Saturday, July 16, 2011

പ്രൈമറി വിദ്യാഭ്യാസവും സര്‍ക്കാര്‍ കച്ചവടവല്‍ക്കരിക്കുന്നു: പ്രഭാത് പട്‌നായിക്

കോട്ടയം: ഉന്നതവിദ്യാഭ്യാസ രംഗത്തിനൊപ്പം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖലയും കച്ചവടവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആസൂത്രണബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. എ ഐ എസ് എഫ് നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വിദ്യാഭ്യാസ രംഗം സങ്കീര്‍ണതകളിലൂടെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി ലഭ്യമാക്കാനുളളതിന് പകരം അറിവുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ എല്‍ ഡി എഫ്  സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പരിപാടികള്‍ തുടര്‍ന്നുകൊണ്ടുപോവാന്‍ ശക്തമായ സമരപരിപാടികള്‍ എഐഎസ്എഫ് പോലുള്ള സംഘടനകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മുതലാളിത്ത രാജ്യങ്ങള്‍ അവരുടെ കച്ചവടക്കണ്ണുമായി പല രാജ്യങ്ങളിലും അധിനിവേശം സ്ഥാപിക്കുകയാണ്. ഇന്ത്യയെയും അവര്‍ ഈ കണ്ണോടെയാണ് കാണുന്നത്. ഇത്തരക്കാര്‍ക്ക് വിദ്യാഭ്യാസത്തെ തീറെഴുതി കൊടുക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും കച്ചവടവത്ക്കരിക്കപ്പെട്ടതോടെ വിദ്യാര്‍ഥികളുടെ കഴിവുകളും ചൂഷണത്തിനു വിധേയമാവുകയാണ്. കൂടുതല്‍ പഠിക്കുവാനും തിന്മകളെ ചോദ്യം ചെയ്യാനും ലോകത്തിന്റെ പുതിയ അറിവുകള്‍ നേടാനുമുള്ള അവരുടെ കഴിവിനെ തടയാനിത് കാരണമാവും. അമേരിക്കയെപോലുള്ള മുതലാളിത്ത രാജ്യങ്ങള്‍ അവിടങ്ങളില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ കച്ചവടത്തെ അതേപോലെ അനുകരിക്കുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍.

വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുമ്പോള്‍ ശാസ്ത്രവും ചരിത്രവും തത്വശാസ്ത്രവും പഠനമേഖലയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. നല്ല ഒരു ജോലി കിട്ടാന്‍ വേണ്ടി എന്തൊക്കെയോ നല്‍കാനുള്ള ഒരു പാക്കേജായി വിദ്യാഭ്യാസം മാറിയിരിക്കുകയാണ്. സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനാവണം വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ രംഗത്തിനൊപ്പം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും കച്ചവടവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതി പരിഷ്‌ക്കരിക്കാന്‍ പോലും തയ്യാറാവാതെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാരിന്റെ കീഴില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസം സമ്പന്നന്‍മാരുടെ കൈകളില്‍ എത്തിയതോടെ രാജ്യത്തെ ദരിദ്രരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന സംവരണം പോലും അട്ടിമറിക്കപ്പെടുകയാണ്.

കേരളത്തില്‍ ഏകീകരിച്ച വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയത് 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസത്തെ ജനകീയമാക്കാനാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശേരി ശ്രമിച്ചത്. എന്നാല്‍ ഇതിനെതിരെ പലരും രംഗത്ത് വരികയുണ്ടായി. ഇന്ന് ഏറ്റവും വലിയ കച്ചവടം നടത്താവുന്ന മേഖലയായി വിദ്യാഭ്യാസം മാറി. വിദ്യാഭ്യാസ രംഗത്ത് ഒരുപാട് സംഭാവനകള്‍ ചെയ്ത സംഘടനകള്‍ ഇന്ന് കച്ചവട മനോഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീ നാരായണഗുരുവും അയ്യങ്കാളിയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുന്നോട്ടുവച്ചവരാണെന്നും ഇവരുള്‍പ്പെടെയുള്ളവര്‍ ഈ മേഖലയ്ക്ക് ചെയ്ത സംഭാവനകള്‍ മഹത്തരമാണെന്നും ഡോ. ബി ഇക്ബാല്‍ പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ നീതിയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ എ ഐ എസ് എഫ് പോലുള്ള പുരോഗമന വിദ്യാര്‍ഥി സംഘടനകള്‍ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. ഡോ. ബി പത്മകുമാര്‍, വി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സി പി ഐ ദേശീയ കൗണ്‍സിലംഗം കാനം രാജേന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പ്രദീപ് കുമാര്‍, സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍, ജി കൃഷ്ണപ്രസാദ്, കെ രാജന്‍, കെ അജിത്ത് എം എല്‍ എ, ജോണ്‍ വി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. എസ് പി സുജിത് സ്വാഗതവും കെ പ്രവീണ്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടനത്തോടനുബന്ധിച്ച്  നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.

janayugom 160711

1 comment:

  1. ഉന്നതവിദ്യാഭ്യാസ രംഗത്തിനൊപ്പം രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖലയും കച്ചവടവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആസൂത്രണബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. എ ഐ എസ് എഫ് നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വിദ്യാഭ്യാസ രംഗം സങ്കീര്‍ണതകളിലൂടെ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete