Saturday, July 23, 2011

സപ്ലൈകോ അരിവില കുത്തനെ ഉയര്‍ത്തി

പെരുമ്പാവൂര്‍ : സപ്ലൈകോ അരിവില കുത്തനെ ഉയര്‍ത്തി. മട്ട, ബോധന, പച്ചരി എന്നിവയ്ക്കാണ് വില ഉയര്‍ത്തിയത്. മട്ട അരി കിലോയ്ക്ക് 16 രൂപയില്‍നിന്ന് 19.90 രൂപയായും പച്ചരി 16ല്‍നിന്ന് 18 രൂപയായും ബോധന 16ല്‍നിന്ന് 17.80 രൂപയായും വര്‍ധിപ്പിച്ചു. വിലവര്‍ധന ആഗസ്ത് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ചമുതല്‍ നിരക്കുവര്‍ധന നടപ്പാക്കുമെന്ന്സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജറുടെ ഉത്തരവ് മാവേലി സ്റ്റോറുളകിലും മറ്റ് വില്‍പന സ്റാളുകളിലും എത്തിയിരുന്നു. എന്നാല്‍ 31വരെ പഴയ വില തുടരണമെന്നുകാട്ടി വ്യാഴാഴ്ച പുതിയ ഉത്തരവ് ഇറങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികളുടെ കുടിശ്ശിക അനുവദിക്കാത്തതിനാല്‍ വിലകുട്ടിയതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സബ്സിഡി നല്‍കിയ ഇനത്തില്‍ സപ്ലൈകോയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 250 കോടി രൂപയാണ് നല്‍കാനുള്ളത്. എഫ്സിഐ നല്‍കുന്നതൊഴികെയുള്ള അരിക്കു മാത്രം സബ്സിഡി ബാധകമാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശവും വിലവര്‍ധനയ്ക്കു കാരണമായി.

കര്‍ഷകരില്‍നിന്നു നെല്ലുസംഭരിച്ച ഇനത്തിലും സബ്സിഡിനിരക്കില്‍ വിതരണംചെയ്ത സാധനങ്ങളുടെ വകയിലുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 250 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് സപ്ലൈകോ പണം കണ്ടെത്തുന്നത്. ഈ സീസണില്‍ നെല്ലുസംഭരിച്ചതുള്‍പ്പെടെയുള്ള തുകയില്‍ കേന്ദ്രം 76 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ 118 കോടിയോളം രൂപയും നല്‍കാനുണ്ട്. സബ്സിഡിനിരക്കില്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ സംസ്ഥാനസര്‍ക്കാര്‍ 56 കോടി രൂപയും നല്‍കാനുണ്ട്. ഇതിനു പുറമെ കേന്ദ്രത്തിന് 50 കോടിയോളം രൂപയുടെ പുതിയ ബില്ലും സപ്ലൈകോ നല്‍കാനുണ്ട്. ഇതുസംബന്ധിച്ച മുഴുവന്‍ രേഖയും നല്‍കിയിട്ടും ഇരു സര്‍ക്കാരുകളും തുക അനുവദിക്കുന്നതില്‍ അമാന്തംകാട്ടുകയാണ്. കേരളത്തില്‍ ഭരണം മാറിയശേഷം സപ്ലൈകോയുടെ ഫയലുകള്‍ പരിശോധിക്കാന്‍പോലും ഇരുസര്‍ക്കാരും തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതുമൂലം സംഭരിച്ച മുഴുവന്‍ നെല്ലിന്റെയും തുക കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനും സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. ഇടയ്ക്ക് നെല്ലുസംഭരണം നിര്‍ത്തിയിരുന്നു. സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് നിലവില്‍ 250 കോടിരൂപയുടെ ഓവര്‍ഡ്രാഫറ്റ് സപ്ലൈകോ എടുത്തിട്ടുണ്ട്. സപ്ലൈകോ അരിയുടെ വിലക്കയറ്റം പൊതുവിപണിയിലും അരിവില ഗണ്യമായി ഉയര്‍ത്തും.

അരിവില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍കിടക്കാരുടെ ഒത്തുകളി

കൊല്ലം: ആന്ധ്ര അരിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും വില വര്‍ധിപ്പിക്കാനുള്ള സപ്ലൈകോ നീക്കത്തിനു പിന്നില്‍ വന്‍കിട വ്യാപാരികളുമായുള്ള ഒത്തുകളി. മട്ട, ബോധന, പച്ചരി എന്നിവയുടെ വിലയാണ് കഴിഞ്ഞദിവസം വര്‍ധിപ്പിച്ച് സപ്ലൈകോ ഉത്തരവിറക്കിയത്. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലാക്കണമെന്നായിരുന്നു സപ്ലൈകോ മാര്‍ക്കറ്റിങ്മാനേജരുടെ ഉത്തരവ്. എന്നാല്‍ , 31വരെ പഴയ വില തുടരണമെന്നുകാട്ടി വൈകിട്ടോടെ പുതിയ ഉത്തരവും ഇറക്കി. മട്ട അരി കിലോഗ്രാമിന് 16 രൂപയില്‍നിന്ന് 19.90 രൂപയായാണ് ഉയര്‍ത്തിയത്. പച്ചരി പതിനാറില്‍നിന്ന് പതിനെട്ടായും ബോധന പതിനാറില്‍നിന്ന് 17.80 ആയുമാണ് വര്‍ധിപ്പിച്ചത്.

കേരളത്തിലേക്ക് അരിയെത്തുന്ന ആന്ധ്രയില്‍ ഇക്കുറി റെക്കോഡ് വിളവെടുപ്പാണ്. ഇതുമൂലം ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് അരിവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ , വിലക്കുറവ് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വ്യാപകമായിരുന്നു. ഗോദാവരി നദിയിലെ ജലസമൃദ്ധിയെ തുടര്‍ന്നാണ് ആന്ധ്രയിലെ നെല്‍പ്പാടങ്ങള്‍ ഏറെ പച്ചപ്പണിഞ്ഞത്. ഇതുമൂലം ദിനംപ്രതി രണ്ടുമൂന്ന് വാഗണ്‍ അരി (ഒരു വാഗണ്‍ 250 ലോഡ്) ഇപ്പോള്‍ കൊല്ലത്തെത്തുന്നുണ്ട്. ഇതോടെ അരിവില 20 രൂപയായി കുറഞ്ഞു. ആന്ധ്രയില്‍നിന്ന് ഏജന്റുമാര്‍ സംഭരിക്കുന്ന അരിയാണ് സപ്ലൈകോ ടെന്‍ഡര്‍ വിളിച്ചെടുക്കുന്നത്. ഈ സാഹചര്യത്തില്‍ അരിവില കൂട്ടാനുള്ള അധികൃതരുടെ നീക്കം ദുരൂഹമാണ്. ഇടനിലക്കാരില്‍നിന്ന് വാങ്ങുന്ന അരിക്ക് ആറുമുതല്‍ എട്ടുശതമാനം വരെ ലാഭം സപ്ലൈകോ എടുക്കുന്നതിനാല്‍ പൊതുവിപണിയേക്കാള്‍ വിലകൂട്ടിയാണ് വില്‍പ്പന. ഇത് വന്‍കിട വ്യാപാരികള്‍ക്ക് അരിവില വീണ്ടും വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുക്കും. സ്വകാര്യ ചില്ലറ മുതലാളിമാര്‍ രണ്ടുമൂന്നു ശതമാനം ലാഭം എടുക്കുമ്പോഴാണ് വന്‍കിട ലോബികള്‍ക്കായി സപ്ലൈകോ തീവെട്ടിക്കൊള്ള നടത്തുന്നത്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ കയറ്റിറക്ക്, കടത്തുകൂലി മാത്രമെടുത്ത് ലാഭനഷ്ടം ഇല്ലാതെ വിപണിയിലെത്തിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ കിലോയ്ക്ക് രണ്ടുമുതല്‍ നാലു രൂപവരെ വില കുറച്ചുകൊടുക്കാനാകും. ഇപ്പോള്‍ വില കൂട്ടാനുള്ള സര്‍ക്കാര്‍ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് സപ്ലൈകോ അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാവപ്പെട്ടവരുടെ കുടുംബബജറ്റ് സന്തുലിതമാക്കാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ 81 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം പോലും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിനും സബ്സിഡി നിരക്കില്‍ വിതരണംചെയ്ത സാധനങ്ങള്‍ക്കുമായി 250 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സപ്ലൈക്കോയ്ക്ക് നല്‍കാനുണ്ട്. സാമ്പത്തികഞെരുക്കം മൂലം നിലവില്‍ 250 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സപ്ലൈകോ എടുത്തിട്ടുണ്ട്. ഈ സീസണില്‍ നെല്ല് സംഭരിച്ചത് ഉള്‍പ്പെടെയുള്ള തുകയില്‍ സംസ്ഥാനസര്‍ക്കാര്‍ 118 കോടിയും കേന്ദ്രസര്‍ക്കാര്‍ 76 കോടിയുമാണ് കുടിശ്ശികയുള്ളത്. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ സംസ്ഥാനസര്‍ക്കാര്‍ 56 കോടി രൂപ അധികമായും നല്‍കാനുണ്ട്. ഇതിനുപുറമേ കേന്ദ്രത്തിന് 50 കോടിയോളം രൂപയുടെ പുതിയ ബില്ലും സപ്ലൈകോ നല്‍കാനുണ്ട്. ഈ തുക അനുവദിക്കുന്നതില്‍ ഇരു സര്‍ക്കാരുകളും അലംഭാവം കാട്ടുകയാണ്. കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും ന്യായമായ വില കിട്ടാനും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് അരി ലഭ്യമാക്കാനുമുള്ള പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് സപ്ലൈകോയെ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
(പി ആര്‍ ദീപ്തി)

deshabhimani 230711

1 comment:

  1. സപ്ലൈകോ അരിവില കുത്തനെ ഉയര്‍ത്തി. മട്ട, ബോധന, പച്ചരി എന്നിവയ്ക്കാണ് വില ഉയര്‍ത്തിയത്. മട്ട അരി കിലോയ്ക്ക് 16 രൂപയില്‍നിന്ന് 19.90 രൂപയായും പച്ചരി 16ല്‍നിന്ന് 18 രൂപയായും ബോധന 16ല്‍നിന്ന് 17.80 രൂപയായും വര്‍ധിപ്പിച്ചു. വിലവര്‍ധന ആഗസ്ത് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ചമുതല്‍ നിരക്കുവര്‍ധന നടപ്പാക്കുമെന്ന്സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജറുടെ ഉത്തരവ് മാവേലി സ്റ്റോറുളകിലും മറ്റ് വില്‍പന സ്റാളുകളിലും എത്തിയിരുന്നു. എന്നാല്‍ 31വരെ പഴയ വില തുടരണമെന്നുകാട്ടി വ്യാഴാഴ്ച പുതിയ ഉത്തരവ് ഇറങ്ങി.

    ReplyDelete