Saturday, July 23, 2011

ഗ്രീസ് സഹായ പദ്ധതി: വിപണിയില്‍ വന്‍കുതിപ്പ്

പാരീസ്: സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനെ കരകയറ്റാന്‍  പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി യൂറോസോണ്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതോടെ ലോകത്തെങ്ങും ഷെയര്‍മാര്‍ക്കറ്റുകളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി. ബ്രിട്ടനിലും   ഫ്രാന്‍സിലും പ്രഭാത വ്യാപാരത്തില്‍ തന്നെ ഒരുശതമാനത്തിലേറെ വര്‍ധനവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കി ഷെയര്‍മാര്‍ക്കറ്റ് 1.2 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. എന്നാല്‍ അമേരിക്കന്‍ കമ്പോളം സ്ഥിരത നിലനിര്‍ത്തി.

155 ബില്യണ്‍ ഡോളറിലേറെയുളള ഗ്രീസ് കടാശ്വാസ പദ്ധതിയ്ക്ക് യൂറോസോണ്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ നിക്ഷേപകരും ഗ്രീസിന്റെ  കടബാധ്യത തീര്‍ക്കുന്നതിന് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു. യൂറോയുടെ മൂല്യം നിലനിര്‍ത്താന്‍ തന്റെ രാജ്യം എന്തു നടപടിയ്ക്കും ഒരുക്കമാണെന്ന് ജര്‍മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞു. യൂറോപ്പിലാകമാനമുളള ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.

ബാങ്കിംഗ് രംഗത്തെ ഓഹരികളിലാണ് വന്‍വര്‍ധനവുണ്ടായത്. ഫ്രാന്‍സിന്റെ ക്രെഡിറ്റ് അഗ്രിക്കോളെ ബ്രിട്ടന്റെ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് എന്നിവയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധനവാണുണ്ടായത്. ഗ്രീസിന്റെ സാമ്പത്തിക രംഗത്ത് ഉണര്‍വു പകരുന്ന രീതിയിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ധനകാര്യമന്ത്രി ഇവാഞ്ചലോസ് വെനിസെലോസ് അഭിപ്രായപ്പെട്ടു.

janayugom 230711

1 comment:

  1. സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനെ കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി യൂറോസോണ്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതോടെ ലോകത്തെങ്ങും ഷെയര്‍മാര്‍ക്കറ്റുകളില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി. ബ്രിട്ടനിലും ഫ്രാന്‍സിലും പ്രഭാത വ്യാപാരത്തില്‍ തന്നെ ഒരുശതമാനത്തിലേറെ വര്‍ധനവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കി ഷെയര്‍മാര്‍ക്കറ്റ് 1.2 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. എന്നാല്‍ അമേരിക്കന്‍ കമ്പോളം സ്ഥിരത നിലനിര്‍ത്തി.

    ReplyDelete