Monday, July 25, 2011

ഉറപ്പുലംഘിച്ച് കെഎംഎംഎല്ലിലേക്ക് 12 ടണ്‍ കരിമണല്‍ കൂടി

കൊല്ലം: കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന ഉറപ്പ് ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) അധികൃതര്‍ ലംഘിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ സ്വകാര്യമേഖലയില്‍നിന്ന് മണല്‍വാങ്ങൂവെന്ന് മാനേജിങ് ഡയറക്ടര്‍ ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കകം 12 ടണ്‍ കരിമണല്‍കൂടി കമ്പനിയില്‍ എത്തി.

കമ്പനിക്ക് പാട്ടത്തിനുലഭിച്ച നീണ്ടകര, ആലപ്പാട് വില്ലേജിലുള്ള ആലപ്പാട്, സ്രായിക്കാട്, എന്നിവിടങ്ങളില്‍നിന്ന് കരിമണല്‍ ശേഖരിച്ച് നല്‍കാന്‍ കെഎംഎംഎല്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രമേ കരിമണല്‍ ഖനനം നടത്താവൂ യെന്ന നിയമം നിലനില്‍ക്കെയാണ് ആദ്യം 15 ടണ്‍ കരിമണല്‍ കമ്പനിയിലെത്തിയത്. തൊഴിലാളിസംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ മണല്‍ഖനന ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുന്നതായി എംഡി അറിയിച്ചു. മിനിലോറിയിലും പെട്ടി ഓട്ടോകളിലുമായി കൊണ്ടുവന്ന 12 ടണ്‍ മണല്‍ അതിനു ശേഷവും കമ്പനി വാങ്ങുകയായിരുന്നു.

ധാതുമണല്‍ ഖനനത്തിന്റെ സ്വകാര്യവല്‍ക്കരണം തടയണമെന്നാവശ്യപ്പെട്ട് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കി. ഈ മേഖലയെ മുഴുവന്‍ പൂര്‍ണമായി മാഫിയകളുടെ നിയന്ത്രണത്തിലാക്കുന്ന നീക്കത്തിനെതിരെ സംയുക്തപ്രക്ഷോഭം ആരംഭിക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഉല്‍പ്പാദന പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് സ്വകാര്യമേഖലവഴി കരിമണല്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ , സിന്തറ്റിക് റൂട്ടൈല്‍ നിര്‍മാണശാലയായ കൊച്ചി സിഎംആര്‍എല്ലിന് മണല്‍ ഖനനത്തിനുള്ള പാട്ടം തരപ്പെടുത്തി നല്‍കലാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഈ കമ്പനി നടത്തിയ ശ്രമങ്ങള്‍ ഫലം കാണാനായതാണ്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പിന്നാലെ വന്നതാണ് കമ്പനിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയില്‍ നിന്നാണ് ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യക്കമ്പനിക്ക് ഇല്‍മനൈറ്റ് കിട്ടുന്നത്. സ്വന്തമായി ഖനനത്തിന് അനുമതി ലഭിച്ചാല്‍ കമ്പനിക്ക് വന്‍ ലാഭത്തിന് വഴിയൊരുങ്ങും.

കെഎംഎംഎലിന് കരിമണല്‍ ലഭ്യമാക്കുന്നതിനെപ്പറ്റി പഠനം നടത്താന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്ന് നൂറുദിന കര്‍മപരിപാടി പ്രഖ്യാപിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യക്കമ്പനിക്ക് വഴി തുറന്നുകൊടുക്കാനാണ് ഈ പഠനമെന്ന് അന്നേ ആശങ്കയുയര്‍ന്നതാണ്. വന്‍ വരുമാനം ലഭിക്കും എന്നുപ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് തദ്ദേശവാസികളുടെ പിന്തുണ തേടുന്നത്. പ്രതിവര്‍ഷം 20 കോടിമുതല്‍ 60 കോടിവരെ തദ്ദേശവാസികള്‍ക്ക് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ , മണല്‍രംഗത്തുള്ളതുപോലെ മാഫിയയകള്‍ ഈ രംഗം കൈയടക്കുമെന്ന് ഉറപ്പാണ്. ഇല്‍മനൈറ്റിന്റെ വില നിര്‍ണയംവരെ മാഫിയകളിലെത്താനും സ്വകാര്യവല്‍ക്കരണം ഇടയാക്കുമെന്ന ആശങ്കയുണ്ട്.

deshabhimani 250711

1 comment:

  1. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന ഉറപ്പ് ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) അധികൃതര്‍ ലംഘിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ സ്വകാര്യമേഖലയില്‍നിന്ന് മണല്‍വാങ്ങൂവെന്ന് മാനേജിങ് ഡയറക്ടര്‍ ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കകം 12 ടണ്‍ കരിമണല്‍കൂടി കമ്പനിയില്‍ എത്തി.

    ReplyDelete