Sunday, July 17, 2011

ഭൂപരിഷ്കരണനിയമ ഭേദഗതി പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം: മാണി

ഭൂപരിഷ്കരണനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ താന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ചാണെന്ന് ധനമന്ത്രി കെ എം മാണി. തന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പരാതിപ്പെട്ട റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. തിരുവഞ്ചൂരിന്റെ പരാതി മുഖ്യമന്ത്രി തീര്‍ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ-മാണി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ മാണി ആഞ്ഞടിച്ചത്.

ബജറ്റിനെച്ചൊല്ലി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനുനേരെ മാണിയുടെ ആക്രമണം. നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ രൂക്ഷവിമര്‍ശത്തില്‍ മാണി രോഷാകുലനായിരുന്നു. ബജറ്റിനെച്ചൊല്ലി വ്യക്തിപരമായി ആക്രമിക്കേണ്ടെന്ന മുന്നറിയിപ്പാണ് മാണി നല്‍കിയത്. ബജറ്റ് എന്താണെന്ന ഗ്രാഹ്യമില്ലാതെയാണ് വിമര്‍ശമെന്ന് പറഞ്ഞ മാണി നിയമസഭയില്‍ ചിലര്‍ ഷോ കാണിച്ചെന്നും പരിഹസിച്ചു.

തോട്ടങ്ങളില്‍ ടൂറിസം അടക്കമുള്ള പദ്ധതികള്‍ തുടങ്ങുന്നതും മിച്ചഭൂമി കൈമാറ്റത്തിന് നിയമസാധുത നല്‍കുന്നതും വനംപരിസ്ഥിതി നിയമത്തില്‍നിന്ന് കാര്‍ഷികഭൂമി ഒഴിവാക്കുന്നതും കശുമാവ് തോട്ടങ്ങള്‍ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കുന്നതും സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം യുഡിഎഫ് നയത്തിന്റെ ഭാഗമാണെന്ന് മാണി പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ തുടര്‍ച്ചയാണിത്. നിയമസഭ പാസാക്കിയ നിയമത്തിലുള്ള കാര്യങ്ങളാണ് താന്‍ ബജറ്റിലുള്‍പ്പെടുത്തിയത്. ഇപ്പോള്‍ പരാതിപ്പെടുന്ന തിരുവഞ്ചൂരും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു.

വിളകളുടെ വിലത്തകര്‍ച്ച കാരണം തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ തൊഴിലാളികളെ രക്ഷിക്കാനാണ് അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചത്. ഇത് ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമമനുസരിച്ചാണ്. ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി വരുത്തുന്നത് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കിവേണമെന്ന വി ഡി സതീശന്‍ അടക്കമുള്ള എംഎല്‍മാരുടെ അഭിപ്രായത്തോട് രൂക്ഷമായ ഭാഷയിലാണ് മാണി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണിതെന്ന് ആവര്‍ത്തിച്ച മാണി ഇതിന്റെ ഉത്തരവാദിത്തം യുഡിഎഫ് ഗവണ്‍മെന്റിനാണെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും വ്യക്തമാക്കി. തിരുവഞ്ചൂരിനും സതീശനും ടി എന്‍ പ്രതാപനും ഇത് മനസ്സിലാകാത്തതെന്തെന്ന ചോദ്യത്തോട് ഉമ്മന്‍ചാണ്ടിയോടോ ചെന്നിത്തലയോടോ ചോദിച്ചു മനസ്സിലാക്കട്ടെ എന്നായിരുന്നു മറുപടി.

തോട്ടങ്ങളില്‍ ടൂറിസംപദ്ധതി കൊണ്ടുവരുന്നത് ആദായകരമായ കാര്യമാണ്. തൊഴിലാളികള്‍ക്ക് ഒരു കുഴപ്പവുമുണ്ടാകില്ല. വികസനത്തിനും നിലനില്‍പ്പിനുമായി അറിഞ്ഞുകൊണ്ട് നല്‍കുന്ന സൗജന്യമാണിത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കും. കൈയേറ്റവും തോട്ടങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും രണ്ടാണെന്ന് മാണി അവകാശപ്പെട്ടു. മൂന്നാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും തന്റെ ബന്ധുക്കള്‍ക്ക് ഭൂമിയും റിസോര്‍ട്ടുകളുമുണ്ട്. അത് നിയമവിധേയമാണ്. നിയമവിരുദ്ധമായവ ഉണ്ടെങ്കില്‍ കണ്ടെത്തട്ടെ-മാണി പറഞ്ഞു. സര്‍ക്കാരിനും ടാറ്റയ്ക്കും മാത്രമേ മൂന്നാറില്‍ ഭൂമിയുള്ളൂവെന്നിരിക്കെ മറ്റുവ്യക്തികള്‍ക്ക് നിയമവിധേയമായി എങ്ങനെ റിസോര്‍ട്ട് സ്ഥാപിക്കാനാകുമെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ കൂട്ടാക്കാതെ മാണി അവതാരകനുനേരെ തട്ടിക്കയറി.

ഭൂപരിഷ്കരണ നിയമഭേദഗതി നീക്കം ഉപേക്ഷിക്കണം: സിപിഐ എം

ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി വരുത്തുന്ന ദുരുപദിഷ്ട നീക്കത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മിച്ചഭൂമി ഏറ്റെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും വിതരണംചെയ്യുന്നതിലുണ്ടായ കുറവ് ഭൂപരിഷ്കരണ നടപടികളിലെ പ്രധാന പോരായ്മയാണ്. വിമോചനസമരത്തിന്റെ ഫലമായി ഭൂപരിഷ്കരണനിയമം അട്ടിമറിക്കപ്പെട്ടതാണ് മിച്ചഭൂമി തിരിമറിചെയ്യാന്‍ സാഹചര്യമൊരുക്കിയത്. 1970ല്‍ ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കിയതിനുശേഷവും യുഡിഎഫ് കൊണ്ടുവന്ന ഇഷ്ടദാന ബില്ലുപോലുള്ള ഭേദഗതികള്‍ മിച്ചഭൂമി ചോരുന്നതിനിടയാക്കി. ഇപ്പോഴത്തെ ബജറ്റില്‍ കശുമാവിനെ തോട്ടവിളയായി പരിഗണിച്ച് ഭൂനിയമപരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. ഇതോടെ അവശേഷിക്കുന്ന മിച്ചഭൂമിയും ഇല്ലാതാകും. സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനഭൂമിയും തിരിച്ചുനല്‍കേണ്ട സ്ഥിതി വരും.

കോണ്‍ഗ്രസ് മന്ത്രി കൈകാര്യംചെയ്യുന്ന റവന്യൂവകുപ്പുമായി ചര്‍ച്ചചെയ്യാതെയാണ് ബജറ്റില്‍ ഇത്തരം പ്രഖ്യാപനം ഉള്‍പ്പെടുത്തിയതെന്ന വിവരം അതീവ ഗൗരവമുള്ളതാണ്. ഭൂപരിഷ്കരണ ഭേദഗതിക്കുവേണ്ടിയുള്ള നിര്‍ദേശവും തോട്ടങ്ങളിലെ ഭൂവിനിയോഗം സംബന്ധിച്ചുമുള്ള ബജറ്റ് നിര്‍ദേശങ്ങളില്‍രാഷ്ട്രീയ പാര്‍ടികളുമായി അഭിപ്രായ സമന്വയമുണ്ടാക്കിയതിനുശേഷമേ തീരുമാനമെടുക്കാവൂ. നിലവിലുള്ള നിയമത്തില്‍നിന്ന് തോട്ടവിളകളെ സംബന്ധിച്ച് വരുത്താനുദ്ദേശിക്കുന്ന നിര്‍ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

deshabhimani 170711

1 comment:

  1. ഭൂപരിഷ്കരണനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബജറ്റില്‍ താന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ചാണെന്ന് ധനമന്ത്രി കെ എം മാണി. തന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പരാതിപ്പെട്ട റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. തിരുവഞ്ചൂരിന്റെ പരാതി മുഖ്യമന്ത്രി തീര്‍ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ-മാണി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ മാണി ആഞ്ഞടിച്ചത്.

    ReplyDelete