Monday, July 18, 2011

അന്യായമായ സ്ഥലംമാറ്റം അനുവദിക്കില്ല

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ, സര്‍വീസ് സംഘടന അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അനുഭാവികളെ മര്‍മപ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുന്നതിന് നടത്തിയ കൂട്ട സ്ഥലംമാറ്റം വന്‍വിമര്‍ശത്തിനാണ് ഇടയാക്കിയത്. അഴിമതി നടത്താനും ഭഭരണതലത്തില്‍ ക്രമവിരുദ്ധ നടപടികള്‍ സ്വീകരിപ്പിക്കുന്നതിനും വേണ്ടിയാണ് ആജ്ഞാനുവര്‍ത്തികളെ പ്രധാനവകുപ്പുകളില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. അധികാരത്തില്‍ വന്ന് രണ്ടു മാസംകൊണ്ട് ഇത്രയേറെ സ്ഥലംമാറ്റങ്ങള്‍ നടത്തിയ സര്‍ക്കാര്‍ മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. "അതിവേഗം ബഹുദൂര" സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥന്മാരെ കൂട്ടസ്ഥലംമാറ്റം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു.

വികലാംഗര്‍ , മിശ്രവിവാഹിതര്‍ , സ്ത്രീകള്‍ , റിട്ടയര്‍ ചെയ്യാന്‍ മാസങ്ങള്‍മാത്രം അവശേഷിക്കുന്നവര്‍ , രോഗികള്‍ , സംഘടനാ നേതാക്കള്‍ - യാതൊരു മാനുഷിക പരിഗണനയുമില്ലാതെയുള്ള സ്ഥലംമാറ്റമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശത്തിന് വിധേയമായത്. നിയമസഭയില്‍ ഈ പ്രശ്നം ഉന്നയിച്ച് എ കെ ബാലന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്,&ൃറൂൗീ;ഭരണം മാറിയതല്ലേ അപ്പോള്‍ ഇങ്ങനെയൊക്കെ വേണ്ടിവരില്ലേ എന്നാണ്. ജനങ്ങള്‍ വോട്ട് ചെയ്തത് സര്‍ക്കാരിന് ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല. സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഇത്തവണ സ്ഥലംമാറ്റം നടത്തിയത്.

1989 മെയ് 22 നും 2004 സെപ്തംബര്‍ 10 നും സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവൃത്തി. ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സുതാര്യമായ സ്ഥലംമാറ്റ നടപടികള്‍ സ്വീകരിച്ച എല്‍ഡിഎഫ് ഭരണകാലത്തുനിന്ന് വ്യത്യസ്തമായി ഇപ്പോള്‍ നടത്തിയിട്ടുള്ള ഈ കൂട്ടസ്ഥലംമാറ്റം ഇടനിലക്കാരായ കുറെപ്പേര്‍ക്ക് പണസമ്പാദനത്തിനും രാഷ്ട്രീയവിരോധം പ്രകടിപ്പിക്കാനും മാത്രമാണ്. പൊലീസ്, വിജിലന്‍സ്, വിദ്യാഭ്യാസം, മുനിസിപ്പില്‍ , കോര്‍പറേഷന്‍ , പഞ്ചായത്തുകള്‍ , പൊതുമരാമത്ത്, പൊതുഭരണം, ആരോഗ്യം, പട്ടികജാതി വികസനം, പ്ലാനിങ് തുടങ്ങിയ വകുപ്പുകളിലെല്ലാം സ്ഥലംമാറ്റത്തില്‍ ക്രമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍നിന്ന് അനഭിമതരായി മുദ്രകുത്തി സ്ത്രീകളെപ്പോലും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി. പൊലീസില്‍ മാത്രം മൂവായിരത്തില്‍പ്പരം പേരെയാണ് കൂട്ടമായി സ്ഥലംമാറ്റിയത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പാണ് സാധാരണ സ്ഥലംമാറ്റം നടത്താറ്. എന്നാല്‍ , ജൂലൈയില്‍ സ്ഥലമാറ്റം നടത്തി കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതവും താറുമാറാക്കുന്ന നിലപാടാണ് യുഡിഎഫ്ഭസര്‍ക്കാര്‍ സ്വീകരിച്ചത്. 1991ല്‍ യുഡിഎഫ് ഭഭരണകാലത്ത് പൊലീസ് വകുപ്പിലുണ്ടായ ട്രാന്‍സ്ഫര്‍ നടപടികളെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുനഃസ്ഥാപിച്ച് ചിട്ടയായ സ്ഥലംമാറ്റം നടത്തി. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാരും വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. യുഡിഎഫ് ഭരണകാലത്ത് പൊലീസുകാര്‍ മദര്‍ സ്റ്റേഷന്‍ ഓപ്ട് ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുണ്ടായിരുന്നു. ഇത് തിരുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും മാതൃസ്റ്റേഷനുകളില്‍ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയുംചെയ്തു.

ഈ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇടുക്കി (270 പേര്‍), കോട്ടയം (216 പേര്‍), വയനാട് (57 പേര്‍), കോഴിക്കോട് സിറ്റി (92 പേര്‍), കോഴിക്കോട് റൂറല്‍ (87 പേര്‍), കാസര്‍കോട് (200 പേര്‍), കൊല്ലം (45 പേര്‍), പത്തനംതിട്ട (200 പേര്‍), കണ്ണൂര്‍ (326 പേര്‍), പാലക്കാട് (176 പേര്‍) എന്നിവിടങ്ങളില്‍ പൊലീസുകാരെ സ്ഥലംമാറ്റിയത്. പൊലീസില്‍ നടത്തിയ സ്ഥലംമാറ്റം സര്‍ക്കാരിന്റെ ഉദ്ദേശം എന്താണെന്ന് പ്രതിഫലിപ്പിക്കുന്നുണ്ട്. പൊലീസിലെ സ്ഥലംമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഇത്രയേറെ കേസുകള്‍ വരുന്നത് ഇതാദ്യമായാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷം കാലാവധി പൂര്‍ത്തീകരിച്ചവരെമാത്രമാണ് വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച്, എയര്‍പോര്‍ട്ട്, ക്രൈം റെക്കോഡ് ബ്യൂറോ, നിയമസഭ എന്നിവിടങ്ങളില്‍ മാറ്റി നിയമിച്ചത്. 3 വര്‍ഷം പൂര്‍ത്തിയായവരെമാത്രമാണ് ഇവിടങ്ങളില്‍ സ്ഥലം മാറ്റാന്‍ പാടുള്ളൂ എന്നാണ് ചട്ടം അനുശാസിക്കുന്നത്.

എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ 6 മാസം പൂര്‍ത്തിയാക്കാത്തവരെപ്പോലും സ്ഥലംമാറ്റി. യുഡിഎഫ് നേതാക്കന്മാര്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടവരെയാണ് വിജിലന്‍സില്‍നിന്നും ക്രൈംബ്രാഞ്ചില്‍നിന്നും ഒഴിവാക്കിയത്. പകരം അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരെയും അച്ചടക്ക നടപടിക്ക് വിധേയരായവരെയും ഇഷ്ടക്കാരെയും നിയമിച്ചു. സാധാരണ ഇങ്ങനെയുള്ള നിയമനങ്ങള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് അന്വേഷണമടക്കം നടത്തി യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ശേഷംമാത്രമേ നിയമനം നടത്താറുള്ളൂ. ഇത്തവണ അതൊന്നുമുണ്ടായില്ല. സ്ഥലംമാറ്റത്തെ ചോദ്യംചെയ്ത് പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള ശക്തമായ പ്രഹരമാണ്. സ്ഥലംമാറ്റങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്കും കേരള പൊലീസ് ആക്ടിനും വിധേയമായി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുമാത്രമേ സ്ഥലംമാറ്റം നടത്താന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്മൂലത്തില്‍ പൊലീസിലെ മാഫിയാ ബന്ധങ്ങളും മറ്റും കുറയ്ക്കാനാണ് സ്ഥലംമാറ്റങ്ങള്‍ എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ , സ്ഥലംമാറ്റത്തിന് വിധേയരായവരുടെ പേരിലൊന്നും അത്തരം പരാതികളോ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല എന്നതുകൊണ്ട് അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും സത്യസന്ധരും കഴിവുള്ളവരുമായ ഉദ്യോഗസ്ഥരുള്ള സേനയാണ് കേരള പൊലീസ് എന്ന കാര്യം മറക്കരുതെന്നും ഓര്‍മിപ്പിക്കുകയാണ് കോടതി ചെയ്തത്. സ്ഥലം മാറ്റാനുള്ള അധികാരം ജില്ലാമേധാവികള്‍ ദുരുപയോഗിച്ചതിനെപ്പറ്റി കോട്ടയം ജില്ലയെ മുന്‍നിര്‍ത്തി ഹൈക്കോടതി നടത്തിയ പരാമര്‍ശം പ്രത്യേകം ശ്രദ്ധേയമാണ്.

