Monday, July 25, 2011

സി- ഡിറ്റില്‍ കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ക്ക് വഴിവിട്ട് ഉദ്യോഗക്കയറ്റം

സി- ഡിറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ക്ക് വഴിവിട്ട് ഉദ്യോഗക്കയറ്റം. മന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രൊമോഷനെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സി- ഡിറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഉദ്യോഗക്കയറ്റം കിട്ടിയത്. ഇതില്‍ മറ്റൊരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയും ഉള്‍പ്പെടുന്നു. അര്‍ഹരായ പലരെയും തഴഞ്ഞ ഉദ്യോഗക്കയറ്റം നല്‍കിയവര്‍ക്ക് ഉന്നത ഉദ്യേഗസ്ഥര്‍ നിറവേറ്റേണ്ട ചുമതലകളാണ് നല്‍കിയിട്ടുള്ളത്.

എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി ഭരത് തമ്പി, ജോയിന്റ് സെക്രട്ടറി വി ലാല്‍ മോഹന്‍ , മുന്‍ സെക്രട്ടറിയും മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായ വാസുദേവന്‍പിള്ളയുടെ ഭാര്യ കുമാരി പ്രഭ എന്നിവര്‍ക്കാണ് ഉദ്യോഗക്കയറ്റം നല്‍കിയത്. ഓഫീസ് അസിസ്റ്റന്റായ ഭരത് തമ്പിക്ക് പേഴ്സണല്‍ , വെല്‍ഫെയര്‍ , ലീഗല്‍ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജരായാണ് നിയമനം. റിക്രൂട്ട്മെന്റ്, ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകളിലെ പരാതി പരിഹരിക്കല്‍ , ഇവയുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ നിര്‍വഹിക്കല്‍ , ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും തുടങ്ങിയ സുപ്രധാന ചുമതലകളാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. നിലവില്‍ സി- ഡിറ്റ് രജിസ്ട്രാറാണ് ഈ ചുമതല നിര്‍വഹിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവായി ജോലിചെയ്ത വി ലാല്‍മോഹന് പ്രോജക്ടുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജരായാണ് നിയമനം. ലീഗല്‍ ഓഫീസറുടെ ചുമതലയിലായിരുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന് നല്‍കിയത്. ഓഫീസ് അസിസ്റ്റന്റായ കുമാരി പ്രഭയ്ക്ക് മാനവശേഷി വിഭാഗം അസിസ്റ്റന്റ് മാനേജരായാണ് ഉദ്യോഗക്കയറ്റം നല്‍കിയത്. ജീവനക്കാരുടെ സര്‍വീസ് ബുക്ക് പുതുക്കല്‍ , പരിശീലനം, കരിയര്‍ വികസന പദ്ധതികള്‍ , സെമിനാറുകളുടെ നടത്തിപ്പ് തുടങ്ങി സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഏതു മേഖലയിലും കൈകടത്താനുള്ള അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

മൂന്നു സീനിയര്‍ അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെ നിലവില്‍ അര്‍ഹരായ പലര്‍ക്കും അവസരം നിഷേധിച്ചാണ് വഴിവിട്ടുള്ള പ്രെമോഷന്‍ . കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ പ്രെമോഷനുമായി ബന്ധപ്പെട്ട ഉത്തരവ് സി - ഡിറ്റ് രജിസ്ട്രാര്‍ പുറത്തിറക്കിയത്. ജൂണ്‍ 28ന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവിലുണ്ട്. സി - ഡിറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നടപ്പാക്കാനുള്ള മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് അദ്ദേഹവുമായി ചര്‍ച്ച നടത്തിയശേഷമാണ് ഉദ്യോഗക്കയറ്റം നടപ്പാക്കിയതെന്നും ഉത്തരവില്‍ പറഞ്ഞു.

deshabhimani 250711

1 comment:

  1. സി- ഡിറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ക്ക് വഴിവിട്ട് ഉദ്യോഗക്കയറ്റം. മന്ത്രി കെ സി ജോസഫിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രൊമോഷനെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സി- ഡിറ്റ് എംപ്ലോയീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഉദ്യോഗക്കയറ്റം കിട്ടിയത്. ഇതില്‍ മറ്റൊരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയും ഉള്‍പ്പെടുന്നു. അര്‍ഹരായ പലരെയും തഴഞ്ഞ ഉദ്യോഗക്കയറ്റം നല്‍കിയവര്‍ക്ക് ഉന്നത ഉദ്യേഗസ്ഥര്‍ നിറവേറ്റേണ്ട ചുമതലകളാണ് നല്‍കിയിട്ടുള്ളത്.

    ReplyDelete