Monday, July 18, 2011

കുറഞ്ഞ വേതനം; ഗസ്റ്റ് അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

കണ്ണൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട്  ഗസ്റ്റ് അധ്യാപകര്‍ ഇന്നു മുതല്‍  മൂന്ന് ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും.  ഗസ്റ്റ് അധ്യാപകരുടെ പണിമുടക്ക് സമരം സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി മേഖലകളിലെ പഠനത്തെ സാരമായി ബാധിക്കും.

നിലവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് സ്വീപ്പര്‍മാരെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സ്‌കെയിലനുസരിച്ച് സ്വീപ്പര്‍ക്ക് 350 രൂപക്ക് മേല്‍ പ്രതിദിന വേതനം ലഭിക്കുമ്പോള്‍ ജൂനിയര്‍ ഗസ്റ്റ് ലക്ചറര്‍ക്ക് 250 രൂപയും സീനിയര്‍ ഗസ്റ്റ് ലക്ചറര്‍ക്ക് 300 രൂപയുമാണ് ദിവസവേതനം. ജോലി ചെയ്യുന്ന ദിവസം മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂവെന്നതിനാല്‍ കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് മാസത്തില്‍ ലഭിക്കുന്നത്. അതേസമയം സ്ഥിരം അധ്യാപകര്‍ക്ക് ആനുകൂല്യങ്ങളുള്‍പ്പെടെ പ്രതിമാസം മുപ്പതിനായിരം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ട്.

പ്ലസ് വണ്‍, പ്ലസ്  ടു ക്ലാസുകളിലായി ആഴ്ചയില്‍ ആറു ദിവസവും സീനിയര്‍ ലക്ചറര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഇതു കാരണം ഒരു സ്‌കൂളില്‍ മാത്രമേ പഠിപ്പിക്കാന്‍ സാധിക്കൂവെന്നും എന്നാല്‍ ഇതിനനുസരിച്ച വേതനം ലഭിക്കുന്നില്ലെന്നും ഗസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ജൂനിയര്‍ ലക്ചറര്‍മാര്‍ ആഴ്ചയില്‍ മൂന്നു ദിവസം ജോലി ചെയ്യണം.  ആറു ദിവസത്തെ ജോലി മൂന്നു ദിവസം  കൊണ്ടു ചെയ്യേണ്ടി വരികയാണെന്നും പരാതിയുണ്ട്.

വേതനക്കുറവും ജോലിക്കൂടുതലും കാരണം ഗസ്റ്റ് അധ്യാപകരായി ആളെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. കൂടിക്കാഴ്ചയും മറ്റും നടത്തിയാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതെങ്കിലും പലരും ഇടക്കുവെച്ച് അധ്യാപനം മതിയാക്കുകയാണ്. ഗവ.ഹൈസ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ജോലി ചെയ്യു ന്ന അധ്യാപകരില്‍ ഭൂരിപക്ഷവും ഗസ്റ്റ് അധ്യാപകരാണ്. പേരില്‍ ഗസ്റ്റാണെങ്കിലും ഒരു തരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വകുപ്പുകളിലെയും ദിവസവേതനക്കാര്‍ക്ക് 50 ശതമാനം വര്‍ധന നടപ്പാക്കിയെങ്കിലും വിദ്യാഭ്യാസവകുപ്പില്‍ ഇതു നടപ്പാക്കിയിട്ടില്ലെന്നും വേതനം വര്‍ധിപ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരവുമായി മുന്നോട്ടു പോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
(ഷിജിത്ത് കാട്ടൂര്‍)

janayugom 180711

1 comment:

  1. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഗസ്റ്റ് അധ്യാപകര്‍ ഇന്നു മുതല്‍ മൂന്ന് ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും. ഗസ്റ്റ് അധ്യാപകരുടെ പണിമുടക്ക് സമരം സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി മേഖലകളിലെ പഠനത്തെ സാരമായി ബാധിക്കും

    ReplyDelete