Monday, July 18, 2011

മുംബൈ സ്ഫോടനം : കസ്റ്റഡിയിലുള്ളയാള്‍ മരിച്ചു

മുംബൈ: സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. 2008 ഗുജറാത്ത് സ്ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന അഫ്സല്‍ ഉസ്മാനിയുടെ സഹോദരന്‍ ഫയാസ് ഉസ്മാനിയാണ് ഞായറാഴ്ച ആശുപത്രിയില്‍ മരിച്ചത്. പൊലീസ് പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മഹാരാഷ്ട്ര ഡിജിപി അജിത് പരാസ്നിസ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം പൊലീസ് നിഷേധിക്കുകയുംചെയ്തു.

ചെമ്പൂര്‍ ക്രൈംബ്രാഞ്ച് പൊലീസാണ് ഗോവണ്ടി സ്വദേശിയായ ഫയാസ് ഉസ്മാനിയെ ചോദ്യംചെയ്യാന്‍ ശനിയാഴ്ച വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ , വൈകിട്ടോടെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അന്ത്യം. ഫയാസിന്റെ സഹോദരന്‍ അഫ്സല്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു. മസ്തിഷ്കാഘാതമാണ് മരണകാരണമെന്ന് പരിശോധിച്ച ഡോക്ടര്‍ റയാന്‍ കുമാര്‍പറഞ്ഞു. അപ്രതീഷിതമായി മാനസികാഘാതം നേരിടേണ്ടിവരുന്ന ഒരാള്‍ക്കാണ് ഈ സാഹചര്യം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്താതിമര്‍ദമാണ് ഫയാസിന്റെ മരണകാരണമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിസാര്‍ തമ്പോളി പറഞ്ഞു. രക്താതിമര്‍ദമുഉള്ള ഇയാള്‍ മൂന്നുദിവസമായി മരുന്നു കഴിച്ചിരുന്നില്ലെന്നും ഇതാണ് നില വഷളാക്കിയതെന്നും ഡിസിപി പറഞ്ഞു. ചോദ്യംചെയ്യലിനിടെ പീഡനം ഉണ്ടായെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാറായെന്ന് മുതിര്‍ന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ്(എടിഎസ്) ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രം ഇപ്പോള്‍ പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരമായി പൊലീസിന് വിവരം നല്‍കുന്ന ചിലര്‍ക്കും മാത്രമേ ചിത്രം നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് നാട്ടുകാരന്‍ നല്‍കിയ ഒരു സുപ്രധാനവിവരം അവഗണിച്ച കല്ല്യാണിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പ്രഭാകര്‍ ബഗ്രാവോനെ സസ്പെന്‍ഡുചെയ്തു. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഏഴുസംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ കിഷന്‍ഗഞ്ചില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ ആകാശ് ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു.

deshabhimani 180711

1 comment:

  1. മുംബൈ: സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. 2008 ഗുജറാത്ത് സ്ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന അഫ്സല്‍ ഉസ്മാനിയുടെ സഹോദരന്‍ ഫയാസ് ഉസ്മാനിയാണ് ഞായറാഴ്ച ആശുപത്രിയില്‍ മരിച്ചത്. പൊലീസ് പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മഹാരാഷ്ട്ര ഡിജിപി അജിത് പരാസ്നിസ് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം പൊലീസ് നിഷേധിക്കുകയുംചെയ്തു.

    ReplyDelete