Thursday, July 21, 2011

മാണിയുടേത് കള്ളക്കണക്ക്: തോമസ് ഐസക്

ധവളപത്രത്തിലൂടെ ധനമന്ത്രി കെ എം മാണി നിരത്തിയത് കള്ളക്കണക്കാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനമന്ത്രിയുടെ ധവളപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു ഐസക്. നിലവിലുള്ള റവന്യൂവരുമാനത്തില്‍നിന്ന് റവന്യൂചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതിക്കുവേണ്ടി മിച്ചംവയ്ക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബാക്കിയൊന്നും ഉണ്ടായില്ലെന്നും മറിച്ച് കമ്മി നിരന്തരമായി വര്‍ധിച്ചുവരികയായിരുന്നെന്നുമാണ് ധവളപത്രത്തില്‍ മാണി വാദിച്ചത്. 2006-07 മുതല്‍ മൂന്നാം ധനകമീഷന്റെ തീര്‍പ്പുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട് പദ്ധതിയിതര ഗ്രാന്റായാണ് നല്‍കുന്നത്. ഇതുമൂലമാണ് പദ്ധതിയിതര ചെലവു കഴിച്ച് റവന്യൂവില്‍നിന്ന് പദ്ധതിക്ക് പണം നീക്കിവയ്ക്കാതിരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കണക്കാക്കിയാല്‍ 2007-08 ശമ്പള പരിഷ്കരണ വര്‍ഷമൊഴികെ എല്ലാ വര്‍ഷവും റവന്യൂവരുമാനത്തില്‍നിന്ന് പദ്ധതിക്ക് മിച്ചം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 2009-10ലെ കണക്ക് ധവളപത്രത്തിലെ പട്ടികകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുപകരം യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷമായ 2005-06ഉം കൂടി ചേര്‍ത്താണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ രീതി തിരുത്തി എല്‍ഡിഎഫ് ഭഭരണകാലം വേര്‍തിരിച്ചുനോക്കിയാല്‍ എല്ലാ മേഖലയിലും യുഡിഎഫിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു എല്‍ഡിഎഫ് ഭരണകാലമെന്നു തിരിച്ചറിയാം. ധവളപത്രത്തിന്റെ ഏറ്റവും വലിയ ആരോപണം നിര്‍ബന്ധമായും കൊടുത്തുതീര്‍ക്കേണ്ട 10,000 കോടി രൂപയുടെ ബാധ്യതയ്ക്ക് വരുമാനമില്ല എന്നാണ്. ഇതില്‍ ശമ്പളത്തിനും വകയിരുത്തിയിട്ടില്ല എന്ന് മാണി നിയമസഭയില്‍ പറഞ്ഞത് ധവളപത്രത്തില്‍ തിരുത്തി. അങ്ങനെ 5064 കോടിയുടെ ബാധ്യതയ്ക്ക് വരുമാനമില്ല എന്നുള്ളതാണ് അവസാനം പറഞ്ഞുവച്ചത്.

മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറിമിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവച്ചാലും 2500 കോടി രൂപയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. മാണിയുടെ ബജറ്റില്‍ മുന്‍വര്‍ഷത്തില്‍നിന്ന് ബാക്കി കിട്ടുമെന്ന് കണക്കാക്കിയിട്ടുള്ളത് 175 കോടി രൂപമാത്രമാണ് ശമ്പളപരിഷ്കരണത്തിനും അധിക ഡിഎക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയിട്ടുണ്ട്. ഇത് ആവശ്യത്തില്‍ അധികമാണെന്ന് മാണിതന്നെ ധവളപത്രത്തില്‍ പറഞ്ഞു. ഇതില്‍ 2500-3000 കോടി രൂപയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ. അങ്ങനെ ശമ്പളപരിഷ്കരണ ഇനത്തില്‍ വകയിരുത്തിയതില്‍ 2500 കോടി രൂപയെങ്കിലും ഈ വര്‍ഷത്തെ അനിവാര്യമായ ബാധ്യതകള്‍ക്ക് ചെലവഴിക്കാനായി ബാക്കിയുണ്ട്. അങ്ങനെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു മാത്രമല്ല, അല്ലാതുള്ള ബാധ്യതകള്‍ക്കും പണം കണ്ടെത്താന്‍ നടപ്പുവര്‍ഷം ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല. ബജറ്റില്‍ പറഞ്ഞതിനേക്കാള്‍ നികുതിവരുമാനം കുറഞ്ഞാല്‍ മാത്രമേ പ്രശ്നമുണ്ടാകൂ എന്നും ഐസക് പറഞ്ഞു.

deshabhimani 210711

1 comment:

  1. ധവളപത്രത്തിലൂടെ ധനമന്ത്രി കെ എം മാണി നിരത്തിയത് കള്ളക്കണക്കാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനമന്ത്രിയുടെ ധവളപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രം പുറത്തിറക്കി സംസാരിക്കുകയായിരുന്നു ഐസക്. നിലവിലുള്ള റവന്യൂവരുമാനത്തില്‍നിന്ന് റവന്യൂചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതിക്കുവേണ്ടി മിച്ചംവയ്ക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബാക്കിയൊന്നും ഉണ്ടായില്ലെന്നും മറിച്ച് കമ്മി നിരന്തരമായി വര്‍ധിച്ചുവരികയായിരുന്നെന്നുമാണ് ധവളപത്രത്തില്‍ മാണി വാദിച്ചത്. 2006-07 മുതല്‍ മൂന്നാം ധനകമീഷന്റെ തീര്‍പ്പുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട് പദ്ധതിയിതര ഗ്രാന്റായാണ് നല്‍കുന്നത്. ഇതുമൂലമാണ് പദ്ധതിയിതര ചെലവു കഴിച്ച് റവന്യൂവില്‍നിന്ന് പദ്ധതിക്ക് പണം നീക്കിവയ്ക്കാതിരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കണക്കാക്കിയാല്‍ 2007-08 ശമ്പള പരിഷ്കരണ വര്‍ഷമൊഴികെ എല്ലാ വര്‍ഷവും റവന്യൂവരുമാനത്തില്‍നിന്ന് പദ്ധതിക്ക് മിച്ചം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

    ReplyDelete