Monday, July 18, 2011

ഭക്ഷ്യവിലക്കയറ്റം: കൂടുതല്‍ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ഭക്ഷ്യവില നിയന്ത്രിക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. പതിനൊന്നാം പഞ്ചവത്സര പദ്ധതികാലയളവില്‍ കാര്‍ഷികമേഖലയുടെ വികസനം 3 ശതമാനമാണെന്നും  4 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍ മോഹന്‍ സിംഗ്.

2010- 11 വര്‍ഷത്തെ ഭക്ഷ്യധാന്യ ഉത്പാദനം 241 ദശലക്ഷം ടണ്‍ ആണ്. ഏപ്രിലില്‍ പ്രഖ്യാപിത ലക്ഷ്യത്തെക്കാള്‍ 5 ദശലക്ഷം ടണ്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ദശലക്ഷം ടണ്‍ കൂടുതലാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോതമ്പ്, ചോളം, പയറിനങ്ങള്‍ എന്നിവയുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണ് കാര്‍ഷിക ഉല്‍പ്പാദനം 241 ദശലക്ഷം ടണ്ണിലെത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് കടുത്ത വെല്ലുവിളികളെ നേരിടേണ്ടിവരും. രാജ്യത്ത് ഇപ്പോഴും പോഷകാഹാരക്കുറവ് നിലനില്‍ക്കുകയാണെന്നും പയറുവര്‍ഗങ്ങളും എണ്ണയും മറ്റും ഇറക്കുമതി ചെയ്യേണ്ടതായി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരവും വിശാലവുമായ രണ്ടം ഹരിത വിപ്ലവം അനിവാര്യമാണ്. 2020- 21 കാലയളവില്‍ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത 280 ദശലക്ഷം ടണ്ണാണെന്നും വര്‍ഷം 2 ശതമാനം വളര്‍ച്ചയുണ്ടെങ്കിലെ ഈ ആവശ്യം നിറവേറ്റാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശരാശരി ഒരു ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖല പ്രതിവര്‍ഷം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കാലാവസ്ഥ കാര്‍ഷിക വിളകളെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും കാലാവസ്ഥവ്യതിയാനത്തെ അതിജീവിക്കുന്ന കാര്‍ഷികവിളകള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

janayugom 170711

1 comment:

  1. വര്‍ധിച്ചുവരുന്ന ഭക്ഷ്യവില നിയന്ത്രിക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. പതിനൊന്നാം പഞ്ചവത്സര പദ്ധതികാലയളവില്‍ കാര്‍ഷികമേഖലയുടെ വികസനം 3 ശതമാനമാണെന്നും 4 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍ മോഹന്‍ സിംഗ്.

    ReplyDelete