Sunday, July 17, 2011

ഇന്‍കെല്‍ വ്യവസായ പാര്‍ക്കില്‍ മറിച്ചുവില്‍ക്കാനും വ്യവസ്ഥ

കൊച്ചി: മറിച്ചുവില്‍ക്കാന്‍ അവകാശം നല്‍കുന്ന വ്യവസ്ഥകളോടെ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള (ഇന്‍കെല്‍) അങ്കമാലിയില്‍ നിര്‍മിക്കുന്ന രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വ്യവസായ പാര്‍ക്കിന്റെ (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ മൊഡ്യൂള്‍) ബുക്കിങ് തുടങ്ങി. 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള 40 യൂണിറ്റുകള്‍ അടങ്ങുന്ന അഞ്ചുനില വ്യവസായ പാര്‍ക്ക് 2012 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. വ്യവസായസംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം വികസിപ്പിച്ചു നല്‍കുന്നതിന് 2007ല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇന്‍കെലിന്റെ ആദ്യ പദ്ധതിയാണ് അങ്കമാലി ടെല്‍ക്കിനുസമീപത്തെ വ്യവസായ പാര്‍ക്ക്. 88 വര്‍ഷത്തെ പാട്ടത്തിനു നല്‍കുന്ന യൂണിറ്റുകള്‍ മറിച്ചുവില്‍ക്കാനും കീഴ്വാടകയ്ക്കു നല്‍കാനും തടസ്സമില്ലെന്ന് ഇന്‍കല്‍ എംഡി ടി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതി സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകള്‍ കൈമാറ്റംചെയ്യാനുള്ള അവകാശം ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ , ഇന്‍കെലിന്റെ പാര്‍ക്ക് നിക്ഷേപമായും കണക്കാക്കാം. ഏറ്റവും കുറഞ്ഞ വിലയാണ് യൂണിറ്റുകള്‍ക്ക് ഇന്‍കല്‍ കണക്കാക്കിയിരിക്കുന്നത്. ദേശീയപാത, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവയുടെ സാമീപ്യവും മികച്ച സൗകര്യങ്ങളും പാര്‍ക്കിന്റെ വിപണി മൂല്യം ഉയര്‍ത്തും. ഇന്‍കലിന്റെ അടുത്തഘട്ട പദ്ധതികളും അഞ്ചുവര്‍ഷത്തിനകം പാര്‍ക്കിനടുത്തു വരും. വാങ്ങി മറിച്ചുവില്‍ക്കുന്നവര്‍ പാര്‍ക്കിലെ സംരംഭകരുടെ അസോസിയേഷന്റെ താല്‍പ്പര്യം സംരക്ഷിക്കണം. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ പാര്‍ക്കില്‍ അനുവദിക്കില്ലെന്നും ടി ബാലകൃഷ്ണന്‍ പറഞ്ഞു.

സെപ്തംബര്‍ 30നുള്ളില്‍ ബുക്ക്ചെയ്യണമെന്ന വ്യവസ്ഥയോടെ മൂന്ന് വ്യത്യസ്ത താരിഫുകളാണ് യൂണിറ്റ് വില്‍പ്പനയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇലക്ട്രോണിക്സ്, ഐടി, ഐടിഇഎസ്, പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ്, ഹൗസിങ് പദ്ധതികള്‍ക്കാണ് മുന്‍ഗണന. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ സംരംഭകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി കുറഞ്ഞത് 5000 ചതുരശ്രയടിയുള്ള യൂണിറ്റുകളായാണ് കൈമാറുക. മൂന്നുടണ്‍ ഭാരം കയറ്റാവുന്ന ലിഫ്റ്റ്, ദേശീയപാതയിലേക്ക് വീതിയേറിയ റോഡ്, പാര്‍ക്കിനുള്ളില്‍ വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും. 40 കോടി ചെലവുവരുന്ന പാര്‍ക്കിന്റെ നിര്‍മാണപുരോഗതി തല്‍സമയ വീഡിയോ വെബ്സൈറ്റില്‍ കാണാന്‍ സൗകര്യമുണ്ടാകും. ടെല്‍ക്കിനുപിന്നില്‍ ഇന്‍കെലിന്റെ 50 ഏക്കര്‍ സ്ഥലത്ത് 5.5 ഏക്കറിലാണ് പാര്‍ക്ക്. കെഎസ്ഐഡിസിയുമായി ചേര്‍ന്ന് 30 ഏക്കറില്‍ ഇന്‍കെല്‍സിറ്റി അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും.

deshabhimani 170711

1 comment:

  1. മറിച്ചുവില്‍ക്കാന്‍ അവകാശം നല്‍കുന്ന വ്യവസ്ഥകളോടെ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് കേരള (ഇന്‍കെല്‍) അങ്കമാലിയില്‍ നിര്‍മിക്കുന്ന രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വ്യവസായ പാര്‍ക്കിന്റെ (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ മൊഡ്യൂള്‍) ബുക്കിങ് തുടങ്ങി. 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള 40 യൂണിറ്റുകള്‍ അടങ്ങുന്ന അഞ്ചുനില വ്യവസായ പാര്‍ക്ക് 2012 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. വ്യവസായസംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം വികസിപ്പിച്ചു നല്‍കുന്നതിന് 2007ല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇന്‍കെലിന്റെ ആദ്യ പദ്ധതിയാണ് അങ്കമാലി ടെല്‍ക്കിനുസമീപത്തെ വ്യവസായ പാര്‍ക്ക്. 88 വര്‍ഷത്തെ പാട്ടത്തിനു നല്‍കുന്ന യൂണിറ്റുകള്‍ മറിച്ചുവില്‍ക്കാനും കീഴ്വാടകയ്ക്കു നല്‍കാനും തടസ്സമില്ലെന്ന് ഇന്‍കല്‍ എംഡി ടി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതി സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete