Monday, July 25, 2011

നോര്‍വെയിലെ കൂട്ടക്കുരുതി

വടക്കന്‍ യൂറോപ്പിലെ സമ്പന്നരാജ്യമായ നോര്‍വെ സമാധാനപരമായ ജീവിതത്തിനും സുരക്ഷിതത്വത്തിനും പേരുകേട്ടതാണ്. 2007ല്‍ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് നോര്‍വെയാണ്. തൊണ്ണൂറുകളില്‍ ആ രാജ്യത്ത് പരക്കെ നവനാസികളുടെ ആക്രമണങ്ങള്‍ നടന്നിരുന്നു. കുടിയേറ്റക്കാരോട് രാജ്യം കാണിക്കുന്ന മാന്യതയും കുടിയേറിപ്പാര്‍ത്തവര്‍ ആര്‍ജിക്കുന്ന ജീവിത പുരോഗതിയും നോര്‍വെയിലെ വലതുപക്ഷക്കാരായ യാഥാസ്ഥിതികരുടെ രോഷം സമ്പാദിച്ചിരുന്നു. എന്നാല്‍ , അത്തരക്കാര്‍ ഉയര്‍ത്തിയ അസ്വസ്ഥതകള്‍ നോര്‍വെയുടെ സാധാരണ ജീവിതത്തെ ഗൗരവമായി ബാധിച്ചിരുന്നില്ല. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോ ലോക സഞ്ചാരഭൂപടത്തില്‍ പ്രമുഖസ്ഥാനമുള്ള സ്വപ്നനഗരിയാണ്.

ഇരുപതുലക്ഷത്തിലേറെ പേര്‍ക്ക് പാര്‍ക്കാന്‍ സൗകര്യമുള്ള അവിടെ ആറുലക്ഷം പേര്‍ ശാന്തമായി ജീവിക്കുന്നു. ആ നഗരപരിധിയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ക്രിസ്ത്യന്‍ യാഥാസ്ഥിതികത്വവും വലതുപക്ഷ-നാസി ചിന്തകളും ഇസ്ലാമിക വിരോധവും തലയില്‍കയറിയ ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെവിക് എന്ന മുപ്പത്തിരണ്ടുകാരന്‍ ഒറ്റയടിക്ക് ബോംബുവച്ചും വെടിയുതിര്‍ത്തും തൊണ്ണൂറ്റിരണ്ടുപേരെയാണ് കൊലപ്പെടുത്തിയത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ടിയുടെ യുവജന വിഭാഗത്തിന്റെ സമ്മേളനത്തിനെത്തിയവര്‍ക്കു നേരെയാണ് പൊലീസ് വേഷം ധരിച്ചുവന്ന കൊലയാളി വെടിയുതിര്‍ത്തത്. നോര്‍വെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനരികെ ബോംബുപൊട്ടിച്ചശേഷം കടന്ന അക്രമി മുപ്പത്തഞ്ചു കിലോമീറ്ററകലെ ഉടോയ ദ്വീപിലെത്തിയാണ് മുന്നിലുള്ള സകലരെയും വെടിവച്ചത്. മനോവിഭ്രാന്തികൊണ്ട് നടത്തിയ ഒറ്റപ്പെട്ട കൂട്ടക്കൊലയായി ഇതിനെ കാണാനാവില്ല. അസഹിഷ്ണുതയും അക്രമത്വരയും കലര്‍ന്ന ഭ്രാന്തന്‍ ദേശീയ സങ്കുചിതത്വമാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊലയിലേക്ക് ബ്രെവിക്കിനെ നയിച്ചത് എന്നു കാണാന്‍ പ്രയാസമില്ല. ഫേസ്ബുക്കിലും ട്വിറ്ററിലും അയാള്‍ നടത്തിയ ഇടപെടലുകള്‍ കടുത്ത വലതുപക്ഷ തീവ്രവാദത്തിന്റെ വിഷം നിറച്ചവയാണ്. തീവ്രവാദം എന്നാല്‍ മാനുഷികമൂല്യങ്ങളുടെ നിരാസമാണ്. വെറുപ്പും പകയും മനസ്സില്‍ കുത്തിനിറച്ചവര്‍ക്കുമാത്രമേ ഇത്തരം കൂട്ടക്കൊല നടത്താനാവൂ. ഇങ്ങനെ വളര്‍ന്നുവരുന്ന തീവ്രവാദവും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം രഹസ്യമല്ല. ഒരര്‍ഥത്തില്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നംതന്നെയാണിത്.

