കമാണുണ്ടാകുന്നത്. അത് ജനാധിപത്യവ്യവസ്ഥയെത്തന്നെ തകര്‍ക്കും. യുഡിഎഫ് നേതൃത്വത്തിന്റെ ഇഷ്ടക്കാരെ പ്രീണിപ്പിക്കാനും ശിഷ്ടരെ പീഡിപ്പിക്കാനുമുള്ളതായി സംസ്ഥാനത്തിന്റെ പൊലീസ് സേന മാറും. അത് അനുവദിച്ചുകൂടാ. കേവലം ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലിത്. ജനങ്ങളെയാകെ ബാധിക്കുന്നതാണ്. എന്തുവിലകൊടുത്തും ഇത് ചെറുക്കപ്പെടണം. അധ്യാപക-സര്‍വീസ് രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കൂട്ടായി ഈ നെറികേടിനെതിരെ രംഗത്തുവരേണ്ടതുണ്ട്.

അഴിമതിക്കാരെ രക്ഷിക്കാന്‍ ഇത്ര പരസ്യമായി നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്ന യുഡിഎഫിന്റെ ഭരണം എത്രമാത്രം അഴിമതിയില്‍മുങ്ങുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. വളഞ്ഞ വഴിയിലൂടെ സ്വന്തക്കാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ നിയമത്തിന്റെ വഴിയിലേക്കു വിടാനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്. അങ്ങനെ എന്തെങ്കിലും ചെയ്യുന്നതിനുപകരം പൊടിക്കൈകളും പൊങ്ങച്ചവുംകൊണ്ട് മന്ത്രിസഭയുടെ മുപ്പതാം ദിവസം ആഘോഷിച്ചപ്പോള്‍ ആ സര്‍ക്കാരിനോടുള്ള പുച്ഛം ജനമനസ്സുകളില്‍ വര്‍ധിച്ചതേയുള്ളൂ.

deshabhimani editorial 200611

1 comment:

  1. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേസുകള്‍ വ്യാജമായി സൃഷ്ടിക്കാനും സ്വന്തം നേതാക്കള്‍ക്കുനേരെ ഉയര്‍ന്നുവരുന്ന കേസുകള്‍ അധികാരദുര്‍വിനിയോഗത്തിലൂടെയും അറപ്പിക്കുന്ന അഴിമതിയിലൂടെയും അട്ടിമറിക്കാനും നിരന്തരം ശ്രമിക്കുന്ന പാരമ്പര്യമാണ് യുഡിഎഫിന്റേത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിമാരെ വിലയ്ക്കെടുത്തതിന്റെ നാറുന്ന കഥകള്‍ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ അടുത്ത ബന്ധുതന്നെയാണ്. ജഡ്ജിമാരെ കൈക്കൂലികൊടുത്ത് സ്വാധീനിച്ചതിന് ഇടനിലക്കാരനായി നിന്നയാളെ സംസ്ഥാനത്തിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിശ്ചയിച്ചതിലൂടെത്തന്നെ അത്തരം കേസുകളോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തു സമീപനം സ്വീകരിക്കും എന്ന് വ്യക്തമായതാണ്.

    ReplyDelete