Friday, June 3, 2011

ഇപ്പം... ശരിയാക്കിത്തരാം

അനന്തപുരി നിറയുന്നു

പ്രിയദര്‍ശന്റെ വെളളാനകളുടെ നാട് എന്ന സിനിമയില്‍ കേടായ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന സുലൈമാനായി എത്തുന്ന കുതിരവട്ടം പപ്പു നായകനായ മോഹന്‍ലാലിനോട് എപ്പോഴും പറയുന്ന ഡയലോഗാണ് "ഇപ്പം ശരിയാക്കിത്തരാം" എന്നത്. വിഖ്യാതമായ ഈ കഥാപാത്രത്തെ അനുസ്മരിപ്പിക്കുകയാണ് യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ തലസ്ഥാനം കയ്യടക്കിയ ഖദര്‍ധാരികള്‍ .

"ഇപ്പം ശരിയാക്കിത്തരാം" എന്ന ഛോട്ടാ നേതാവിന്റെ വാക്കുവിശ്വസിച്ച് പണവും പലഹാരവുമായി ഖദര്‍ ഉടുപ്പുമിട്ട് തലസ്ഥാനത്തേയ്ക്ക് തിരിക്കുകയായി പാവം കാര്യസാധ്യക്കാരന്‍ . നേതാവിനൊപ്പം അനുയായികളും കാര്യസാധ്യക്കാരും കൂടിയാകുമ്പോള്‍ സംഗതി കുശാല്‍ . കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, പാല തുടങ്ങിയ പട്ടണങ്ങളില്‍നിന്നാണ് തലസ്ഥാനത്തേയ്ക്ക് ഖാദിവേഷക്കാര്‍ ഒഴുകിയെത്തുന്നത്. പിഎംജി മുതല്‍ കിഴക്കേക്കോട്ട വരെയും മ്യൂസിയം മുതല്‍ ശാസ്തമംഗലം വരെയും ഖദറുകാരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ഉച്ചമുതല്‍ തലസ്ഥാനത്ത് സ്ഥാനമോഹികളുടെ തള്ളല്‍ തുടങ്ങിയിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലോ വിവിധ ബോര്‍ഡുകള്‍ , കോര്‍പറേഷനുകള്‍ , അക്കാദമികള്‍ എന്നിയുടെ തലപ്പത്തോ അതു ലഭിച്ചില്ലെങ്കില്‍ അംഗമെങ്കിലുമാകാനോ ഉള്ള പരക്കംപാച്ചിലിലാണ് ഇക്കൂട്ടര്‍ . യുഡിഎഫ് ഭരണത്തില്‍ ഓരോ മന്ത്രിക്കും കുറഞ്ഞത് 30 സ്റ്റാഫ് എങ്കിലുമുണ്ടാകും. സ്റ്റാഫില്‍ കയറിപ്പറ്റാനായില്ലെങ്കില്‍ സെക്യൂരിറ്റി സ്റ്റാഫ് ആക്കിയാലും മതിയെന്ന ചിന്തയിലാണ് പ്രവേശനോത്സവത്തിന് പുത്തന്‍ ഉടുപ്പുമായി കുട്ടികള്‍ സ്കൂളില്‍ എത്തുന്നതുപോലെ തലസ്ഥാനത്തെത്തുന്ന പുത്തന്‍കൂറ്റ് ഖാദി ഉടുപ്പുകാര്‍ . ഷര്‍ട്ടും പാന്റുമിട്ട് തലസ്ഥാനത്തെത്തി "എലൈവ്" പശമുക്കിയ പുളിയിലക്കരമുണ്ടിലേക്കും വൈറ്റ് മസ്ലിന്‍ ഷര്‍ട്ടിലേക്കും മാറിയാണ് കെപിസിസി ഓഫീസിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും ഇവര്‍ കയറിയിറങ്ങുന്നത്.

