Tuesday, July 19, 2011

ഭൂമി വിലയ്ക്ക് വാങ്ങി ആദിവാസികള്‍ക്ക് നല്‍കാനുള്ള പദ്ധതി പൊളിയുന്നു

കല്‍പറ്റ: സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വിലകൊടുത്ത് വാങ്ങി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതി പൊളിയുന്നു. പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ വയനാട് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ആയിരം ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങി ആയിരം ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 80 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച പ്രക്രിയയിലൂടെ 436 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു.

എന്നാല്‍ സംസ്ഥാന ട്രൈബല്‍ മിഷന്‍ നടത്തിയ പരിശോധനയില്‍ മേപ്പാടി എളമ്പിലേരിയിലെ 72 ഏക്കര്‍ മാത്രമാണ് യുക്തമെന്ന് കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോവാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തിരുനെല്ലി വില്ലേജിലെ രണ്ട് എസ്റ്റേറ്റുകളിലുള്ള ഭൂമിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇത് ഒഴിവാക്കാനായിരുന്നു സംസ്ഥാന ട്രൈബല്‍ മിഷന്റെ തീരുമാനം.

സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് നടപടിക്രമങ്ങള്‍ തുടക്കം മുതല്‍ ആരംഭിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനായി ഫോര്‍ വണ്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് മറ്റ് നടപടികള്‍. ഇതിന് ഏറെ കാലതാമസം എടുക്കും. ഇതിനിടയില്‍ ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചാല്‍ വീണ്ടും നീളും. മാത്രമല്ല, സര്‍ക്കാര്‍ നിയമ പ്രകാരം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചാല്‍ തന്നെ ഭൂമിക്ക് അധിക വില ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പഴുതുകളുണ്ട്. ഫലത്തില്‍ ഭൂ ഉടമകള്‍ക്കായിരിക്കും പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കുക.
സമയബന്ധിതമായി ഭൂ രഹിത ആദിവാസികള്‍ക്ക് ഭൂമി വിതരണം പൂര്‍ത്തിയാക്കാനാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് വിലകൊടുത്ത് വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ ഇതില്‍ വരുത്തിയ മാറ്റം മൂലം സമയബന്ധിതമായി ഭൂമി വിതരണം നടക്കില്ലെന്ന് ഉറപ്പായി. ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം സാധാരണഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് ആറ് മാസത്തിലേറെ വേണ്ടിവരും.

കേസുകള്‍ ഉണ്ടായാല്‍ ഇതില്‍ തീര്‍പ്പാവുന്നത് വരെ നീളും. ഫലത്തില്‍ ഇക്കൊല്ലം ജില്ലയിലെ ആദിവാസി കുടുംബങ്ങളില്‍ ഒരാള്‍ക്ക് പോലും ഭൂമി നല്‍കാന്‍ കഴിയില്ല. കഴിഞ്ഞ സര്‍ക്കാര്‍, നടപടികള്‍ പൂര്‍ത്തിയാക്കിയ വനാവകാശ രേഖയുടെയും മിച്ചഭൂമിയുടെയും വിതരണം മാത്രമാവും നടക്കുക.

janayugom 190711

1 comment:

  1. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വിലകൊടുത്ത് വാങ്ങി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതി പൊളിയുന്നു. പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ വയനാട് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ആയിരം ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങി ആയിരം ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 80 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച പ്രക്രിയയിലൂടെ 436 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു.

    ReplyDelete