തീവ്രവാദത്തിനു വളരണമെങ്കില്‍ ഒരു ശത്രുവേണം. നോര്‍വെയില്‍ ബ്രെവിക്കിനെപ്പോലുള്ള വലതുപക്ഷ തീവ്രവാദികളുടെ ശത്രു അവിടെ അധ്വാനിച്ചു ജീവിക്കുന്ന വിദേശികളാണ്. ഓസ്ട്രേലിയയിലെ സ്ഥിതിയും അതുതന്നെ. യഹൂദന്മാരെയും കമ്യൂണിസ്റ്റുകാരെയും കൂട്ടത്തോടെ നാസികള്‍ കൊന്നൊടുക്കിയെങ്കില്‍ , പുതിയ നാസികള്‍ മറ്റൊരുതരത്തില്‍ കൂട്ടക്കൊല സംഘടിപ്പിക്കുന്നു. മനുഷ്യരാശിക്കെതിരായ കൊടിയ ഭീകര പ്രവര്‍ത്തനമായി കണ്ട് ഇതിനെ നേരിടേണ്ടതുണ്ട്. വലതുപക്ഷ തീവ്രവാദ ധാരകളില്‍നിന്ന് ഇന്ത്യയും വിട്ടുനില്‍ക്കുന്നില്ല. രാജ്യത്തെ പ്രധാന വിപത്തുകളിലൊന്ന് വലതുപക്ഷ തീവ്രവാദമാണെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ ഈയിടെ വ്യക്തമാക്കുകയുണ്ടായി. ഇത്തരം പ്രവണതകള്‍ ജന്മംകൊള്ളുന്ന സാമൂഹ്യ -രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കാണ് ചികിത്സ വേണ്ടത്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട വഴിതെറ്റിയ മനോരോഗിയുടെ അക്രമപ്രവര്‍ത്തനമായല്ല നോര്‍വെയിലെ കൂട്ടക്കൊലയെ കാണേണ്ടത്. അതില്‍നിന്നുള്ള പാഠങ്ങള്‍ ലോകത്തിനാകെയുള്ളതാണ്.

deshabhimani editorial 250711

2 comments:

  1. വടക്കന്‍ യൂറോപ്പിലെ സമ്പന്നരാജ്യമായ നോര്‍വെ സമാധാനപരമായ ജീവിതത്തിനും സുരക്ഷിതത്വത്തിനും പേരുകേട്ടതാണ്. 2007ല്‍ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് നോര്‍വെയാണ്. തൊണ്ണൂറുകളില്‍ ആ രാജ്യത്ത് പരക്കെ നവനാസികളുടെ ആക്രമണങ്ങള്‍ നടന്നിരുന്നു. കുടിയേറ്റക്കാരോട് രാജ്യം കാണിക്കുന്ന മാന്യതയും കുടിയേറിപ്പാര്‍ത്തവര്‍ ആര്‍ജിക്കുന്ന ജീവിത പുരോഗതിയും നോര്‍വെയിലെ വലതുപക്ഷക്കാരായ യാഥാസ്ഥിതികരുടെ രോഷം സമ്പാദിച്ചിരുന്നു. എന്നാല്‍ , അത്തരക്കാര്‍ ഉയര്‍ത്തിയ അസ്വസ്ഥതകള്‍ നോര്‍വെയുടെ സാധാരണ ജീവിതത്തെ ഗൗരവമായി ബാധിച്ചിരുന്നില്ല. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോ ലോക സഞ്ചാരഭൂപടത്തില്‍ പ്രമുഖസ്ഥാനമുള്ള സ്വപ്നനഗരിയാണ്.

    ReplyDelete
  2. നോര്‍വേ കൂട്ടക്കൊലക്കേസിലെ പ്രതി ബ്രെവിക് കുറ്റം സമ്മതിച്ചു. പക്ഷേ സ്വയരക്ഷക്കുവേണ്ടിയാണ് താനതു ചെയ്തതെന്നും അതിനാല്‍ ശിക്ഷിക്കരുതെന്നും 77 പേരെ വെടിവെച്ചുകൊന്ന പ്രതി പറഞ്ഞു. നോര്‍വീജിയന്‍ കോടതിയെ വിശ്വാസമില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടി കുടിയേറ്റക്കാരെ സഹായിക്കുന്ന സമീപനമാണ് കോടതിക്ക്. 21 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വിചാരണകോടതി ചുമത്തിയത്. കോടതി പരിസരത്തേക്കുള്ള തെരുവകള്‍ പൊലീസ് സീല്‍ ചെയ്തിരുന്നു. 200 പേര്‍ക്കിരിക്കാവുന്ന പ്രത്യേകകെട്ടിടം വിചാരണകോടതിക്കായി സജ്ജീകരിച്ചിരുന്നു. നടപടികള്‍ സംഷ്രേണം ചെയ്യാന്‍ ടിവി ചാനലിന് അനുവാദം കൊടുത്തിരുന്നുവെങ്കിലും ബ്രെവികിന്റെ പ്രവിശ്യയില്‍ വിലക്കി.

    ReplyDelete