ഏതാനും അച്ചടി മാധ്യമങ്ങളുടെ പത്രാധിപന്‍മാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്ന വിധത്തിലുള്ളതായി. വിലക്കയറ്റം അതിരൂക്ഷമാണെന്ന് തുറന്നുസമ്മതിക്കാന്‍ ഒരിക്കല്‍കൂടി നിര്‍ബന്ധിതനായ മന്‍മോഹന്‍സിംഗ് പക്ഷേ വിലക്കയറ്റത്തെ ചെറുക്കുന്ന കാര്യത്തില്‍ താന്‍ നിസഹായനാണെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ് ചെയ്തത്. വിലക്കയറ്റത്തെ പ്രതിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കൈക്കൊള്ളാന്‍ കഴിയുന്ന നടപടികളൊന്നും സ്വീകരിക്കാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്നത്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും അവധി വ്യാപാരം നിരോധിക്കുകയും കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെയ്പ്പുകാരെയും നിരോധിച്ചും അടിക്കടി ഉണ്ടാവുന്ന ഇന്ധന വില വര്‍ധനവ് ഒഴിവാക്കിയും ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കാത്ത ഭരണത്തിനാണ് മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്നത്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന പ്രധാനമന്ത്രി 2012 മാര്‍ച്ചുവരെ കാത്തിരുന്നു നോക്കാന്‍ ജനങ്ങളെ ഉപദേശിക്കുക കൂടി ചെയ്തു. അപ്പോഴേയ്ക്കും വിലനിലവാരം കുറഞ്ഞേയ്ക്കും എന്നാണ് മന്‍മോഹന്റെ പ്രവചനം. തങ്ങളുടെ തെറ്റായ ഭരണനയം മൂലമാണ് അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലകുതിച്ചുയരുന്നതെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ ജ്യോതിഷികളെ പോലെ പ്രവചനം നടത്തി സായൂജ്യമടയുകയാണ് പ്രധാനമന്ത്രി.
അഴിമതിയെ പരോക്ഷമായെങ്കിലും ന്യായീകരിക്കുവാനും മന്‍മോഹന്‍സിംഗ് മുതിര്‍ന്നു. സര്‍ക്കാരിന് പലപ്പോഴും വളരെ വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമെന്നും എല്ലാ വസ്തുതകളും അറിഞ്ഞിട്ടായിരിക്കില്ല തീരുമാനിക്കുന്നതെന്നും അതുകൊണ്ട് തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പത്ത് തീരുമാനമെടുക്കുമ്പോള്‍ അഞ്ചെണ്ണം ശരിയായാല്‍ മതിയെന്നാണ് മന്‍മോഹന്‍സിംഗിന്റെ പക്ഷം. സി എ ജിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്താനും മന്‍മോഹന്‍സിംഗ് തയ്യാറായി.
അഴിമതി കടുത്ത പ്രശ്‌നം തന്നെയാണെന്ന് പറഞ്ഞ മന്‍മോഹന്‍സിംഗ് പക്ഷേ അഴിമതിയെ ന്യായീകരിക്കുന്ന വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്. 2 ജി സ്‌പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തോട് ധാര്‍ഷ്ട്യത്തോടെ പുറംതിരിഞ്ഞുനിന്ന പ്രധാനമന്ത്രി ഇപ്പോഴും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറയാതെ പറയുകയായിരുന്നൂ. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ ആക്ഷേപ വിധേയരായ വിലാസ് റാവു ദേശ്മുഖിനെയും സുശീല്‍കുമാര്‍ ഷിന്‍ഡേയേയും ടെലികോം ഇടപാടില്‍ സി ബി ഐ അന്വേഷണത്തെ നേരിടുന്ന ദയാനിധിമാരനെയും മന്ത്രിസഭയില്‍ ഒപ്പമിരുത്തിക്കൊണ്ടാണ് അഴിമതിയെ നേരിടാന്‍ കര്‍ശന നിലപാടു സ്വീകരിക്കുമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞത്.
പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും മന്‍മോഹന്‍ സിംഗ് വെളിപ്പെടുത്തുകയുണ്ടായി. എത്രയോ മാസങ്ങളായി ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. അപ്പോഴെല്ലാം മൗനിയായി കഴിഞ്ഞുകൂടുകയും തന്റെ സഹമന്ത്രിമാരെകൊണ്ട് പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവുകയില്ലെന്ന് പറയിക്കുകയുമാണ് മന്‍മോഹന്‍ സിംഗ് ചെയ്തത്.
തന്റെയും ഗവണ്‍മെന്റിന്റെയും പ്രതിച്ഛായ മോശമായെന്ന് സമ്മതിക്കേണ്ടിവന്ന പ്രധാനമന്ത്രി പക്ഷേ അതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. രാജ്യത്തെ ഞെട്ടിച്ച വമ്പന്‍ അഴിമതി പരമ്പരകള്‍ സൃഷ്ടിച്ചും ജനദ്രോഹനയങ്ങള്‍ തുടര്‍ന്നും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അവഗണിച്ചും മുഖം വികൃതമായതിന്റെ കാരണം തിരിച്ചറിയാന്‍ സന്നദ്ധമാകാതെ മാധ്യമങ്ങളെ പഴിക്കുന്നതില്‍ അര്‍ഥമില്ല.
അദ്ദേഹത്തിന്റെ പ്രസ്താവന സ്വന്തം കക്ഷിയില്‍ നിന്നുതന്നെ തനിക്കെതിരായി ഉയര്‍ന്നുവരുന്ന അസംതൃപ്തിയെ പ്രതിരോധിക്കുന്നതിനു വേണ്ടി കൂടിയായിരുന്നു. താന്‍ ഒരു പാവ പ്രധാനമന്ത്രിയല്ലെന്നും പരാശ്രിതനല്ലെന്നും മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ചത് ഈ സാഹചര്യത്തിലാണ്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന പ്രസ്താവന തനിക്കെതിരായി നിലകൊള്ളുന്ന നേതാക്കള്‍ക്കുള്ള മന്‍മോഹന്‍സിംഗിന്റെ മറുപടിയാണ്.
മൗലികമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകാത്ത പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളില്‍ നിരാശ വളര്‍ത്താനും സ്വയം പരിഹാസ്യമാകുവാനും മാത്രമേ സഹായിക്കൂ.
ജനയുഗം മുഖപ്രസംഗം 010711
ഏതാനും അച്ചടി മാധ്യമങ്ങളുടെ പത്രാധിപന്‍മാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്ന വിധത്തിലുള്ളതായി. വിലക്കയറ്റം അതിരൂക്ഷമാണെന്ന് തുറന്നുസമ്മതിക്കാന്‍ ഒരിക്കല്‍കൂടി നിര്‍ബന്ധിതനായ മന്‍മോഹന്‍സിംഗ് പക്ഷേ വിലക്കയറ്റത്തെ ചെറുക്കുന്ന കാര്യത്തില്‍ താന്‍ നിസഹായനാണെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ് ചെയ്തത്. വിലക്കയറ്റത്തെ പ്രതിരോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കൈക്കൊള്ളാന്‍ കഴിയുന്ന നടപടികളൊന്നും സ്വീകരിക്കാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്നത്.
ReplyDelete