പുതുപ്പള്ളി: വ്യാജമേല്‍വിലാസത്തില്‍ പ്രതികളെ സൃഷ്ടിക്കുന്ന പൊലീസ് നടപടിയില്‍ ഒരു കുടുംബം അപമാനിതമായി. പുതുപ്പള്ളി കളപ്പുരയ്ക്കല്‍ കെ എം ഷാജിയും കുടുംബവുമാണ് പൊലീസ് വ്യാജമേല്‍വിലാസത്തില്‍ കേസ് എടുക്കുന്നതുമൂലം മോഷണക്കേസിലും അടിപിടിക്കേസിലും പ്രതിയാകുന്നത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ഈ കുടുംബത്തിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും എസ്ഐയെയും മര്‍ദിച്ച സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തതായി പത്രങ്ങളില്‍ വാര്‍ത്ത വന്നു. പുതുപ്പള്ളി കളപ്പുരയ്ക്കല്‍ ജോമോന്‍ (26) ആണ് പ്രതിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഷാജിയുടെ മകനാണ് ജോമോന്‍ .
സംഘര്‍ഷം നടന്ന ദിവസം വീട്ടിലുണ്ടായിരുന്ന മകനെക്കുറിച്ച് വ്യാജവാര്‍ത്ത പത്രത്തില്‍ വന്നതോടെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഇവരെ പരിഹസിക്കാന്‍ തുടങ്ങി. 2010 ഡിസംബര്‍ 17ന് "കോണ്‍വെന്റില്‍ മോഷണശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍" എന്ന തലവാചകത്തില്‍ മനോരമയില്‍ വാര്‍ത്ത വന്നിരുന്നു. ഗുഡ്ഷെപ്പേര്‍ഡ് ശാന്തിപുരം കോണ്‍വെന്റില്‍ മോഷണശ്രമം നടത്തിയ പുതുപ്പള്ളി കളപ്പുരയ്ക്കല്‍ ജോമോനെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റ് ചെയ്തതായാണ് വാര്‍ത്തയില്‍ പറഞ്ഞത്. തങ്ങളെ കൂടാതെ മറ്റൊരു കളപ്പുരയ്ക്കല്‍ കുടുംബവും അവിടെ ജോമോനും ഉണ്ടാകും എന്ന് വിചാരിച്ച് വീട്ടുകാര്‍ പരാതിയുമായി പോയില്ല. വീണ്ടും വാര്‍ത്തവന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കളപ്പുരയ്ക്കല്‍ ജോമോന്‍ എന്ന പേരില്‍ പുതുപ്പള്ളിയില്‍ ഒരാള്‍ മാത്രമെ ഉള്ളൂ എന്ന് വ്യക്തമായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി വീട്ടുകാര്‍ വിവരം പറഞ്ഞപ്പോള്‍ അറസ്റ്റിലായ പ്രതിതന്ന വിലാസമാണ് ഞങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ പ്രതികള്‍ നല്‍കുന്ന വിലാസം വ്യാജമാണോ എന്ന് പരിശോധിക്കാതെ പൊലീസ് കേസെടുക്കുന്നതുകൊണ്ടാണ് ഈ കുഴപ്പം. വ്യാജമേല്‍വിലാസത്തില്‍ പ്രതിയെ സൃഷ്ടിച്ച് കേസിന് നടപടി സ്വീകരിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ പൊലീസ് നടത്തിയ തന്ത്രത്തിന്റെ ഭാഗമാണിതെന്നും പറയപ്പെടുന്നു.
എസ്ഐയെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ആളിന്റെ ഫോട്ടോയും സ്റ്റേഷനില്‍ നിന്ന് വാങ്ങിയാണ് ഈ കുടുംബം പോന്നത്. മകനെ എന്നാണ് ജാമ്യത്തില്‍ ഇറക്കുന്നതെന്ന് ചോദിക്കുന്നവരോട് പ്രതിയുടെ ഫോട്ടോ നല്‍കി വിശദീകരിക്കുകയാണ് വീട്ടുകാരിപ്പോള്‍ . മാനനഷ്ടത്തിന് പൊലീസിനെതിരെ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. പിടിയിലായി എന്ന് പൊലീസ് അവകാശപ്പെട്ട പ്രതിയുടെ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കാത്തതിലും ദുരൂഹതയുണ്ട്.
deshabhimani 170711
വ്യാജമേല്‍വിലാസത്തില്‍ പ്രതികളെ സൃഷ്ടിക്കുന്ന പൊലീസ് നടപടിയില്‍ ഒരു കുടുംബം അപമാനിതമായി.
ReplyDelete