Friday, June 3, 2011

നൂല്‍ കിട്ടാനില്ല, കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കൊല്ലം: നൂലിഴകളിലൂടെ ജീവിതത്തിന്റെ ഊടും പാവും നെയ്തിരുന്ന കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്. നൂല്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ സ്പിന്നിംഗ് മില്ലുകള്‍ നൂല്‍ ഉല്‍പ്പാദനം കുറച്ചതോടെയാണ് മേഖല പ്രതിസന്ധിയിലായത്.

കൊല്ലം ജില്ലയില്‍ നാല്‍പ്പതോളം കൈത്തറി സഹകരണസംഘങ്ങളും അത്രത്തോളം വ്യക്തിഗത നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളുമുണ്ട്. വെളിയം, ചാത്തന്നൂര്‍, കരിങ്ങന്നൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളാണ് കൈത്തറി മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നത്. ഒരു പാവില്‍ 20 മുതല്‍ 40 വരെ വസ്ത്രങ്ങള്‍ നെയ്‌തെടുക്കാന്‍ മൂന്നുമാസത്തോളം വേണ്ടിവരും. ഒരു പാവ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ അടുത്ത പാവിടാന്‍ പിന്നെയും മാസങ്ങള്‍ നീളും. വലിയ സാമ്പത്തികഭദ്രത ഇല്ലെങ്കിലും ജോലി ഉള്ളപ്പോള്‍ തെറ്റില്ലാത്ത ശമ്പളം ലഭിക്കുമായിരുന്നു. ഇതിനുപുറമെ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

നൂലിന്റെ വിലക്കയറ്റം നിയന്ത്രണാതീതമായപ്പോള്‍ പരമ്പരാഗത മേഖലയെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നൂല്‍ കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ നേരിടാന്‍ വന്‍കിട മില്ലുകള്‍ നൂല്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് പരമ്പരാഗതമേഖലയെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. കേരളത്തില്‍ ഒന്നരലക്ഷം പരമ്പരാഗത കൈത്തറി തൊഴിലാളികളുണ്ടെന്നാണ് കണക്ക്.

കേരളത്തിലേക്ക് നൂല്‍ എത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ്. രാജ്യത്ത് ആകെയുള്ള 3300 മില്ലുകളില്‍ 2100 ഉം തമിഴ്‌നാട്ടിലാണ്. ഭൂരിപക്ഷവും കോയമ്പത്തൂരിലും. കൈത്തറിക്ക് ആവശ്യമായ നൂലുകള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടിയാണ് ചാത്തന്നൂര്‍ സ്പിന്നിംഗ്മില്‍ ഉള്‍പ്പെടെ എന്‍ടിസിയുടെ കീഴില്‍ മില്ലുകള്‍ ആരംഭിച്ചതെങ്കിലും ഫലമുണ്ടായില്ല. കെടുകാര്യസ്ഥതയും ഗുണനിലവാരമില്ലായ്മയും ഇവയെ തകര്‍ത്തു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മില്ലുകളില്‍ നിന്നാണ് കേരളത്തിലേക്ക് നൂല്‍ വരുന്നത്.
കൈത്തറി തൊഴിലാളികള്‍ക്ക് നൂറ് ദിവസമെങ്കിലും ജോലി ലഭിക്കാന്‍ ഇവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഇതൊന്നും പട്ടിണി അകറ്റാന്‍ പര്യാപ്തമല്ലെന്ന് കൈത്തറി തൊഴിലാളി യൂണിയന്‍(എഐടിയുസി) ജില്ലാ സെക്രട്ടറി ജി ഉദയകുമാര്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി കൈത്തറി മേഖലയില്‍ ഉണര്‍വ് ദൃശ്യമായിരുന്നതാണ്. എന്നാല്‍ നൂല്‍ കിട്ടാതായതോടെ തൊഴില്‍മേഖല വീണ്ടും സ്തംഭനാവസ്ഥയിലായി. കൈത്തറി നെയ്ത്തുകാര്‍ക്ക് ഗുണനിലവാരം കൂടിയ നൂല്‍ താങ്ങുവിലയ്ക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൈത്തറി മേഖല മറ്റൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കുകയെന്ന് ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

janayugom 020611

1 comment:

  1. നൂലിഴകളിലൂടെ ജീവിതത്തിന്റെ ഊടും പാവും നെയ്തിരുന്ന കൈത്തറി തൊഴിലാളികള്‍ പട്ടിണിയിലേക്ക്. നൂല്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ സ്പിന്നിംഗ് മില്ലുകള്‍ നൂല്‍ ഉല്‍പ്പാദനം കുറച്ചതോടെയാണ് മേഖല പ്രതിസന്ധിയിലായത്.

    ReplyDelete