Monday, July 25, 2011

ഐസിഎസ്ഇ പാഠഭാഗം ചരിത്രനിഷേധം: കെഎസ്കെടിയു

ഐസിഎസ്ഇ ഏഴാംക്ലാസ് മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ മുരിക്കനെക്കുറിച്ചുള്ള ലേഖനം ചരിത്രനിഷേധമെന്ന് കെഎസ്കെടിയു ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഭൂപരിഷ്കരണ നിയമത്തെയും കമ്യൂണിസ്റ്റുപാര്‍ടിയെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും അധിക്ഷേപിക്കുന്നതിനായി വസ്തുതകളെ വളച്ചൊടിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1957ലെയും 1967ലെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് ഭൂപരിഷ്കരണനിയമം പാസാക്കിയത്. ഇതിലൂടെ കേരളത്തിലെ ജന്മിത്വം അവസാനിപ്പിച്ചു. കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും സ്വന്തമായി ഭൂമി ലഭ്യമാക്കി. 24 ലക്ഷം കുടികിടപ്പുകാരും ലക്ഷക്കണക്കിന് പാട്ടകൃഷിക്കാരും ഭൂമിയുടെ ഉടമസ്ഥരായി. കേരളത്തില്‍ സാമൂഹ്യപുരോഗതിക്ക് അടിത്തറയായത് ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവുമാണ്. 1967ല്‍ ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം പാസാക്കി. പിന്നീടുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കാന്‍ ശ്രമിച്ചില്ല.

തുടര്‍ന്ന് കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരത്തെതുടര്‍ന്ന് മുരിക്കന്റേതടക്കമുള്ള മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. അടിയന്തരാവസ്ഥക്കാലത്ത് മുരിക്കന്റെ കായലുകള്‍ ഭൂരഹിതര്‍ക്കെന്ന പേരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യപ്പെട്ടു. നിയമത്തില്‍ പറയുന്ന മാനദണ്ഡപ്രകാരമായിരുന്നില്ല വിതരണം. മിച്ചഭൂമിയുടെ 87.5 ശതമാനം കര്‍ഷകത്തൊഴിലാളികള്‍ക്കും അതിന്റെ 50 ശതമാനം പട്ടികജാതിവിഭാഗത്തിനും കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കപ്പെട്ടില്ല.

കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി കൊടുത്തതാണ് കുഴപ്പമെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. മാത്രമല്ല മുരിക്കന്റെ കുടുംബം പട്ടിണിയിലാണെന്നും പഠിപ്പിക്കുന്നു. എന്നാല്‍ കായലുകളില്‍തന്നെ മുരിക്കന്റെ കുടുംബാംഗങ്ങളുടെ പേരില്‍ നിയമത്തില്‍ പറയുന്ന ഭൂപരിധിക്കുള്ളില്‍പ്പെടുന്ന ഭൂമി ഇപ്പോഴുമുണ്ട്. വസ്തുതകളെ വളച്ചൊടിച്ചും ചരിത്രത്തെ നിഷേധിച്ചുമുള്ള പി ജെ എസ് ജോര്‍ജിന്റെ ലേഖനമാണ് പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചത്. കമ്യൂണിസ്റ്റുവിരുദ്ധത കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പാഠഭാഗം. ഇത് പുസ്തകത്തില്‍നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്കെടിയു ജില്ലാ സെക്രട്ടറി ഡി ലക്ഷ്മണന്‍ ആവശ്യപ്പെട്ടു.

deshabhimani 250711

1 comment:

  1. ഐസിഎസ്ഇ ഏഴാംക്ലാസ് മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ മുരിക്കനെക്കുറിച്ചുള്ള ലേഖനം ചരിത്രനിഷേധമെന്ന് കെഎസ്കെടിയു ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete