Sunday, June 5, 2011

യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാന്‍ ശ്രമം: എസ്എഫ്ഐ

കേരളത്തിലെ "കലാലയമുത്തശ്ശി"യെന്ന് അറിയപ്പെടുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന്റെ നഗരത്തില്‍ ഇറക്കുന്ന സപ്ലിമെന്റില്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മികച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രത്തിനെതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പ്രവേശനം നേടുന്നവര്‍ "ലക്കും ലഗാനുമില്ലാത്തവര്‍" ആണെന്നാണ് പത്രം പറയുന്നത്. ഇത് വിദ്യാര്‍ഥിസമൂഹത്തെ ഒന്നടങ്കം അപമാനിക്കാനാണ്. കോളേജിലെ അധ്യാപകര്‍ , ജീവനക്കാര്‍ , പ്രിന്‍സിപ്പല്‍ തുടങ്ങിയവരെ വേട്ടയാടാന്‍ പത്രത്തിന് മടിയില്ല. എസ്എഫ്ഐക്കാരല്ലെങ്കില്‍ പ്രവേശനം ലഭിക്കില്ലെന്ന നിരീക്ഷണം നിര്‍ലജ്ജം അവതരിപ്പിക്കുന്നതിലൂടെ അക്കാദമിക് സമൂഹത്തിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താനാണ് പത്രം ശ്രമിച്ചത്. പ്രതിഭാശാലികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന മുതലക്കണ്ണീര്‍ പൊഴിക്കാനും പത്രം മറന്നില്ല.

സര്‍വകലാശാല പരീക്ഷകളിലെ റാങ്കുകാരുടെ പട്ടികയിലും സര്‍വകലാശാല- അന്തര്‍സര്‍വകലാശാല- ദേശീയ യുവജനോത്സവം, കായികമേളകള്‍ എന്നിവയിലും യൂണിവേഴ്സിറ്റി കോളേജിലെ കുട്ടികള്‍ ഇന്നും മുന്നില്‍തന്നെയാണ്. ഇത് മറച്ചുവച്ചുകൊണ്ടാണ് പത്രത്തിന്റെ മുതലക്കണ്ണീര്‍ . വിദ്യാര്‍ഥിസമരങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം പട്ടണം മാറുമെന്ന പത്രത്തിന്റെ "ഉല്‍ക്കണ്ഠ"യ്ക്കുപിന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്ന വികലമായ വിദ്യാഭ്യാസനയത്തിനുവേണ്ടിയുള്ള മുന്‍കൂര്‍ജാമ്യമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിന്റെ സല്‍പ്പേരിന് തുരങ്കംവയ്ക്കാനും അക്കാദമിക് സമൂഹത്തെ ആക്രമിക്കാനുമുള്ള മനോരമയുടെ തീരുമാനം അപലപനീയമാണ്. സ്വകാര്യ- സ്വാശ്രയ കോളേജ് ലോബിക്കുവേണ്ടി യൂണിവേഴ്സിറ്റി കോളേജിനെതിരെയും എസ്എഫ്ഐക്കെതിരെയും പ്രസിദ്ധീകരിച്ച വാര്‍ത്ത ശുദ്ധനുണയാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. യൂണിവേഴ്സിറ്റി കോളേജിനെയും വിദ്യാര്‍ഥികളെയും അവഹേളിക്കുന്നതരത്തില്‍ കഴിഞ്ഞദിവസം പത്രത്തില്‍ വന്ന വാര്‍ത്ത പൊതുവിദ്യാഭ്യാസമേഖലയോടുള്ള അസഹിഷ്ണുതയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദേശാഭിമാനി 050611

1 comment:

  1. കേരളത്തിലെ "കലാലയമുത്തശ്ശി"യെന്ന് അറിയപ്പെടുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നതായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന്റെ നഗരത്തില്‍ ഇറക്കുന്ന സപ്ലിമെന്റില്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മികച്ച ഉന്നത വിദ്യാഭ്യാസകേന്ദ്രത്തിനെതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ പ്രവേശനം നേടുന്നവര്‍ "ലക്കും ലഗാനുമില്ലാത്തവര്‍" ആണെന്നാണ് പത്രം പറയുന്നത്. ഇത് വിദ്യാര്‍ഥിസമൂഹത്തെ ഒന്നടങ്കം അപമാനിക്കാനാണ്. കോളേജിലെ അധ്യാപകര്‍ , ജീവനക്കാര്‍ , പ്രിന്‍സിപ്പല്‍ തുടങ്ങിയവരെ വേട്ടയാടാന്‍ പത്രത്തിന് മടിയില്ല. എസ്എഫ്ഐക്കാരല്ലെങ്കില്‍ പ്രവേശനം ലഭിക്കില്ലെന്ന നിരീക്ഷണം നിര്‍ലജ്ജം അവതരിപ്പിക്കുന്നതിലൂടെ അക്കാദമിക് സമൂഹത്തിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താനാണ് പത്രം ശ്രമിച്ചത്. പ്രതിഭാശാലികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന മുതലക്കണ്ണീര്‍ പൊഴിക്കാനും പത്രം മറന്നില്ല.

    ReplyDelete