Monday, July 18, 2011

കൊക്കകോളയെ തിരികെ കൊണ്ടുവരാന്‍ ഗൂഡാലോചന

പാലക്കാട്: ജനകീയ സമരത്തിലൂടെ പ്ലാച്ചിമടയില്‍ അടപ്പിച്ച  അന്താരാഷ്ട്ര കുത്തക ഭീമന്‍ കൊക്ക കോളയെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒത്തു കളിക്കുന്നു. ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പ്ലാച്ചിമട ട്രിബ്യൂണലിനെ അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ നീക്കം നടക്കുന്നെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നതാണ്. സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഫില്‍ട്ടറിങ് യൂനിറ്റുകള്‍ നല്‍കാനുള്ള ചുമതല കൊക്കകോള കമ്പനിയെ ഏല്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്ലാച്ചിമട സമരത്തെ ഇപ്പോള്‍ പരസ്യമായി അപമാനിച്ചരിക്കുകയാണ്.

കൈറ്റ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന വഴിയാണ് കൊക്കകോള ആശുപത്രികളില്‍ ശുദ്ധജല വിതരണം നടത്തുന്നത്. കൊച്ചി ആസ്ഥാനമായ കൈറ്റ് ലൈഫിന്റെ ആദ്യപദ്ധതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കേന്ദ്രകൃഷിസഹമന്ത്രി പ്രൊഫ കെ സി തോമസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, കരുവേലിപ്പടി, ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലെ ഏഴ് ആശുപത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുളളത്. കൊച്ചി നഗരത്തിനു തൊട്ടുപിന്നാലെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും പദ്ധതി നടപ്പാക്കുകയാണ്.

ശുദ്ധജല വിതരണത്തിന് കൊക്കകോളക്കു വേണ്ടി യുറേക്കാ ഫോബ്‌സ് എന്ന ആഗോളഭീമനാണ് ജലശുദ്ധീകരണത്തിനുള്ള യൂനിറ്റുകള്‍ രൂപകല്‍പന ചെയ്യുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രണ്ടു യൂനിറ്റുകള്‍ നല്‍കിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, ആലുവയിലെയും വടക്കന്‍ പറവൂരിലെയും താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കും കൊക്കകോള തന്നെയാണ് ഫില്‍ട്ടറിങ് യൂനിറ്റുകള്‍ എത്തിക്കുക. കുത്തകക്കമ്പനികള്‍ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ചെലവഴിക്കേണ്ട (കോര്‍പറേറ്റ് സോഴ്‌സ് റെസ്‌പോണ്‍സബിലിറ്റി) ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കൊക്കകോള പണം ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 2.8 കോടി രൂപയാണ് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊക്കകോള ചെലവഴിക്കുക.

കൊക്കക്കോള ജലചൂഷണത്തിലൂടെ ഏറ്റവുമധികം മുറിവേല്‍പ്പിച്ച കേരളത്തില്‍ത്തന്നെ ശുദ്ധജല പദ്ധതിയുമായി എത്തുന്നതിന് വഴിയൊരുക്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.  ജനങ്ങളുടെ അതിശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഭീകരമായ പരിസ്ഥിതിനാശവും ജലചൂഷണവും നടത്തിവന്ന കൊക്കകോളയുടെ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട പ്ലാന്റ്പൂട്ടേണ്ടി വന്നത്. പ്രദേശത്ത് 216 കോടി രൂപയുടെ മതിപ്പുനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഇവിടുത്തെ ജലചൂഷണത്തെപ്പറ്റി പഠിച്ച വിദഗ്ധസമിതി വിലയിരുത്തിയത്. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച ഇടതു സര്‍ക്കാര്‍ നഷ്ടപരിഹാരം കൊക്കകോള കമ്പനിയില്‍നിന്നു തന്നെ ഈടാക്കി പ്രദേശവാസികള്‍ക്കു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ നഷ്ടപരിഹാരം ഈടാക്കുന്നതിനു വേണ്ടിയുളള ബില്‍ നിയമസഭ ഫെബ്രുവരി 24ന് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തുന്നതായാണ് സൂചന. ഇത് രാഷ്ട്രപതിഭവനിലേക്കു വിടാതെ ആഭ്യന്തരമന്ത്രാലയത്തില്‍ത്തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്. രാഷ്ട്രപതിക്കു മുന്നിലെത്തിക്കാതെ ബില്‍ കേരളത്തിനു മടക്കി അയക്കാനും നീക്കം നടക്കുന്നു.

കൊക്കകോളയുടെ രാജ്യാന്തര വൈസ് പ്രസിഡന്റും കേരളത്തിലെ ഒരു വ്യവസായ പ്രമുഖനുമാണ് ഇതിനു പിന്നില്‍. ഇങ്ങനെയുള്ള നീക്കങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്തിന്റെ കരിമ്പട്ടികയിലുള്ള കമ്പനിയുമായി പരസ്യമായി കൈകോര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശുദ്ധജല പദ്ധതി നടപ്പാക്കുന്നത്. അത് ഉദ്ഘാടനം ചെയ്തത് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി വാദിച്ച കേന്ദ്രമന്ത്രി കെ വി തോമസ് തന്നെയാണ് എന്നത് യാദൃച്ഛികമാകാനിടയില്ല.
(സുരേന്ദ്രന്‍ കുത്തനൂര്‍)

janayugom 170711

1 comment:

  1. ജനകീയ സമരത്തിലൂടെ പ്ലാച്ചിമടയില്‍ അടപ്പിച്ച അന്താരാഷ്ട്ര കുത്തക ഭീമന്‍ കൊക്ക കോളയെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒത്തു കളിക്കുന്നു. ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കാന്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പ്ലാച്ചിമട ട്രിബ്യൂണലിനെ അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ നീക്കം നടക്കുന്നെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തു വന്നതാണ്. സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലെ താലൂക്ക് ആശുപത്രികളില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഫില്‍ട്ടറിങ് യൂനിറ്റുകള്‍ നല്‍കാനുള്ള ചുമതല കൊക്കകോള കമ്പനിയെ ഏല്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്ലാച്ചിമട സമരത്തെ ഇപ്പോള്‍ പരസ്യമായി അപമാനിച്ചരിക്കുകയാണ്.

    ReplyDelete