Sunday, July 17, 2011

ഇതെന്തു പറ്റി, വെള്ളിയാഴ്ചയും ഹൗസ്ഫുള്‍!

സ്വകാര്യ ബില്ലുകള്‍ തിരനോട്ടം നടത്തി അണിയറ പൂകുന്നതാണ് വെള്ളിയാഴ്ചകളില്‍ കാര്യപരിപാടിയിലെ മുഖ്യയിനം. ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവതാരകന്‍ വാചാലനാകും. ഉള്ളടക്കത്തിന് ചെവികൊടുക്കാതെ മന്ത്രിമാര്‍ എതിര്‍ക്കും. ഒടുവില്‍ ബില്ല് ചരമഗതി പ്രാപിക്കും. വെള്ളിയാഴ്ചത്തെ ഈ പതിവ് കാഴ്ചയ്ക്ക് മാറ്റം വരികയാണ്. സമ്പന്നമായ സഭ, സഗൗരവം ചര്‍ച്ച, അതിനൊത്ത ഇടപെടലുകള്‍ ... ആകെ ജോര്‍ . അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്‍ അതേപടി അംഗീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം. ആശയം ഉള്‍ക്കൊണ്ട് നല്ല അസല്‍ ബില്‍ കൊണ്ടുവരുമെന്നായി നിയമമന്ത്രി കെ എം മാണി. സഭ സമ്പന്നമായതിന്റെ സന്തോഷം ചെയറും മറച്ചുവച്ചില്ല. വോട്ടെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാമെന്നതാണ് ഹൗസ്ഫുള്ളിന്റെ കാരണമെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.

പതിമൂന്നാംസഭയിലെ ആദ്യ അനൗദ്യോഗിക ദിനത്തില്‍ ഏഴു സ്വകാര്യബില്ലുകള്‍ പരിഗണിച്ചു. തുടര്‍ചര്‍ച്ചയ്ക്കായി ഏഴും വഴിമാറി. പണിമുടക്ക് അവകാശസംരക്ഷണംമുതല്‍ നെല്‍കൃഷി വികസന അതോറിറ്റി രൂപീകരണംവരെയാണ് ബില്ലുകളിലെ ആവശ്യം. നാടക കലാകാരന്മാര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സും ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച സാജുപോളിന് ഒരുകാര്യം തീര്‍ച്ച. "നമ്മള്‍ ഓരോരുത്തരും നല്ല നടന്മാരാണ്. അല്ലാതെ നില്‍ക്കാന്‍ കഴിയില്ല". പക്ഷേ, അഭിനയം എത്ര മികച്ചതായാലും രണ്ട് പെന്‍ഷന് സ്കോപ്പില്ലെന്ന് ജി സുധാകരന്‍ . മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടുമിക്ക നാടകപ്രവര്‍ത്തകരുടെയും പേര് ഓര്‍മയുണ്ടെന്ന് സാജുപോള്‍ തെളിയിച്ചു. നാടകാചാര്യനായ തോപ്പില്‍ ഭാസിമുതല്‍ നടന്‍ ഗണേഷ്കുമാര്‍വരെയുള്ളവരുടെ പേര് സാജു പറഞ്ഞപ്പോള്‍ താങ്കളും ഇടയ്ക്ക് അഭിനയിച്ചില്ലേയെന്നായി ബെന്നി ബഹനാന്‍ . അതൊരു ടെലിഫിലിമാണെന്ന് മറുപടി. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നാടകം പണ്ടേപോലെ വഴങ്ങുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അടുത്തിടെ ഒരു കുട്ടി "കലാനിലയം നാടകവേദി" എന്നത് "കാള നിലയം നാടാകെ വെടി" എന്ന് വായിച്ചത് കേള്‍ക്കേണ്ടിവന്നു. നാടകത്തില്‍ അഭിനയിക്കണമെന്ന് കലശലായ മോഹമുണ്ടെങ്കിലും സമയം കിട്ടുന്നില്ലെന്നാണ് സാജുപോളിന്റെ പരാതി. സാംസ്കാരികപ്രവര്‍ത്തകര്‍ക്ക് നിലവില്‍ ക്ഷേമനിധി ഉള്ളതിനാല്‍ നാടക കലാകാരന്മാര്‍ക്ക് പ്രത്യേക ക്ഷേമനിധി ആവശ്യമില്ലെന്നാണ് മന്ത്രി കെ എം മാണിയുടെ നിലപാട്.