കേരള ഖാദിയേക്കാള്‍ കൂടുതല്‍ വില്‍പന, കണ്ടാല്‍ അഴകുള്ള കള്ളഖാദിയായ വൈറ്റ് മസ്ലിനാണെന്ന് ഖാദികട നടത്തുന്ന വി വി രമേശന്‍ പറയുന്നു. ഖാദി സില്‍ക്ക്, പവര്‍ലൂം ഖാദി എന്നിവയ്ക്കാണ് മുമ്പ് ആവശ്യക്കാര്‍ ഏറെയെങ്കിലും ഇന്ന് യഥാര്‍ഥ ഖാദിക്ക് ആവശ്യക്കാര്‍ കുറവാണെന്ന് ആയുര്‍വേദ കോളേജിനു സമീപം വര്‍ഷങ്ങളായി ഖാദിവസ്ത്രങ്ങള്‍ വില്‍ക്കുന്ന ഗിരീഷ് വ്യക്തമാക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം തത്കാല്‍ ടിക്കറ്റെടുത്താണ് വൈറ്റ് മസ്ലിന്‍ ഷര്‍ട്ടുകളും മറ്റ് ഖാദിത്തുണികളും വാങ്ങാന്‍ ഗിരീഷ് ചെന്നൈ മെയിലിന് കയറിയത്. മൂന്നുലക്ഷത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങിയത് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ദിവസംതന്നെ തീര്‍ന്നതിനാല്‍ വീണ്ടും വണ്ടികയറിയിരിക്കയാണ് ഗിരീഷ്. പതിനായിരത്തോളം മൂവര്‍ണ ഷാളുകള്‍ വാങ്ങിയതില്‍ ഒന്നുപോലും മിച്ചമില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പോസ്റ്റിങ്ങിനായി ഉദ്യോഗസ്ഥന്മാരും ഖാദിക്കടയില്‍ കയറിയശേഷമാണ് നേതാക്കന്മാരെക്കാണാന്‍ എത്തുന്നത്. ഖദറിട്ട് കെപിസിസി ഓഫീസിലും മന്ത്രി മന്ദിരങ്ങളിലും കയറിയിറങ്ങുന്ന ഉദ്യോഗസ്ഥര്‍ ഖദറൂരി രാത്രിയില്‍ മന്ത്രിഭവനങ്ങളില്‍ കാര്യസാധ്യത്തിന് എത്തുന്നതും കാണാനായി.

"ഖദറുമിട്ടെത്തുന്ന മണിയടിക്കാരുടെ ശല്യം കാരണം മാണിസാര്‍ ഓഫീസിലെത്തുന്ന സമയത്തില്‍ മാറ്റംവരുത്തി"യെന്ന് പാലയില്‍നിന്നുള്ള ഒരു മാണി ഗ്രൂപ്പ് നേതാവ് പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ ഖദര്‍ ഉടുപ്പുകാരും അവര്‍ക്കു സഞ്ചരിക്കാനുള്ള വിലകൂടിയ കാറുകളും ഒഴുകിനടക്കുകയാണ്. ബിഎംഡബ്ല്യു, ബെന്‍സ്, സ്കോഡ, ലാന്‍സര്‍ , ഇന്നോവ, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളാണ് നഗരത്തിലെങ്ങും. അതുമൂലം നഗരത്തിലെ തിരക്ക് കൂടിയെന്നുമാത്രമല്ല, പാര്‍ക്കിങ് സ്ഥലവും ഇല്ലാതായി. തലസ്ഥാനത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും മുറികളും കിട്ടാനില്ലത്രെ. അതിനേക്കാള്‍ ദുരിതമാണ് മലബാറിലേക്കുള്ള യാത്ര. ട്രെയിനുകളില്‍ ടിക്കറ്റില്ലെന്നു മാത്രമല്ല കാലുകുത്താന്‍ പോലും ഇടമില്ല

സുരേഷ് വെള്ളിമംഗലം ദേശാഭിമാനി 030611

2 comments:

  1. പ്രിയദര്‍ശന്റെ വെളളാനകളുടെ നാട് എന്ന സിനിമയില്‍ കേടായ റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന സുലൈമാനായി എത്തുന്ന കുതിരവട്ടം പപ്പു നായകനായ മോഹന്‍ലാലിനോട് എപ്പോഴും പറയുന്ന ഡയലോഗാണ് "ഇപ്പം ശരിയാക്കിത്തരാം" എന്നത്. വിഖ്യാതമായ ഈ കഥാപാത്രത്തെ അനുസ്മരിപ്പിക്കുകയാണ് യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ തലസ്ഥാനം കയ്യടക്കിയ ഖദര്‍ധാരികള്‍ .

    "ഇപ്പം ശരിയാക്കിത്തരാം" എന്ന ഛോട്ടാ നേതാവിന്റെ വാക്കുവിശ്വസിച്ച് പണവും പലഹാരവുമായി ഖദര്‍ ഉടുപ്പുമിട്ട് തലസ്ഥാനത്തേയ്ക്ക് തിരിക്കുകയായി പാവം കാര്യസാധ്യക്കാരന്‍ . നേതാവിനൊപ്പം അനുയായികളും കാര്യസാധ്യക്കാരും കൂടിയാകുമ്പോള്‍ സംഗതി കുശാല്‍ . കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, പാല തുടങ്ങിയ പട്ടണങ്ങളില്‍നിന്നാണ് തലസ്ഥാനത്തേയ്ക്ക് ഖാദിവേഷക്കാര്‍ ഒഴുകിയെത്തുന്നത്.

    ReplyDelete