Monday, July 18, 2011

മര്‍ഡോക്കിന്റെ മാധ്യമ മേധാവിത്വത്തിന് തടയിടാന്‍ നിയമം വേണമെന്ന് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: മാധ്യമങ്ങളുടെ കുത്തക റുപ്പര്‍ട്ട് മര്‍ഡോക്കില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ബ്രിട്ടനില്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മര്‍ഡോക്ക് ഒരു സമ്മര്‍ദ്ദശക്തിയായി നിലകൊളളുന്നത്  രാജ്യത്ത് ഇനിയും അപകടകരമായ സ്ഥിതി വിശേഷങ്ങളുണ്ടാകാതിരിക്കാന്‍ ഇത് അനിവാര്യമാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ രീതിയില്‍ തന്നില്‍ കേന്ദ്രീകരിച്ച മാധ്യമാധികാരത്തെ മര്‍ഡോക്ക് ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള ന്യൂസ് ഓഫ് ദി വേള്‍ഡ് ദിനപത്രം കഴിഞ്ഞയാഴ്ച  പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് ക്ഷമാപണത്തിന്റെ രീതിയില്‍ ദേശീയ ദിനപത്രങ്ങളില്‍ മര്‍ഡോക്കിന്റെ കമ്പനിയായ ന്യൂസ് ഇന്റര്‍നാഷണല്‍ പരസ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ലേബര്‍ പാര്‍ട്ടി ശക്തമായ നിലപാടുമായി മുന്നോട്ട് വന്നത്.

ദി സണ്‍, ദി ടൈംസ്, ദി സണ്‍ഡെ ടൈംസ് എന്നിവയ്ക്കു പുറമേ പേ ടി വി സംപ്രേഷണത്തിനുളള ബി സ്‌കൈ ബി സാറ്റലൈറ്റില്‍ 39 ശതമാനം പങ്കാളിത്തവും മര്‍ഡോക്കിന്റെ കമ്പനിക്കുണ്ട്. ബി സ്‌കൈ ബി യുടെ സമ്പൂര്‍ണ അവകാശം നേടിയെടുക്കുന്നതിനുളള ലേലനടപടികള്‍ ആരംഭിക്കുന്നതിനിടയിലാണ് ന്യൂസ് ഓഫ് ദി വേള്‍ഡ് വിവാദം രാജ്യത്തെ പിടിച്ചു കുലുക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ മര്‍ഡോക്കിന് കരാര്‍ നേടിയെടുക്കാനുളള ശ്രമത്തില്‍ നിന്ന് പിന്‍തിരിയേണ്ടിവന്നു.

ബ്രിട്ടനില്‍ ഒരു വ്യക്തിക്ക് പത്രമാധ്യമരംഗത്തോ ദൃശ്യമാധ്യമരംഗത്തോ സാറ്റലൈറ്റ് സംപ്രേഷണരംഗത്തോ കൈവശം വയ്ക്കാവുന്ന ഓഹരികള്‍ 20 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് നിരീക്ഷണവിധേയമാക്കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന അനാരോഗ്യകരമായ പ്രവണതയ്ക്ക് അറുതി വരുത്തേണ്ടതാണ്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് മാധ്യമ ധര്‍മ്മങ്ങള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്നും ലേബര്‍ പാര്‍ട്ടി നേതാവ് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു.

മര്‍ഡോക്കിന്റെ ബ്രീട്ടീഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ അറസ്റ്റ് ചെയ്തു

ലണ്ടന്‍: മാധ്യമ ഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രീട്ടീഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന റബേക്ക ബ്രൂക്ക്‌സിനെ പൊലീസ് അറസ്റ്റു ചെയ്തു. അച്ചടി അവസാനിപ്പിച്ച ന്യൂസ് ഓഫ് ദ വേള്‍ഡിനുവേണ്ടി ഫോണ്‍ ചോര്‍ത്തിയതിനെ കുറിച്ച് അന്വേഷണം നടത്തുന്ന ബ്രിട്ടീഷ് പൊലീസാണ് അവരെ ഇന്നലെ അറസ്റ്റു ചെയ്തത്.

ബ്രൂക്ക്‌സിനെ ഉച്ചയോടെ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അറസ്റ്റു ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്താവിനിമയം തടസപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതിനും ഫോണ്‍ ചോര്‍ത്തല്‍, അഴിമതി, വിവരങ്ങള്‍ക്കായി പൊലീസിന് കോഴ നല്‍കി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ അവരെ ചോദ്യം ചെയ്യും.

കേസെടുത്തെങ്കിലും ലണ്ടന്‍ പൊലീസ് ഇതുവരെ പ്രതികളെ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്ററായിരുന്ന ബ്രൂക്ക്‌സാണ് പ്രതിയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂസ് ഓഫ് ദ വേള്‍ഡുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് മാധ്യമ സാമ്രാജ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.  രാഷ്ട്രീയ നേതാക്കള്‍, എതിര്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവരെ കൂടാതെ നൂറുകണക്കിന് ആളുകളാണ് പത്രത്തിന്റെ ഫോണ്‍ ചോര്‍ത്തലിന് ഇരയായത്.

പത്രത്തിന്റെ ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് അന്വേഷണം നടത്തുന്ന പാര്‍ലമെന്ററി കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതിന് സന്നദ്ധത അറിയിച്ച് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ബ്രൂക്ക്‌സിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. മര്‍ഡോക്കും മകനുംതെളിവുകള്‍ നല്‍കേണ്ടിവരും.

2000 മുതല്‍ 2003 വരെയായിരുന്നു പത്രത്തിന്റെ എഡിറ്ററായി ബ്രൂക്ക്‌സ് പ്രവര്‍ത്തിച്ചത്. ഈ സമയത്താണ് ചില ഫോണ്‍ ചോര്‍ത്തലുകള്‍ നടന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയിരുന്നതിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ധാരാളംപേര്‍ ജോലിചെയ്തിരുന്നതിനാല്‍ അക്കാര്യത്തില്‍ സംശയമുണ്ടെന്നുമാണ് ബ്രൂക്ക്‌സ് പറഞ്ഞിരുന്നത്. 2003ല്‍ എം പിമാര്‍ക്കു മുന്നില്‍ ഹാജരായ അവര്‍ വിവരങ്ങള്‍ക്കായി പൊലീസുകാര്‍ക്ക് ന്യൂസ് ഇന്റര്‍നാഷണല്‍ പണം നല്‍കിയിരുന്നതായി സമ്മതിച്ചിരുന്നു.

2007ല്‍ അഴിമതിയെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ ജയിലിലായ പശ്ചാത്തലത്തില്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും രാജിവച്ചെത്തിയ ആന്‍ഡി കോള്‍സണെ തന്റെ വാര്‍ത്താ വിനിമയ വിഭാഗം മേധാവിയായി നിയമിച്ചതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇപ്പോള്‍തന്നെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.

ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ ക്ഷമചോദിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യം നല്‍കിയ മര്‍ഡോക്ക് ഇന്നലെ മറ്റൊരു പരസ്യവും നല്‍കിയിരുന്നു. ബ്രിട്ടണിലെ പ്രധാനപ്പെട്ട ഞായറാഴ്ച പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചും പൊലീസുകാര്‍ക്ക് കോഴ നല്‍കിയതിനെ കുറിച്ചുമുള്ള അന്വേഷണത്തിന് സഹായം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. കാമറൂണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാരും ലണ്ടന്‍ പൊലീസും മാധ്യമ ഭീമനുമായുള്ള ബന്ധത്തിന്റെപേരില്‍ നിരവധി ചോദ്യങ്ങളെയാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. 2010 മെയില്‍ തിരഞ്ഞെടുക്കപ്പെട്ടശേഷം മര്‍ഡോക്കിന്റെ എക്‌സിക്യൂട്ടീവുമായി കാമറോണ്‍ 126 തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

janayugom 180711

ബ്രിട്ടീഷ് സര്‍ക്കാരും പ്രതിക്കൂട്ടില്‍

ലണ്ടന്‍ : മര്‍ഡോക് പത്രത്തിന്റെ ഫോണ്‍ ഹാക്കിങ് വിവാദത്തില്‍ ബ്രിട്ടനിലെ രാഷ്ട്രീയക്കാരും സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ റുപര്‍ട് മര്‍ഡോക്കും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ഒരുവര്‍ഷത്തിനിടെ മര്‍ഡോക്കിന്റെ മാധ്യമസ്ഥാപനത്തിലെ ഉന്നതരുമായി 26 തവണ കൂടിക്കാഴ്ച നടത്തിയതായി തെളിഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം രാജിവച്ച ന്യൂസ് ഇന്റര്‍നാഷണല്‍ മേധാവി റെബേക്ക ബ്രൂക്സിനെ കേസ് അന്വേഷിക്കുന്ന സ്കോട്ട്ലാന്‍ഡ് യാര്‍ഡ് സംഘം ഫോണ്‍ ഹാക്കിങ്, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. ഫോണ്‍ ഹാക്കിങ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പത്താം അറസ്റ്റാണിത്.