2011 ജൂണ്‍ 22ന് ജില്ലയില്‍ ചുമതലയേറ്റ എസ്പി 23ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് പോവുകയും 24ന് പൊലീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് 25ന് കോട്ടയത്ത് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹം സ്ഥലത്തില്ലാതിരുന്ന 24 നാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയുടെ സാഹചര്യം മനസിലാക്കാന്‍കൂടി സമയം ലഭിക്കുന്നതിനുമുമ്പ് ഇത്രയും പേരെ സ്ഥലംമാറ്റിയത് ആശ്ചര്യം ഉളവാക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. നഗരസഭകളില്‍ കൊല്ലത്തുനിന്ന് തൃക്കാക്കരയിലേക്ക് സ്ഥലം മാറ്റിയ സുരേഷ് കൃഷ്ണന്‍ ക്യാന്‍സര്‍ ബാധിച്ച് കാല്‍ മുറിച്ചുമാറ്റിയ ആളാണ്. രണ്ട് കാലിനും സ്വാധീനമില്ലാത്ത കായംകുളം സ്വദേശി വിജയനെ തിരുവനന്തപുരത്തേക്കാണ് മാറ്റിയത്. എന്നാല്‍ , കൈക്കൂലിക്കേസില്‍ വിജിലന്‍സ് കൈയോടെ പിടികൂടിയ അനില്‍കുമാറിനെ ജില്ലയില്‍ നിയമിക്കരുത് എന്ന ഉത്തരവ് ലംഘിച്ചുകൊണ്ട് തിരുവനന്തപുരത്തു തന്നെ നിയമിച്ചു. തലശ്ശേരിയില്‍ ഒരു മാസംമുമ്പ് നിയമനം ലഭിച്ച കെഎംസിഎസ്യു സംസ്ഥാന സെക്രട്ടറി പ്രസാദിനെ കുന്നംകുളത്തേക്കാണ് മാറ്റിയത്. ജില്ല വിട്ട് സ്ഥലംമാറ്റത്തിന് ചട്ടമില്ലാത്ത സഹകരണവകുപ്പില്‍ 63 പേരെയാണ് മറ്റ് ജില്ലകളിലേക്ക് മാറ്റിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ പട്ടികജാതിക്കാരിയായ ബിന്ദുവിനെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ഥലം മാറ്റി. സംസ്ഥാന പ്ലാനിങ് ബോര്‍ഡില്‍നിന്ന് എസ് സുധിയെ പത്തനംതിട്ടയിലേക്കും ഇടുക്കിയില്‍നിന്ന് ആര്‍ ജയകൃഷ്ണനെ തിരുവനന്തപുരത്തേക്കും മാറ്റിക്കൊണ്ട് പ്രതികാരം തീര്‍ത്തു. എപ്പിലെപ്സി രോഗിയായ സെയില്‍ടാക്സ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിനെ പാലക്കാട്ടു നിന്ന് വയനാട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന്റെ ഭഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറി പോയവരില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെമാത്രമേ പഴയ സ്ഥലത്ത് നിയമിക്കുന്നുള്ളൂ. ഇങ്ങനെ ഒരു വകുപ്പും ഒഴിവാക്കാതെയുള്ള സ്ഥലംമാറ്റമാണ് നടക്കുന്നത്. കോണ്‍ഗ്രസ് യൂണിയന്‍ നിര്‍ദേശമനുസരിച്ച് പ്രവൃത്തിക്കാത്ത വകുപ്പ് തലവന്‍മാരെവരെ സ്ഥലംമാറ്റുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസുകളിലും സ്ഥലംമാറ്റത്തിന് മാത്രമായി ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലംമാറ്റങ്ങളുടെ ക്വട്ടേഷനെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘംതന്നെ രൂപപ്പെട്ടിരിക്കുന്നു. സ്ഥലംമാറ്റങ്ങളിലൂടെയും, സ്ഥലംമാറ്റഭഭീഷണിയിലൂടെയും ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം സ്വന്തമാക്കുന്നത്. ഇത്ര ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുമ്പ് ഒരു സര്‍ക്കാരും ദ്രോഹിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സംരക്ഷകനാകേണ്ട മുഖ്യമന്ത്രി കോണ്‍ഗ്രസ് സര്‍വീസ് സംഘടനകളുടെ വക്താവിനെപ്പോലെയാണ് നിയമസഭയില്‍ സംസാരിച്ചത്. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കാം എന്ന വ്യാമോഹമാണിത്. പ്രബുദ്ധ കേരളം ഇത് അനുവദിക്കുകയില്ല.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 180711

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ, സര്‍വീസ് സംഘടന അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് അനുഭാവികളെ മര്‍മപ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുന്നതിന് നടത്തിയ കൂട്ട സ്ഥലംമാറ്റം വന്‍വിമര്‍ശത്തിനാണ് ഇടയാക്കിയത്. അഴിമതി നടത്താനും ഭഭരണതലത്തില്‍ ക്രമവിരുദ്ധ നടപടികള്‍ സ്വീകരിപ്പിക്കുന്നതിനും വേണ്ടിയാണ് ആജ്ഞാനുവര്‍ത്തികളെ പ്രധാനവകുപ്പുകളില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. അധികാരത്തില്‍ വന്ന് രണ്ടു മാസംകൊണ്ട് ഇത്രയേറെ സ്ഥലംമാറ്റങ്ങള്‍ നടത്തിയ സര്‍ക്കാര്‍ മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. "അതിവേഗം ബഹുദൂര" സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥന്മാരെ കൂട്ടസ്ഥലംമാറ്റം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു.

    ReplyDelete