Thursday, June 23, 2011

വാടക ചോദിച്ച ഓട്ടോ ഡ്രൈവറുടെ തല തല്ലിപ്പൊളിച്ചു

തൃശൂര്‍ : കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ ഇരുമ്പ് കൈക്കോട്ടിന് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ വാടാനപ്പള്ളി പണിക്കവീട്ടില്‍ ഷിഹാബി(24)നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിഹാബിനെ ആക്രമിച്ച എല്‍ത്തുരുത്ത് ഒളിയംപറമ്പില്‍ സാം ഗോമസി(53)നെ അറസ്റ്റ് ചെയ്തു. ഇയാള്‍ വിമുക്ത ഭടനാണ്. ഷിഹാബിന്റെ തലയില്‍ അഞ്ച് തുന്നലുകളുണ്ട്. ചൊവ്വാഴ്ച രാത്രി തൃശൂര്‍ കേരളവര്‍മ കോളേജിനു സമീപത്തുനിന്നാണ് സാം ഗോമസ് ഷിഹാബിന്റെ ഓട്ടോ വിളിച്ചത്. വീടെത്തിയപ്പോള്‍ വാടക നല്‍കാതെ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെയെത്തി വാടക ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടാകുകയും സാം കൈക്കോട്ടെടുത്ത് ഷിഹാബിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം നഗരത്തിലെ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും രണ്ടംഗസംഘം തട്ടിയെടുത്തിരുന്നു. ഓട്ടോ ആന്‍ഡ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് യൂണിയന്‍ സിഐടിയു അംഗമായ ദേവനെയാണ് ആക്രമിച്ചത്. ജില്ലാ ആശുപത്രിക്കു മുന്നില്‍നിന്ന് ഓട്ടോ വിളിച്ച സംഘം മണ്ണുത്തി മുളയത്ത് വിജനമായ സ്ഥലത്തുവച്ചാണ് അക്രമം നടത്തിയത്. ഈ കേസില്‍ പ്രതികളെ കണ്ടെത്തുംമുമ്പാണ് പുതിയ അക്രമം. കഴിഞ്ഞ ദിവസം രാത്രി രാഗം തിയറ്റര്‍ പരിസരത്തുനിന്ന് മൂര്‍ക്കനിക്കരയിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയ സംഘം ഡ്രൈവര്‍ ചിയ്യാരം കൈനൂര്‍ അരുണിന്റെ(28)കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി 1000രൂപ കവര്‍ന്നു. മര്‍ദനത്തില്‍ അരുണിന് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തില്‍ ജീവഭയം കൂടാതെ ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന്് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. സിറ്റി പൊലീസിന്റെ കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ തലങ്ങും വിലങ്ങും പട്രോളിങ് നടത്തുന്നതിനിടെയാണ് അക്രമങ്ങള്‍ .

മനോരമയുടെ കള്ളപ്രചാരണം അവസാനിപ്പിക്കണം


തൊടുപുഴ: തൊടുപുഴയിലെ ഓട്ടാറിക്ഷാ തൊഴിലാളികള്‍ക്കെതിരെ മനോരമ പത്രം നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സിഐടിയു) ആവശ്യപ്പെട്ടു. ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളെ ആക്ഷേപിക്കുകയും പിടിച്ചുപറിക്കാരും ക്രിമിനലുകളുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് ദിവസങ്ങളായി മനോരമപത്രം നടത്തിവരുന്നത്. ടൗണിലെ ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും പൊലീസ് അധികൃതരും തമ്മില്‍ നിലനില്‍ക്കുന്ന സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ കള്ളപ്രചാരവേല നടത്തുന്ന മനോരമയുടെ നിലപാടില്‍ യൂണിയന്‍ പ്രതിഷേധിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് പുനര്‍ സൃഷ്ടിച്ച ട്രാഫിക് സംവിധാനം അട്ടിമറിക്കാന്‍ മനോരമ നടത്തുന്ന പ്രചാരവേലകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബഹജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കളായ കെ ആര്‍ ഷാജി, കെ കെ കബീര്‍ , വി എന്‍ രാജന്‍ , ഇ വി സന്തോഷ് എന്നിവര്‍ അറിയിച്ചു.

ദേശാഭിമാനി 22/230611

1 comment:

  1. ഓട്ടാറിക്ഷാ തൊഴിലാളികള്‍ക്കെതിരെ മനോരമ പത്രം നടത്തുന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സിഐടിയു) ആവശ്യപ്പെട്ടു.

    ReplyDelete