അടച്ചുപൂട്ടിയ മര്‍ഡോക് പ്രസിദ്ധീകരണമായ ന്യൂസ് ഓഫ് ദ് വേള്‍ഡിന്റെ സീനിയര്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സണുമായി കാമറോണിനുണ്ടായിരുന്ന അടുത്തബന്ധം നേരത്തെ വിവാദമായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ചകളുടെ വിവരംകൂടി പുറത്തുവന്നത്. മര്‍ഡോക്കിന്റെ മകനും ന്യൂസ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ ജെയിംസ് മര്‍ഡോക്, റെബേക്ക ബ്രൂക്സ് എന്നിവരുമായെല്ലാം കാമറോണ്‍ ചര്‍ച്ച നടത്തി. കാമറോണ്‍ അധികാരമേറ്റ ഉടനായിരുന്നു ഈ കൂടിക്കാഴ്ചകള്‍ . പ്രധാനമന്ത്രി നടത്തിയ പരിപാടികളുടെ ചടങ്ങുകളെക്കുറിച്ച് പുറത്തുവിട്ട രേഖകളിലാണ് മര്‍ഡോക് സംഘത്തിന്റെ സന്ദര്‍ശനവിവരം ഉള്ളത്. കഴിഞ്ഞവര്‍ഷം ജൂണ്‍ , ആഗസ്ത് മാസങ്ങളില്‍ ഔദ്യോഗികവസതിയില്‍ എത്തിയാണ് റെബേക്ക കാമറോണിനെ കണ്ടത്. ജെയിംസ് നവംബറിലും. ആദ്യം കാണാതാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത മില്ലി ഡൗളര്‍ എന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ വോയിസ് മെയില്‍ ഹാക്ക് ചെയ്ത ന്യൂസ് ഓഫ് ദ് വേള്‍ഡ് ചില വോയിസ് മെയിലുകള്‍ മായ്ക്കുകയും ചെയ്തു. ഈ ഫോണിലേക്കു വിളിക്കുന്നവര്‍ക്ക് വോയ്സ് മെയില്‍ നിറഞ്ഞിരിക്കുകയാണെന്ന സന്ദേശം ലഭിക്കാന്‍ ഇതിടയാക്കി. ഇതോടെ, കുടുംബാംഗങ്ങള്‍ക്ക് കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയും ഉണ്ടായി. ഫോണ്‍ ചോര്‍ത്താന്‍ ന്യൂസ് ഫാഫ് ദ് വേള്‍ഡ് പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയതായി മുന്‍ ലേഖകന്‍ സീന്‍ ഹോറെ വെളിപ്പെടുത്തി.

ഇതിനിടെ, ബ്രിട്ടനിലെ മാധ്യമനയം തിരുത്തണമെന്ന ആവശ്യം ശക്തമായി. പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡ്, ഉപപ്രധാനമന്ത്രി നിക്ക് ക്ലഗ് എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. മാധ്യമങ്ങള്‍ കുത്തകകളുടെ കൈയില്‍ എത്തുന്നത് തടയാന്‍ ഇതു മാത്രമാണ് പോംവഴിയെന്ന് ഇരുവരും പറഞ്ഞു. വിവാദത്തില്‍നിന്നു തലയൂരാനുള്ള നീക്കത്തിന്റെ ഭാഗമായി ന്യൂസ് ഇന്റര്‍നാഷണല്‍ ഞായറാഴ്ചയും ബ്രിട്ടീഷ് മാധ്യമങ്ങളില്‍ പരസ്യം നല്‍കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഹാക്കിങ്ങിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

deshabhimani 180711

1 comment:

  1. മാധ്യമങ്ങളുടെ കുത്തക റുപ്പര്‍ട്ട് മര്‍ഡോക്കില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ബ്രിട്ടനില്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മര്‍ഡോക്ക് ഒരു സമ്മര്‍ദ്ദശക്തിയായി നിലകൊളളുന്നത് രാജ്യത്ത് ഇനിയും അപകടകരമായ സ്ഥിതി വിശേഷങ്ങളുണ്ടാകാതിരിക്കാന്‍ ഇത് അനിവാര്യമാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ രീതിയില്‍ തന്നില്‍ കേന്ദ്രീകരിച്ച മാധ്യമാധികാരത്തെ മര്‍ഡോക്ക് ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    ReplyDelete