Saturday, June 18, 2011

ട്രോളിങ് നിരോധം: ഉല്‍പ്പാദനം ഇരട്ടിയായി, നേട്ടം ഇല്ലാതാകുമെന്ന് ആശങ്ക

രാജ്യത്തിനു മാതൃകയൊരുക്കി കേരളം തുടക്കമിട്ട ട്രോളിങ് നിരോധത്തിന് 24 വര്‍ഷം തികയുമ്പോള്‍ സംസ്ഥാനത്തെ മത്സ്യോല്‍പ്പാദനം അക്കാലത്തേക്കാള്‍ ഇരട്ടിയോളം വര്‍ധിച്ചു. എന്നാല്‍ അമിതചൂഷണം ട്രോളിങ് നിരോധത്തിന്റെ നേട്ടം ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക ശക്തമാണ്. സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ ട്രോളിങ് നിരോധത്തില്‍ മാത്രം ഒതുങ്ങുന്നതും മേഖലയിലെ പഠനങ്ങള്‍ കടലാസില്‍ ഒതുക്കുന്നതുമാണ് വിനയാകുന്നത്.

"87ല്‍ നിയോഗിക്കപ്പെട്ട ബാലകൃഷ്ണന്‍കമീഷന്റെ ശുപാര്‍ശപ്രകാരം "88ലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്നത്. "87ല്‍ സംസ്ഥാനത്തെ മത്സ്യോല്‍പ്പാദനം മൂന്നരലക്ഷം ടണ്ണായിരുന്നു. നിരോധത്തെത്തുടര്‍ന്ന് "98ല്‍ ഇത് ആറുലക്ഷം ടണ്ണായി. 2008ല്‍ ഏഴുലക്ഷം ടണ്ണുമായി. എന്നാല്‍ ഏറ്റവുമൊടുവില്‍ ലഭ്യമായ 2009ലെ കണക്കുപ്രകാരം മത്സ്യോല്‍പ്പാദനം മുന്‍വര്‍ഷത്തേക്കാള്‍ അരലക്ഷം ടണ്‍ കുറഞ്ഞു. 2008ല്‍ ഏഴുലക്ഷമായിരുന്നത് 2009ല്‍ ആറരലക്ഷമായി.

ട്രോളിങ് നിരോധത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നുവെങ്കില്‍ പിന്നീട് വളര്‍ച്ച മന്ദഗതിയിലാകുകയും ഒടുവില്‍ ഇടിയുകയുമായിരുന്നു. ഇന്ത്യയില്‍ കേവലം 10 ശതമാനം മാത്രം കടല്‍ത്തീരമുള്ള കേരളം രാജ്യത്തിന്റെ മത്സ്യസമ്പത്തിന്റെ 25 ശതമാനത്തോളമാണ് സംഭാവനചെയ്യുന്നത്. ഇതുതന്നെ അമിതചൂഷണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇതര സംസ്ഥാനങ്ങള്‍ 60 ശതമാനം മത്സ്യസമ്പത്തിനും മത്സ്യക്കൃഷിയെ ആശ്രയിക്കുമ്പോള്‍ കേരളത്തിലെ മത്സ്യക്കൃഷി 15 ശതമാനത്തില്‍ ഒതുങ്ങുന്നു. ട്രോള്‍വലകളിലും മറ്റും കുരുങ്ങി വര്‍ഷം ലക്ഷത്തിലേറെ മത്സ്യകുഞ്ഞുങ്ങളാണ് ചത്തൊടുങ്ങുന്നത്.

ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ ഭാഗമായി നോര്‍വേയില്‍ നിന്നുമെത്തിയ ട്രോള്‍വലകള്‍ 1952 ലാണ് രാജ്യത്ത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. കൊല്ലം ആസ്ഥാനമായി 150 ബോട്ടുകളായിരുന്നു ആദ്യം. 10 വര്‍ഷം കൊണ്ട് ട്രോളിങ് ബോട്ടുകളുടെ എണ്ണം ആയിരത്തി അഞ്ഞൂറിലേറെയായും ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് അനുവദിക്കാവുന്ന ട്രോളറുടെ എണ്ണം 2940 മാത്രമാണെന്നാണ് ഏറ്റവുമെടുവില്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ പ്രൊഫ. ബി മധുസൂദനക്കുറുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോഴുള്ളത് 3900 ആണ്. റിങ്വലകള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ മൂവായിരത്തോളമാണ്ട്. അനുവദനീയമായത് 1178 എണ്ണവും. 72 ഗില്‍നെറ്റ് ബോട്ട് വേണ്ടിടത്ത് ഇപ്പോഴുള്ളത് രണ്ടായിരത്തോളമാണ്. ഇതിനു പുറമെ പതിനായിരത്തോളം ഔട്ട് ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങളും 700 ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങളും മറ്റു പരമ്പരാഗത വള്ളങ്ങളും ട്രോളിങ്ങ് നിരോധന വേളയിലും മത്സ്യബന്ധനം നടത്തുന്നു. നാലായിരത്തോളം ഔട്ട് ബോര്‍ഡ് വള്ളങ്ങളാണ് കൂടുതലുള്ളത്.
(ഷഫീഖ് അമരാവതി)

deshabhimani 190611

1 comment:

  1. രാജ്യത്തിനു മാതൃകയൊരുക്കി കേരളം തുടക്കമിട്ട ട്രോളിങ് നിരോധത്തിന് 24 വര്‍ഷം തികയുമ്പോള്‍ സംസ്ഥാനത്തെ മത്സ്യോല്‍പ്പാദനം അക്കാലത്തേക്കാള്‍ ഇരട്ടിയോളം വര്‍ധിച്ചു. എന്നാല്‍ അമിതചൂഷണം ട്രോളിങ് നിരോധത്തിന്റെ നേട്ടം ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക ശക്തമാണ്. സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ ട്രോളിങ് നിരോധത്തില്‍ മാത്രം ഒതുങ്ങുന്നതും മേഖലയിലെ പഠനങ്ങള്‍ കടലാസില്‍ ഒതുക്കുന്നതുമാണ് വിനയാകുന്നത്.

    ReplyDelete