Saturday, July 16, 2011

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ്മാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് ഇന്നലെ ഉത്തരവായി. .

രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള സ്റ്റോക്ക് ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതും ഈ കീടനാശിനിക്ക് ബദല്‍ എന്തെന്നും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചുകൊണ്ട് മെയ് 13ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് മാസത്തേയ്ക്കായിരുന്നു നിരോധന ഉത്തരവ്. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങളെ കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍, കാര്‍ഷിക കമ്മീഷ്ണര്‍ എന്നിവരുള്‍പ്പെട്ട സമിതിയെയാണ് നിയോഗിച്ചിരുന്നത്. സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനായി രണ്ടു മാസമാണ് കോടതി സമയം അനുവദിച്ചത്. എന്നാല്‍ വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും ആറാഴ്ചത്തെ സമയം അനുവദിക്കണമെന്ന് അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ ആവശ്യം തള്ളിയ കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാലതാമസം വരുത്തിയതിനെ കോടതി വിമര്‍ശിച്ചു.

എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് പൂര്‍ണ്ണമായും നിരോധിക്കണം എന്നാവശ്യപ്പെട്ട് ഡി ഐ എഫ് ഐ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഇടക്കാല നിരോധന ഉത്തരവ്. രാജ്യത്ത് സംഭരിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തിലും കോടതി വിശദീകരണം ആവശ്യപ്പെട്ടു. കയറ്റുമതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് തിരികെ എത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കാമെന്നും നിലവില്‍ ഉത്പാദിപ്പിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ എന്തു ചെയ്യുമെന്ന കാര്യം വ്യക്തമാക്കണമെന്നും കോടതി എന്‍ഡോസള്‍ഫാന്‍ ഉത്പാദകരോട് ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ട് രണ്ട് മാസം പിന്നിട്ടെന്നും വിദഗ്ദ്ധ സമിതിയുടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും കോടതി അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലിനെ ഓര്‍മ്മിപ്പിച്ചു. വിദഗ്ദ്ധ സമിതിയുടെ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന് ദോഷവശങ്ങളില്ലെന്ന് സമിതി നിഗമനത്തിയാല്‍, സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇടക്കാല നിരോധന ഉത്തരവ് പിന്‍വലിക്കുന്നതിനായി പരിഗണിക്കുമെന്ന് കോടതി മുന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.മ
 (റെജി കുര്യന്‍)

janayugom 160711

1 comment:

  1. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ്മാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് ഇന്നലെ ഉത്തരവായി. .

    ReplyDelete