Saturday, July 16, 2011

ലീഗിന്റെ അല്‍പ്പത്തവും അന്തസ്സില്ലായ്മയും

അല്‍പ്പമെങ്കിലും അന്തസ്സുള്ള ഒരു രാഷ്ട്രടീയപാര്‍ടിയും സ്വീകരിക്കാത്ത മാര്‍ഗമാണ് കലിക്കറ്റ് സര്‍വകലാശാലാഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്ലിംലീഗ് സ്വീകരിച്ചുകാണുന്നത്. പ്രോവൈസ് ചാന്‍സലരുടെ ഒഴിവുണ്ടായിട്ടും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ച ആളെ നിയമിക്കാതെ രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ചാന്‍സലറുടെ നടപടി അദ്ദേഹത്തിന്റെ പദവിക്ക് തെല്ലും യോജിച്ചതല്ല. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമനം നടത്താതിരുന്നതെന്നത് വ്യക്തമാണ്. വൈസ് ചാന്‍സലറുടെ നിയമനം നടത്തുന്നതിന് സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധിയെ യഥാസമയം തെരഞ്ഞെടുത്തു. യുജിസി പ്രതിനിധിയുടെ പേര് ബോധപൂര്‍വം അയക്കാതെ നിയമനം നീട്ടിക്കൊണ്ടുപോയി.

വിസിയെ നിയമിക്കാനുള്ള സമിതിയില്‍ യുജിസിയുടെ പ്രതിനിധി, സര്‍ക്കാരിന്റെ പ്രതിനിധി, സെനറ്റിന്റെ പ്രതിനിധി എന്നിങ്ങനെ മൂന്നംഗങ്ങളാണ് ഉണ്ടാകേണ്ടത്. എല്‍ഡിഎഫ് ഭരണകാലത്ത് പിവിസിയുടെയും വിസിയുടെയും നിയമനം നടത്തരുതെന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചത്. രാഷ്ട്രീയക്കാരനായ ചാന്‍സലറെ (ഗവര്‍ണറെ) ഉപയോഗപ്പെടുത്തി അത് സാധിച്ചെടുത്തു എന്ന നിഗമനത്തിലേ ഏതൊരാള്‍ക്കും എത്തിച്ചേരാനാകൂ. സമിതിയുടെ കാലാവധി 19ന് അവസാനിക്കുകയാണ്. സമിതി യോഗം ഒരുതവണ വിളിച്ചുകൂട്ടിയത് നടക്കാതെപോയി. വീണ്ടും 13ന് സമിതി യോഗം ചേര്‍ന്നു. കലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലറെ നിയമിക്കാനുള്ള മൂന്നംഗസമിതിയില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. മുസ്ലിംലീഗ് പ്രാദേശികനേതാവും മുന്‍ പിഎസ്സി അംഗവും റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപകനുമായ വി പി അബ്ദുള്‍ ഹമീദിനെയാണ് വിസിയായി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് എന്നത് വിചിത്രമാണ്. അദ്ദേഹത്തിന്റെ പേര് സര്‍ക്കാരിനുവേണ്ടി നിര്‍ദേശിച്ചതാകട്ടെ ചീഫ് സെക്രട്ടറിയും മുന്‍ വൈസ്ചാന്‍സലറായ ഹസ്നെയ്നുമാണ്. വൈസ്ചാന്‍സലറാകാനുള്ള യോഗ്യത എന്തെന്ന് യുജിസി തീരുമാനിച്ചറിയിച്ചിട്ടുള്ളതാണ്.

ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായിരിക്കണം. കഴിവ് തെളിയിച്ച വിദ്യാഭ്യാസവിദഗ്ധനായിരിക്കണം. അബ്ദുള്‍ഹമീദ് ഏതെങ്കിലും കോളേജില്‍ ഇതേവരെ ലക്ചററായി ജോലി ചെയ്തിട്ടില്ല. ഏതെങ്കിലും സര്‍വകലാശാലയില്‍ റീഡര്‍പോലുമായി ഒരുദിവസമെങ്കിലും പ്രവര്‍ത്തിച്ചിട്ടില്ല. ലേഖനമോ പ്രബന്ധമോ ഇതേവരെ എഴുതി പ്രസിദ്ധീകരിച്ചതായി അറിവില്ല. പിഎസ്സി അംഗമായിരുന്ന ആള്‍ക്ക് വൈസ്ചാന്‍സലറാകാന്‍ പറ്റില്ല. ഒരു സ്കൂള്‍ അധ്യാപകനെ വൈസ്ചാന്‍സലറുടെ പദവിയിലേക്ക് നിര്‍ദേശിച്ച ഹസ്നൈന്റെ ബുദ്ധി അപാരം തന്നെ. മുസ്ലിംലീഗ് നിര്‍ദേശിച്ച ഒരാളുടെ പേര് വൈസ്ചാന്‍സലറുടെ സ്ഥാനത്തേക്ക് ശുപാര്‍ശചെയ്യുക എന്ന, തന്നെ ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിച്ചു എന്ന് അദ്ദേഹത്തിന് അഭിമാനിക്കാം. തന്റെ യഥാര്‍ഥ ചുമതലയും പദവിയും അദ്ദേഹം തല്‍ക്കാലത്തേക്കെങ്കിലും മറന്നു. ചീഫ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആ പദവിയുടെ അന്തസ്സും അദ്ദേഹം കളഞ്ഞുകുളിച്ചു. വൈസ്ചാന്‍സലറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗവും അഭിഭാഷകനുമായ ആഷിക്ക് സമയോചിതമായി ഇടപെട്ടത് നന്നായി. ആഷിക്ക് ആ സമിതിയില്‍ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് ചിന്തിച്ചുപോവുകയാണ്.

വൈസ്ചാന്‍സലര്‍ പദവിയിലേക്ക് മൂന്നുപേരുടെ പാനലാണ് ചാന്‍സലര്‍ക്ക് അയച്ചുകൊടുക്കേണ്ടത്. പാനലിനോടൊപ്പം അനുബന്ധമായി നിര്‍ദേശിക്കപ്പെട്ട വ്യക്തികളുടെ വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, വിദ്യാഭ്യാസരംഗത്തും ഭരണരംഗത്തുമുള്ള കഴിവ് തെളിയിക്കുന്നതിനുള്ള രേഖ-ഇത്തരം വിശദവിവരങ്ങളൊക്കെ അയച്ചുകൊടുക്കണം. ഒരാളുടെ പേരുപോലും നിര്‍ദേശിക്കാതെയാണ് യോഗം മാറ്റിവച്ചത്. ജൂലൈ 19ന് സമിതിയുടെ കാലാവധി അവസാനിക്കുമെന്നതിനാല്‍ ഒരുമാസം നീട്ടിക്കിട്ടാന്‍ ചാന്‍സലറോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു. 43 വര്‍ഷം പ്രായമുള്ള പ്രശസ്തമായ സര്‍വകലാശാലയെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഓഫീസാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. ഈ ശ്രമമാണ് താല്‍ക്കാലികമായെങ്കിലും പരാജയപ്പെട്ടത്. അത്രയും നമുക്കാശ്വസിക്കാം.

deshabhimani editorial 160711

1 comment:

  1. അല്‍പ്പമെങ്കിലും അന്തസ്സുള്ള ഒരു രാഷ്ട്രടീയപാര്‍ടിയും സ്വീകരിക്കാത്ത മാര്‍ഗമാണ് കലിക്കറ്റ് സര്‍വകലാശാലാഭരണം കൈപ്പിടിയിലൊതുക്കാന്‍ മുസ്ലിംലീഗ് സ്വീകരിച്ചുകാണുന്നത്. പ്രോവൈസ് ചാന്‍സലരുടെ ഒഴിവുണ്ടായിട്ടും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ച ആളെ നിയമിക്കാതെ രണ്ടുവര്‍ഷം നീട്ടിക്കൊണ്ടുപോയ ചാന്‍സലറുടെ നടപടി അദ്ദേഹത്തിന്റെ പദവിക്ക് തെല്ലും യോജിച്ചതല്ല. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമനം നടത്താതിരുന്നതെന്നത് വ്യക്തമാണ്. വൈസ് ചാന്‍സലറുടെ നിയമനം നടത്തുന്നതിന് സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധിയെ യഥാസമയം തെരഞ്ഞെടുത്തു. യുജിസി പ്രതിനിധിയുടെ പേര് ബോധപൂര്‍വം അയക്കാതെ നിയമനം നീട്ടിക്കൊണ്ടുപോയി.

    ReplyDelete