മാനസികാരോഗ്യ പരിപാലന ബോര്‍ഡ് രൂപീകരിക്കണമെന്നതാണ് സാജുപോളിന്റെ രണ്ടാം ബില്ലിലെ ആവശ്യം. മാനസികാരോഗ്യം പരിരക്ഷിക്കുന്നതിന് കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സാജുപോളിന്റെ കണ്ടെത്തല്‍ . 15-20 ശതമാനം പേരെങ്കിലും മാനസികരോഗികളാണ്. ഈ നില തുടര്‍ന്നാല്‍ അധികം താമസിയാതെ കേരളം സമ്പൂര്‍ണ കിറുക്കിലേക്ക് എത്തുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കെ എം മാണി അറിയിച്ചു.

കേരള ബാല-ബാലികാ പീഡന നിരോധന ബില്‍ ആണ് കെ കെ ലതിക അവതരിപ്പിച്ചത്. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ നിയമം കൊണ്ടുവരണമെന്ന് ലതിക ആവശ്യപ്പെട്ടു. അനധികൃത പണമിടപാട് തടയുന്നതിനുള്ള ബില്ലിന്റെ അവതാരകനായ എം ഹംസ മന്ത്രി മാണിയുടെ മുമ്പാകെ ഒരു അഭ്യര്‍ഥന വച്ചു. ധനമന്ത്രി എന്ന നിലയില്‍ എ പ്ലസ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും നിയമമന്ത്രി എന്ന നിലയില്ലെങ്കിലും ആകണമെന്ന അഭ്യര്‍ഥന. നിക്ഷേപ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കര്‍ശന നിയമം വേണമെന്ന പക്ഷത്താണ് ഹംസ. തുടര്‍ ചര്‍ച്ചയ്ക്കായി ആ ബില്ലും മാറ്റിവച്ചു.

അടുത്ത ഊഴം ഹംസയുടെ നെല്‍കൃഷി വികസന അതോറിറ്റി ബില്ലിനായിരുന്നു. ഈ ബില്ലിന് ഗവര്‍ണറുടെ മുന്‍കൂട്ടി അനുമതി വേണമെന്നായി മന്ത്രി കെ എം മാണി. ഇക്കാര്യം നിയമസഭാ സെക്രട്ടറിയറ്റില്‍നിന്ന് ഹംസയെ അറിയിച്ചിട്ടില്ലെന്നായി കോടിയേരി. ഭാവിയില്‍ അക്കാര്യം ആലോചിക്കാമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ . ഗവര്‍ണറുടെ അനുമതി വേണമെന്നും താന്‍ പണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെന്നും ടി എം ജേക്കബ്. ആര്യാടന്‍ മുഹമ്മദും അതിനോട് യോജിച്ചു. നിരാശ്രയ കുടുംബ സംരക്ഷണബില്‍ , പണിമുടക്ക് അവകാശ സംരക്ഷണ ബില്‍ എന്നിവയായിരുന്നു അവതരണാനുമതി തേടിയ മറ്റ് രണ്ടുബില്ലുകള്‍ . ആര്‍ സെല്‍വരാജ് ആണ് രണ്ടിനും നോട്ടീസ് നല്‍കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതിരെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇ പി ജയരാജനാണ് പ്രമേയത്തിന് അനുമതി തേടിയത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
(കെ ശ്രീകണ്ഠന്‍)

deshabhimani 160711

1 comment:

  1. സ്വകാര്യ ബില്ലുകള്‍ തിരനോട്ടം നടത്തി അണിയറ പൂകുന്നതാണ് വെള്ളിയാഴ്ചകളില്‍ കാര്യപരിപാടിയിലെ മുഖ്യയിനം. ബില്ലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവതാരകന്‍ വാചാലനാകും. ഉള്ളടക്കത്തിന് ചെവികൊടുക്കാതെ മന്ത്രിമാര്‍ എതിര്‍ക്കും. ഒടുവില്‍ ബില്ല് ചരമഗതി പ്രാപിക്കും. വെള്ളിയാഴ്ചത്തെ ഈ പതിവ് കാഴ്ചയ്ക്ക് മാറ്റം വരികയാണ്. സമ്പന്നമായ സഭ, സഗൗരവം ചര്‍ച്ച, അതിനൊത്ത ഇടപെടലുകള്‍ ... ആകെ ജോര്‍ . അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്‍ അതേപടി അംഗീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം. ആശയം ഉള്‍ക്കൊണ്ട് നല്ല അസല്‍ ബില്‍ കൊണ്ടുവരുമെന്നായി നിയമമന്ത്രി കെ എം മാണി. സഭ സമ്പന്നമായതിന്റെ സന്തോഷം ചെയറും മറച്ചുവച്ചില്ല. വോട്ടെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാമെന്നതാണ് ഹൗസ്ഫുള്ളിന്റെ കാരണമെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.

    ReplyDelete