Saturday, June 4, 2011

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അവതാളത്തിലേക്ക്;

സ്വന്തം നിലയ്ക്ക് പ്രവേശനമെന്ന് മാനേജ്‌മെന്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രേവശനം വീണ്ടും കീറാമുട്ടിയാകുന്നു.  സര്‍ക്കാരുമായി കരാറിനില്ലെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയതോടെയാണ് പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തും. ഇന്നലെ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്നാണ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ഫീസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ മാനേജ്‌മെന്റുകള്‍ നീക്കം ആരംഭിച്ചത്. ഹൈക്കോടതി നിശ്ചയിച്ചപ്രകാരം ഈ മാസം തന്നെ പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. എന്‍ ആര്‍ ഐ ഒഴികെയുള്ള സീറ്റുകളില്‍ മൂന്നരലക്ഷം രൂപ വാര്‍ഷിക ഫീസ് നിശ്ചയിച്ചതായും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

സര്‍ക്കാര്‍ നിഷ്‌ക്രിയത പുലര്‍ത്തിയതിനാലാണ് സര്‍ക്കാര്‍ സീറ്റുകള്‍ കൂടി ഏറ്റെടുക്കേണ്ടി വന്നതെന്നാണ് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ ഉയര്‍ത്തുന്ന വാദം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാഴ്ച പിന്നിട്ടിട്ടും സ്വാശ്രയമാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുന്നതിന് തയ്യാറായിട്ടില്ലെന്ന് മാനേജ്‌മെന്റുകള്‍ അഭിപ്രായപ്പെടുന്നു. സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാരുമായി ധാരണയ്ക്ക് തയ്യാറാണ്. സര്‍ക്കാരിന് 50 ശതമാനം സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 50:50 അനുപാതം എല്ലാ കോളജുകളിലും നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരുമായുള്ള കരാറില്‍ നിന്ന് എം ഇ എസ് പിന്മാറുമെന്ന് ഡോ. ഫസല്‍ ഗഫൂറും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

മെഡിക്കല്‍ പി ജി പ്രവേശനത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വ്യക്തമായിരിക്കുകയാണ്. പി ജി പ്രവേശനം വൈകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം ചെവിക്കൊണ്ടില്ലെന്നും  അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പ്രവേശനം നടത്താത്തുമൂലം 65 ഓളം മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായതായി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സാജന്‍പ്രസാദ് പറഞ്ഞു.

അതേസമയം സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇതിനു സര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ പി ജെ ജോസഫ്, കെ എം മാണി, അടൂര്‍ പ്രകാശ്, കെ ബി ഗണേഷഷ്‌കുമാര്‍, പി കെ അബ്ദുറബ്ബ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഭൂരിഭാഗം മാനേജ്‌മെന്റുകളും സര്‍ക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന മാനേജ്‌മെന്റുകളുടെ വാദം തെറ്റാണെന്നും ഒരു തവണ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലെ പി ജി പ്രവേശനത്തിന് ഈമാസം 30 വരെ സുപ്രീംകോടതി കാലാവധി അനുവദിച്ചിരുന്നു. ഈ ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകള്‍ പി ജി സീറ്റുകളില്‍ പ്രവേശനം നടത്തിയത്. ഇതിന്റെ ഫലമായി സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ലിസ്റ്റ് വെകിയതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞവര്‍ഷം നിരവധി ചര്‍ച്ചകള്‍ക്കുശേഷമാണ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റില്‍ ത്രിതല ഫീസ് ഘടനയായിരുന്നു നിശ്ചയിച്ചിരുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ വീണ്ടും സ്വാശ്രയ വിഷയം തെരുവിലേക്ക് വ്യാപിക്കും എന്നുറപ്പാണ്. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ വിദ്യാര്‍ഥി വിദ്യാര്‍ഥി സംഘടനകള്‍ വിഷയം ഏറ്റെടുക്കുന്നതോടെ സ്വാശ്രയ പ്രശ്‌നം വീണ്ടും ആളിപ്പടരും. പ്രശ്‌നം രമ്യമായി പരിഹരിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

 50:50 അനുപാതം മറ്റുള്ളവര്‍ പാലിച്ചില്ലെങ്കില്‍ ധാരണയില്‍നിന്നും പിന്മാറും: എം ഇ എസ്

കോഴിക്കോട്: മെഡിക്കല്‍ പ്രവേശനത്തിന് സ്വാശ്രയ കോളജുകള്‍ പൊതുവെ അംഗീകരിച്ച 50:50 അനുപാതം നടപ്പില്‍ വരുത്താന്‍ എല്ലാ മാനേജ്‌മെന്റുകളും തയ്യാറായില്ലെങ്കില്‍ അത്തരമൊരു ധാരണയില്‍ നിന്ന് പിന്മാറാന്‍ എം ഇ എസ് നിര്‍ബന്ധിതമാവുമെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. 50:50 അനുപാതം എല്ലാ സ്വാശ്രയ കോളജുകള്‍ക്കും ബാധകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം ഇ എസിന്റെ ആഭിമുഖ്യത്തിലുള്ള കോളജുകളില്‍ 50:50 ആനുപാതം അംഗീകരിച്ച് പ്രവേശനം നടത്തുമ്പോള്‍ ക്രൈസ്തവ സഭകളുടേതടക്കമുള്ള ചില മാനേജ്‌മെന്റ് കോളജുകളില്‍ നൂറ് ശതമാനം സീറ്റുകളിലേക്കും മൂന്നര ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കിയാകും പ്രവേശനം. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വിധത്തില്‍ സംസ്ഥാനത്തെ എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായ പ്രവേശന പരീക്ഷാ സമ്പ്രദായം ആവിഷ്‌കരിക്കേണ്ടതുണ്ട്. പരീക്ഷാ കാലാവധിയായ മെയ് 30 കഴിഞ്ഞ സ്ഥിതിയ്ക്ക് മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശന പരീക്ഷയുടെ തീയ്യതി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

janayugom 040611

1 comment:

  1. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രേവശനം വീണ്ടും കീറാമുട്ടിയാകുന്നു. സര്‍ക്കാരുമായി കരാറിനില്ലെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയതോടെയാണ് പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തും. ഇന്നലെ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്നാണ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ഫീസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാന്‍ മാനേജ്‌മെന്റുകള്‍ നീക്കം ആരംഭിച്ചത്. ഹൈക്കോടതി നിശ്ചയിച്ചപ്രകാരം ഈ മാസം തന്നെ പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. എന്‍ ആര്‍ ഐ ഒഴികെയുള്ള സീറ്റുകളില്‍ മൂന്നരലക്ഷം രൂപ വാര്‍ഷിക ഫീസ് നിശ്ചയിച്ചതായും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

    ReplyDelete